
കാസർഗോഡ്: പാൽ കേടാകാതിരിക്കാനുള്ള രാസവസ്തു മിൽമ പാലിൽ ചേർക്കുന്നുണ്ടെന്ന് പരാതിപ്പെട്ടയാൾക്ക് മറുപടിയുമായി മിൽമ. പാൽ കേടായി പോവാതിരിക്കാനുള്ള ചെമിക്കൽ മിൽമ പാലിൽ ചേർക്കുന്നുണ്ടെന്ന ആക്ഷേപവുമായാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പാല് കേടാകാതിരിക്കാന്‍ രാസവസ്തുക്കളായ ഹൈഡ്രജന്‍ പെറോക്സൈഡും കാസ്റ്റിക് സോഡയും ചേര്‍ക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഇയാള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് മില്‍മ അധികൃതരോട് വിശദീകരണം തേടി.
പാല് കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ മറുപടി നല്കി. മില്‍മ പാല് സംഭരിക്കുന്ന കാനുകള്‍ വൃത്തിയാക്കുന്നതിനായി വീര്യം കുറഞ്ഞ ഹൈഡ്രജന്‍ പെറോക്സൈഡും കാസ്റ്റിക് സോഡയും ഉപയോഗിക്കാറുണ്ട്. ഇത് പാലില്‍ ഉപയോഗിക്കാറില്ല. രാസവസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകിയിട്ടാണ് കാനുകളില്‍ വീണ്ടും പാല് സംഭരിക്കുന്നതെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്കി. ഹൈഡ്രോജന്‍ പെറോക്സൈഡ് എന്ന രാസവസ്തു അണുനാശിനിയാണ്. സോഡിയം കാര്‍ബണേറ്റ്, ബൈ കാര്‍ബണേറ്റ് എന്നിവ കാനിലെ അണുക്കളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കാനില്‍ നിന്ന് ശേഖരിച്ച പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെയോ മറ്റ് രാസവസ്തുക്കളുടെയോ സാന്നിധ്യമില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്കി. ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസ് തീര്‍പ്പാക്കി.