Trending

കനയ്യയുടെ പേരിലും കോൺ​ഗ്രസിൽ കലാപക്കൊടി; സിപിഐ വിട്ടു വന്ന നേതാവ് പ്രതീക്ഷിച്ച പദവികൾ കിട്ടാനിടയില്ല; ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്ന് തുറന്നടിച്ച് കബിൽ സിബൽ; ബീഹാർ മുഖ്യനാകാൻ മറുകണ്ടം ചാടിയ കനയ്യക്ക് കിട്ടിയത് എട്ടിന്റെ പണിയോ?

ന്യൂഡൽഹി: കനയ്യയുടെ പേരിലും കോൺ​ഗ്രസിൽ കലാപം. ഇന്നലെ കോൺഗ്രസിൽ അംഗത്വമെടുത്ത കനയ്യ കുമാറിന്റെ പദവിയുമായി ബന്ധപ്പെട്ട് പാർ‌ട്ടിക്കുള്ളിൽ അനിശ്ചിതത്വം തുടരുകയാണ്. സിപിഐ വിട്ടുവന്ന നേതാവിനെ ദേശീയ വക്താവാക്കാൻ കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുമ്പോൾ കനയ്യ ആവശ്യപ്പെടുന്നത് ബീഹാറിന്റെ ചുമതലയാണ്. ബീഹാർ പിസിസി അധ്യക്ഷൻോ വർക്കിം​ഗ് പ്രസിഡന്റോ ആയി തന്നെ നിയോ​ഗിക്കണം എന്നാണ് കനയ്യ കുമാർ ആവശ്യപ്പെടുന്നത്. അതിനിടെ കോൺ​ഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാക്കളും രം​ഗത്തെത്തി.

ബിജെപിയുടെ എതിർപ്പ് നേരിടുന്ന കനയ്യയെ ദേശീയ വക്താവാക്കുന്നതിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ കനത്ത എതിർപ്പ് പ്രകടിപ്പിച്ചു. ഉടൻ വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിൽ കനയ്യ വലിയൊരു തിരിച്ചടി ആകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കനയ്യയെ രാജ്യം മുഴുവൻ പ്രചാരണത്തിന് ഉപയോഗിക്കണമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുമ്പോൾ ബീഹാർ പിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനമാണ് കനയ്യ ആവശ്യപ്പെടുന്നത്. ബീഹാറിൽ കേന്ദ്രീകരിച്ച പ്രവർത്തിക്കണം എന്നതാണ് കനയ്യ മുന്നോട്ട് വെച്ചത്. ഇതിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾ എതിർപ്പുമായി മുന്നോട്ട് വന്നു.

അതെ സമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി മുതിർന്ന നേതാവ്‌ കപിൽ സിബൽ രംഗത്തെത്തി. കോൺഗ്രസ് നാഥനില്ലാക്കളരിയായി. പാർട്ടിക്ക് ഇപ്പോൾ ഒരു അധ്യക്ഷനില്ല. ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല. വിശ്വസ്‌തരെന്ന്‌ കരുതുന്നവർ പാർട്ടിവിട്ട്‌ പോകുകയാണെന്ന്‌ കപിൽ സിബൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സംഘടനാതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ല. ശത്രുക്കളായി കണ്ടവർ ഇപ്പോഴും പാർട്ടിയിലുണ്ടെന്നും കപിൽ സിബൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്മാരെ ഹൈക്കമാൻഡ് തീരുമാനിക്കുന്നത് ശരിയല്ല. വി എം സുധീരന്റെ രാജി അടക്കം ചൂണ്ടിക്കാട്ടിയാണ് കപിൽ സിബലിന്റെ വിമർശനം. മഹത്തായ ചരിത്രമുള്ള ഒരു പാർട്ടിയുടെ ഭാഗമാണ് ഞാൻ. ഇപ്പോഴത്തെ അവസ്ഥ കണ്ടുകൊണ്ടിരിക്കാൻ മാത്രം സാധിക്കുന്നതല്ല – കപിൽ സിബൽ പറഞ്ഞു.

പാർട്ടി ഈ നിലയിലെത്തിയതിൽ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോൾ പാർട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാർട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വിഎം സുധീരൻ പാർട്ടി പദവികൾ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവർത്തകസമിതി ചേരണം. പാർട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോൺഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചർച്ച പാർട്ടിയിൽ വേണമെന്നും കപിൽ സിബൽ പറഞ്ഞു. കഴിഞ്ഞ വർഷം പാർട്ടിയിൽ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബൽ അടക്കമുള്ള ജി-23 നേതാക്കൾ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാർത്താസമ്മേളനം വിളിച്ച് താൻ പങ്കുവെക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.

അതിനിടെ, പഞ്ചാബിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്. തുടർന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ അമരീന്ദർ സിങ് പരസ്യമായി രംഗത്തെത്തി. അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അമരീന്ദർ സിങ്ങിന്റെ രാജിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനം സിദ്ദുവും രാജിവെച്ചു. തന്റെ താൽപര്യങ്ങൾ മന്ത്രിസഭയിൽ നടക്കാത്തതിനെ തുടർന്നാണ് സിദ്ദു രാജിവെച്ചതെന്നും അഭ്യൂഹമുയർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close