Breaking NewsKERALANEWSTop News

ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാന്‍ മടിയില്ല; രമേശ് ചെന്നിത്തലക്ക് താക്കീതുമായി കെ സുധാകരൻ അനുകൂലികൾ; ചെന്നിത്തലയും മകനും മാപ്പ് പറഞ്ഞ് രാജിവെച്ച് പുറത്തു പോകണമെന്നും ആവശ്യം

ആര്‍സി ബ്രിഗേഡിന് മറുപടിയുമായി കെ സുധാകരന്റെ സൈബർ ടീം രം​ഗത്ത്. രമേശ് ചെന്നിത്തലയ്ക്കും മകനുമെതിരെ രൂക്ഷവിമര്‍ശനവുമായാണ് കെ സുധാകരന്‍ അനുകൂലികളായ സൈബര്‍ ​ഗ്രൂപ്പ് രം​ഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയും മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോകണമെന്നാണ് കെ സുധാകരൻ അനുകൂലികൾ ആവശ്യപ്പെടുന്നത്. പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് സൈബര്‍ ടീം ഓഫീഷ്യല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ചെന്നിത്തലയെ വിമർശിക്കുന്ന പോസ്റ്റ്.

ചര്‍ച്ചയായ പോസ്റ്റില്‍ പറയുന്നത്: ”പ്രിയ ചെന്നിത്തല സാറും മകന്‍ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോവേണ്ടതാണ്. നിങ്ങള്‍ ശവമടക്ക് നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനര്‍ജനച്ചു വരുമ്പോള്‍ നിങ്ങള്‍ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്. പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാന്‍ താങ്ങാവേണ്ട നിങ്ങള്‍ എന്താണ് കാണിച്ചു കൂട്ടുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനാതീതമായി പ്രതിഷേധം തീര്‍ക്കണം, രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നു എന്ന് വരുത്തണം. എന്നൊക്കെയുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ. ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവച്ചു പുറത്തു പോവുക. ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാന്‍ മടിയില്ലാത്ത കോണ്‍ഗ്രസിനെ നെഞ്ചോട് ചേര്‍ക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിര്‍ത്തിക്കോ. ”

വിവാ​ദ ചാറ്റുകൾ പുറത്തു വന്നതോടെ ആർസി ബ്രി​ഗേഡിനെ തള്ളി രമേശ് ചെന്നിത്തല രം​ഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
ഇപ്പോൾ നടക്കുന്നത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. ആർ സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയ്ക്കോ അദ്ദേഹത്തിൻ്റെ ഓഫീസിനോ യാതൊരു ബന്ധവുമില്ല എന്നും അറിയിപ്പിൽ പറയുന്നു.

ഡിസിസി പുനഃസംഘടനുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ പോര് പുതിയ തലങ്ങളിലേക്ക് എത്തിയതോടെയാണ് ആർ സി ബ്രി​ഗേഡും വിവാദങ്ങളിൽ ഇടംപിടിച്ചത്. കെ സി വേണുഗോപാലിനും വിഡി സതീശനും എതിരെ പരസ്യപ്രസ്താവനയുമായാണ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ആർസി ബ്രിഗേഡ് രം​ഗത്തെത്തിയത്. ബ്രിഗേഡിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇരുവർക്കുമെതിരെ പടയൊരുക്കത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തു വന്നാൽ ഉടൻ പ്രശ്നമുണ്ടാക്കണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചാരണം കടുപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

‘ഡിസിസി പ്രസിഡന്റ് ആകാൻ നിന്ന നേതാക്കളുടെ ഫാൻസുകാരെ ഇളക്കിവിടണമെന്നും’ വാട്സ് ആപ്പ് ചാറ്റിൽ ആഹ്വാനം നൽകുന്നു. ‘പറ്റുമെങ്കിൽ ഉമ്മൻ ചാണ്ടി സാറിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ഒന്നു കമ്യൂണിക്കേറ്റ് ചെയ്തിട്ട് ജോയിന്റ് അറ്റാക്ക് തിരിച്ചു നൽകണമെന്നും’ എന്നുമാണ് ചാറ്റിൽ പറയുന്നത്.

ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയെച്ചൊല്ലി കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പോസ്റ്റർ പ്രതിഷേധം അരങ്ങേറിയിരുന്നു. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കെതിരെയും, കൊല്ലത്തുകൊടിക്കുന്നിൽ സുരേഷിനും തിരുവനന്തപുരത്ത് ശശി തരൂർ എംപിക്കെതിരെയുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

പ്രബല ഗ്രൂപ്പുകളെ പിണക്കിക്കൊണ്ട് ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചാൽ നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളിലെ നേതാക്കൾക്കിടയിലെ ധാരണ. ഡൽഹി ചർച്ചകൾക്ക് നേതൃത്വം നൽകിയത് വി ഡി സതീശനാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചത് കെ സി വേണുഗോപാൽ ആണെന്നും ഗ്രൂപ്പുകൾ കണക്കുകൂട്ടുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശനും വേണുഗോപാലിനും എതിരെ പ്രചാരണം കടുപ്പിക്കാൻ ഗ്രൂപ്പുകൾ തീരുമാനിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാൻഡ് പുറത്തുവിടുമെന്നാണ് സൂചന. ഹൈക്കമാൻഡുമായി അന്തിമവട്ട ചർച്ചകൾക്കായി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡൽഹിയിലേക്ക് പോയിട്ടുണ്ട്.

ഡിസിസി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെ സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തിൽ ചില ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാദം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിൽ കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്റ് നിലപാട്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്റ് നിർദ്ദേശിച്ചു.എന്നാൽ, ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്റിന് കൈമാറിയതിന് പിന്നാലെ പ്രതിഷേധവുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്ന് ഹൈക്കമാന്റിനെ നേതാക്കൾ പരാതി അറിയിച്ചു.

ഡിസിസി ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള സുധാകരന്റെയും സതീശന്റെയും നീക്കത്തോട് സഹകരിക്കില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിനെ അറിയിച്ചത്. കൂടിയാലോചന നടത്താതെ പ്രത്യേക ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമർശനവും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close