KERALANEWS

കോൺ​ഗ്രസ് ജില്ലാ അധ്യക്ഷൻമാരുടെ പേരിൽ സമവായമുണ്ടായെന്ന് സൂചന; അന്തിമ പട്ടിക കൈമാറിയെന്ന് സുധാകരൻ

ന്യൂഡൽഹി∙ ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഹൈക്കമാൻഡിന് കൈമാറി. എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയെന്ന് സുധാകരൻ പറഞ്ഞു. പട്ടിക സംബന്ധിച്ചു ചർച്ച വ്യാഴാഴ്ചയും തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു.

കെ.സുധാകരൻ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ഒമ്പത് ഡിസിസികളിൽ ഒറ്റപ്പേരിലേക്ക് എത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലായിരുന്നു തർക്കം. തിരുവനന്തപുരത്ത് എംപിമാരുടെ നോമിനിയായി ജി.എസ്.ബാബുവും കെപിസിസി പിന്തുണയുള്ള കെ.എസ്.ശബരിനാഥനുമാണു സാധ്യതാപട്ടികയിലുണ്ടായിരുന്നത്.

കൊല്ലത്ത് പ്രായം തടസമാകുമ്പോഴും രാജേന്ദ്ര പ്രസാദിന് തന്നെയാണ് സാധ്യത. രാജേന്ദ്രപ്രസാദിനെ തള്ളിയാൽ എം.എം.നസീറിന് നറുക്ക് വീഴും. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്തൻ ബാബു പ്രസാദിനാണ് മേൽക്കൈ. പാലക്കാട് എ.വി.ഗോപിനാഥിന് വേണ്ടി അവസാനനിമിഷവും കെ.സുധാകരൻ വാദം തുടരുകയാണെന്നാണ് സൂചന. എ.തങ്കപ്പനു വേണ്ടി കെ.സി.വേണുഗോപാലും വി.ടി. ബൽറാമിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുണ്ട്.

എ ഗ്രൂപ്പ് ശക്തമായ എതിർപ്പുന്നയിക്കുന്നുണ്ടെങ്കിലും കോഴിക്കോട് കെ.മുരളീധരൻ എംപിയുടെ നോമിനിയായ പ്രവീൺകുമാറിന് സാധ്യതയേറി. സമ്മർദങ്ങൾക്ക് കീഴ്പ്പെടാതെ പട്ടിക പുറത്തിറക്കുമെന്ന് വി.ഡി സതീശൻ ആവർത്തിച്ചു. മലപ്പുറത്ത് വി.എസ് ജോയിയുടെ പേരിന് മുൻതൂക്കമെന്ന വാർത്ത പുറത്തുവന്നതോടെ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തുവന്നു. വി.എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close