Breaking NewsKERALANEWSTop News

കെ മുരളീധരൻ പെണ്ണായി പിറന്നിരുന്നെങ്കിൽ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നു എന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ; പുത്രസ്നേഹം മൂത്ത കെ കരുണാകരനെ പിന്നിൽ നിന്നും കുത്തിയ രമേശ് ചെന്നിത്തല; അതേ മുരളിയുമൊത്ത് കോൺ​ഗ്രസിലെ ചിരവൈരികൾ ഒരുമിച്ച് മല കയറിയതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിറയുന്ന ചർച്ചകൾ ഇങ്ങനെ

പത്തനംതിട്ട: കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോ​ഗിക പക്ഷത്തിനെതിരെ പടയൊരുക്കം ശക്തമാകുന്നു എന്ന് റിപ്പോർട്ട്. ഒരുകാലത്ത് കോൺ​ഗ്രസിനുള്ളിലെ ബദ്ധവൈരികളായിരുന്ന രമേശ് ചെന്നിത്തലയും കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും ഒരുമിച്ച് കഴിഞ്ഞ ദിവസം ശബരിമലയിൽ സന്ദർശനം നടത്തിയതോടെയാണ് കെ സുധാകരനും വി ഡി സതീശനുമെതിരെ കോൺ​ഗ്രസിലെ പഴയ ശത്രുക്കൾ ഒരുമിക്കുന്നു എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിറയുന്നത്.

മുരളീധരന്റെ പേരിലായിരുന്നു കരുണാകരനും രമേശ് ചെന്നിത്തലയും തമ്മിൽ പിരിയുന്നത്. കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായിരുന്ന കെ കരുണാകരനെതിരെ തിരുത്തൽവാദി ​ഗ്രൂപ്പുണ്ടാക്കി വെല്ലുവിളിച്ച നേതാവായിരുന്നു രമേശ് ചെന്നിത്തല. കരുണാകരൻ മകൻ മുരളീധരനെ കോൺ​ഗ്രസിനുള്ളിൽ വളർത്തുന്നു എന്നതായിരുന്നു അന്നുവരെ കരുണാകരന്റെ നിഴലായി നിന്ന രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. തന്നെ പിന്നിൽ നിന്ന് കുത്തി എന്ന് കരുണാകരൻ പിന്നീട് പറഞ്ഞതും രമേശ് ചെന്നിത്തലയെ കുറിച്ചായിരുന്നു എന്നാണ് കരുണാകരന്റെ അനുയായികൾ പറയുന്നത്. കെ കരുണാകരൻ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ അജയ്യനായി കളം നിറഞ്ഞനാളുകളിലാണ് കരുണാകരപക്ഷത്ത് നിന്ന് തിരുത്തൽവാദികളായി രമേശ് ചെന്നിത്തലയും ജി കാർത്തികേയനും എം ഐ ഷാനവാസും രംഗത്തെത്തിയത്.

ഇതിലും വലിയ വിദ്വേഷമാണ് രാജ്മോഹൻ ഉണ്ണിത്താനും കെ മുരളീധരനും തമ്മിലുള്ളത്. കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര് രൂക്ഷമായിരുന്ന സമയത്ത് ​ഗ്രൂപ്പ് യോ​ഗം ചേർന്ന രാജ്മോ​ഹൻ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും മുണ്ട് പരസ്യമായി വലിച്ചുരിഞ്ഞത് കെ മുരളീധരന്റെ അനുയായികളായിരുന്നു. ഇതിനെതിരെ ഇരുവരും കെപിസിസി ആസ്ഥാനത്ത് സത്യാ​ഗ്രഹമിരിക്കുകയും ചെയ്തിരുന്നു. മുരളീധരൻ ഒരു പെണ്ണായിരുന്നെങ്കിൽ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നു എന്ന രാജ്മോഹൻ ഉണ്ണിത്താന്റെ അന്നത്തെ പ്രസ്ഥാവന വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്.

2018ലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വിവാദ പരാമർശങ്ങൾ. കെ മുരളീധരൻ ആണായി പിറന്നത് കേരളത്തിൻറെ ഭാഗ്യമാണെന്നും മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിൻറെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ അന്ന് പറഞ്ഞു. മുരളിയെക്കുറിച്ച് പറയുകയാണെങ്കിൽ രണ്ടാമതൊരു കാമസൂത്രം തന്നെ രചിക്കേണ്ടി വരും. മുരളീധരൻ യുഡിഎഫിനെ അപമാനിച്ചു. കെ. കരുണാകരനെ അനുസ്മരിക്കാൻ 14 ജില്ലകളിലും നടന്ന പരിപാടികളിൽ മകനായ മുരളീധരനെ കണ്ടില്ലെന്ന ആരോപണം ഉയർത്തിയായിരുന്നു അന്ന് രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനം.

ബദ്ധവൈരികളായ മൂന്നുപേരും ഇപ്പോൾ ഒരുമിച്ചിരിക്കുന്നത് പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്ന പുതിയ ശാക്തിക ചേരിയെ പ്രതിരോധിക്കുന്നതിനാണെന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. കോൺ​ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും എ കെ ആന്റണിയും അടക്കമുള്ളവർ തങ്ങളുടെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇരുവരും ഹൈക്കമാൻഡിനെ കണ്ട് പുനസംഘടനാ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തങ്ങൾക്കൊപ്പം നിൽക്കുന്നവർ തഴയപ്പെടുന്നതോടെ രാഷ്ട്രീയരം​ഗത്ത് അപ്രസക്തരാകുമെന്ന ഭയമാണ് നേതാക്കളെ ഒരുമിച്ച് നിന്ന് ഔദ്യോ​ഗിക പക്ഷത്തിനെതിരെ വിലപേശാൻ പ്രേരിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close