Breaking NewsINDIANEWSTop News

മുതിർന്ന നേതാവിന്റെ വീട്ടിലേക്ക് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയത് പാർട്ടി വിടൂ എന്നാക്രോശിച്ച്; കപിൽ സിബലിന്റെ വാഹനവും പ്രവർത്തകർ തകർത്തു; എതിർ സ്വരങ്ങളെ അടിച്ചൊതുക്കി പുത്തൻ രാഹുൽ ബ്രി​ഗേഡ്

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയേയും കോൺ​ഗ്രസ് പ്രവർത്തന ശൈലിയേയും വിമർശിക്കുന്നവരെ ആക്രമിച്ച് നിശബ്ദമാക്കാനൊരുങ്ങി കോൺ​ഗ്രസ്. മുതിർന്ന കോൺ​ഗ്രസ് നേതാവ് കപിൽ സിബലിനെതിരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണമുണ്ടായത്. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് ഒരു സംഘം കോൺ​ഗ്രസ് പ്രവർത്തകർ കപിൽ സിബലിന്റെ വീട് ആക്രമിച്ചത്. ‘പാർട്ടി വിടൂ’, ‘സുഖം പ്രാപിച്ച് വരൂ’ തുടങ്ങിയ പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാർ കപിൽ സിബലിന്റെ വസതിക്ക് മുന്നിലെത്തിയത്. രാഹുൽ ഗാന്ധിയെ അനുകൂലിച്ച് മുദ്രാവാക്യങ്ങളും മുഴക്കിയ പ്രവർത്തകർ കപിൽ സിബലിന്റെ വാഹനവും തകർത്തു.

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്നാണ് മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വിമർശനം. വി.എം സുധീരന്‍റെ രാജിയും വിവിധ നേതാക്കളുടെ കൊഴിഞ്ഞുപോക്കും അക്കമിട്ട് നിരത്തി കപില്‍ സിബല്‍ ഹൈക്കമാന്‍ഡിനെതിരെ ആഞ്ഞടിച്ചു. പഞ്ചാബിലെ പ്രതിസന്ധി പാക്കിസ്ഥാന് ഗുണം ചെയ്യുമെന്നും സിബല്‍ ആശങ്കപ്പെട്ടു. പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും സിബല്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഡൽഹിയില്‍ പറഞ്ഞു.

പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വിഎം സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവര്‍ത്തകസമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള ജി-23 നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ദുരവസ്ഥയില്‍ മനംനൊന്ത് കലാപക്കൊടി ഉയര്‍ത്തിയ ജി 23 വീണ്ടും ഹൈക്കമാന്‍ഡിനെ ചോദ്യമുനയില്‍ നിര്‍ത്തുകയാണ്. നേരത്തെ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടായിരുന്നെങ്കില്‍ ഇത്തവണ കപില്‍ സിബില്‍ പരസ്യമായി ആദ്യവെടിപൊട്ടിച്ചു. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നത് ഹൃദയഭേദകമാണെന്ന് കപില്‍ സിബല്‍. നേതാക്കള്‍ വിട്ടുപോകുമ്പോള്‍ പാര്‍ട്ടി ആത്മപരിശോധന നടത്തണം. അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. പ്രവര്‍ത്തകസമിതിയെയോ, തിരഞ്ഞെടുപ്പ് സമിതിയെയോ തിരഞ്ഞെടുത്തിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷയില്ലെങ്കിലും ആരോ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. ആരാണെന്ന് അറിയില്ല. കൂട്ടായ ചര്‍ച്ചകളില്ല. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറാകണം. നേതൃത്വം വേണ്ടപ്പെട്ടവരെന്ന് കരുതിയവര്‍ പാര്‍ട്ടിവിട്ടു. നേതൃത്വം അകറ്റിനിര്‍ത്തിയവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. സംഘടനതിരഞ്ഞെടുപ്പ് നടത്തണം. സംഘടനതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ അദ്ദേഹത്തിന്റെ വീടിന് നേരേ ആക്രമണമുണ്ടായത്.

പ്രവർത്തകസമിതി ഉടൻ വിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗുലാം നബി ആസാദ്‌ പാർട്ടി താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ കത്തയച്ചിട്ടുണ്ട്. കോണ്‍​ഗ്രസിലെ കുടുംബാധിപത്യത്തെ ചോദ്യംചെയ്ത് രം​ഗത്ത് എത്തിയ മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയാണ് ജി23. ആരേയും പേരെടുത്ത് വിമര്‍ശിക്കുന്നില്ലെങ്കിലും പഞ്ചാബ് കോണ്‍​ഗ്രസിലെ ഇപ്പോഴത്തെ അവസ്ഥയില്‍ രാഹുല്‍​ഗാന്ധിയേയും സോണിയയെയും ഉന്നംവച്ചാണ് നേതാക്കള്‍ രം​ഗത്ത് എത്തിയത്. കോണ്‍​ഗ്രസിൽ സമ​ഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയതോടെയാണ് 23 മുതിര്‍ന്ന നേതാക്കളുടെ കുറുമുന്നണി സോണിയ​ഗാന്ധിയെ അനുകൂലിക്കുന്നവരുടെ കണ്ണിലെ കരടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close