INDIANEWSTop News

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ; എഐസിസി പുനഃസംഘടന സംബന്ധിച്ചുള്ള ചർച്ചകൾ ഇന്ന് ആരംഭിച്ചേക്കും

ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം ആരംഭിക്കുക. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചേക്കും.

ബൂത്ത് തലം മുതൽ അംഗത്വ വിതരണം നടപ്പാക്കി പൂർണതോതിലുള്ള സംഘടനാ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ അടുത്ത വർഷം കണ്ടെത്തുവാനാണ് ആലോചന. തെരഞ്ഞെടുപ്പ് നടപടികൾ 7 – 8 മാസം നീളും. എന്നാൽ ഉത്തർപ്രദേശിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. അതുവരെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി തുടരും.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട. അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി അടുത്ത വർഷം ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്ന നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡന്റായി തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതരും എതിർക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു.

അനാരോഗ്യം അലട്ടുന്ന സോണിയയുടെ പിൻഗാമിയെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം ജി 23 നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരാണ് ജി 23 സംഘത്തിൽനിന്നുള്ള പ്രവർത്തക സമിതിയംഗങ്ങൾ. സംഘത്തെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളായ കമൽനാഥ്, അംബിക സോണി എന്നിവരെ സോണിയ അടുത്തിടെ നിയോഗിച്ചിരുന്നു.

എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടിയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിന്റെ ആവശ്യം. ഗുലാംനബി ആസാദ്, പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണം എന്നാണ് നിർദ്ദേശം. ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതർ വാദിക്കുന്നു. എന്നാൽ സംസ്ഥാനഘടകങ്ങൾക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ മറുവാദം. ഉത്തരാഖണ്ഡിലെ മുതിർന്ന ബിജെപി നേതാവാണ് പാർട്ടിയിൽ വന്നത്.

ഗുലാംനബി ആസാദ് പ്രവർത്തകസമിതി ആവശ്യപ്പെട്ട് കത്ത് നല്കിയപ്പോഴുള്ള സ്ഥിതി മാറിയതിന്റെ ആവേശത്തിലാണ് നേതൃത്വം. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. വിമതഗ്രൂപ്പ് കാര്യമായ എതിർപ്പുയർത്തിയാൽ തിരിച്ചടിക്കാനാണ് രാഹുലുമായി ചേർന്നു നില്ക്കുന്നവരും തയ്യാറെടുക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയും പ്രവർത്തക സമിതി യോ​ഗം ചർച്ച ചെയ്യും. എഐസിസി പുനഃസംഘടന സംബന്ധിച്ചുള്ള ചർച്ചകളും ആരംഭിച്ചേക്കും. ഗുജറാത്ത്, ബംഗാൾ ജനറൽ സെക്രട്ടറിമാരുടെ ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close