KERALANEWSTop News

മേയർ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ. തന്റെ പരാമർശങ്ങൾ മേയർക്ക് മാനസിക പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ മേയർക്ക് പക്വത ഇല്ലെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. സൗന്ദര്യമുണ്ടെന്ന പരാമർശത്തിൽ അശ്ലീലമില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. അതേസമയം മുരളീധരനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. അതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി.

മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ മേയറെ നോക്കി ‘കനകസിംഹാസനത്തിൽ ‘ എന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരൻ പരിഹസിച്ചിരുന്നു. ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു. ഡിസിസി കോർപ്പറേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുന്നതിനിടെയാണ് എംപി മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.

കെ മുരളീധരന്റെ വിവാദ പരാമർശം ഇങ്ങനെ..

‘എംപി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന മേയര്‍ കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.

കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്’

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close