
ലോക്ക്ഡൗൺ കാലത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയ കോണ്ടം വില്പന ഇപ്പോള്‍ മന്ദഗതിയില്‍ ആയതായി റിപ്പോർട്ട്. കോണ്ടം ഉപഭോഗത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടുണ്ടായിട്ടുള്ളത് വന്‍ ഇടിവെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘കോണ്ടമോളജി’ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വരും തലമുറയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മോശമാണെന്നാണ് വ്യക്തമാക്കുന്നത്. കോണ്ടം അലയന്‍സ് എന്ന സംഘടന ഇന്ത്യയിലെ യുവജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിലാണ് കോണ്ടം ഉപയോഗിക്കാത്തവരുടെ എണ്ണത്തിലെ ഇടിവ് ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെ രാജ്യത്ത് നടക്കുന്ന അപ്രതീക്ഷിത ഗര്ഭങ്ങളുടെയും, സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങളുടെയും, ലൈംഗിക രോഗങ്ങളുടെയും എണ്ണം കൂടി വരികയാണ് എന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതിന്റെ കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് കോണ്ടം ഉപയോഗത്തില്‍ ഉണ്ടായ ഗണ്യമായ കുറവാണ് എന്നതാണ്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് മാത്രം കോണ്ടം ഉപയോഗത്തില്‍ 76.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് കോടിയോളം ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ വിപണി അടുത്തിടെ 45 ലക്ഷമായി ഇടിഞ്ഞിട്ടുണ്ട്.
അതോടൊപ്പം തന്നെ ലോക്ക്ഡൗൺ കാരണമാണ് ഇത്തരത്തിൽ സംഭവിച്ചത് എന്നാണ് കണ്ടെത്തല്‍. ലോക്ക്ഡൗൺ ആരംഭിച്ച സമയത്ത് കോണ്ടം വില്പനയില് വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാല്‍, പിന്നീട് യുവതീയുവാക്കള്‍ പുറത്തിറങ്ങി പൊതു ഇടങ്ങളില്‍ സമയം ചെലവിടുന്നതു കുറഞ്ഞതോടെ, അത് കോണ്ടം വിപണിയെയും ദോഷകരമായി ബാധിച്ചിട്ടുമുണ്ട്. യുവതീയുവാക്കളാണ് കോണ്ടം കൂടുതലും ഉപയോഗിക്കുന്നതെന്നിരിക്കെ ലോക്ക് ഡൌണ്‍ അവരെ പൊതു ഇടങ്ങളില്‍ സമയം ചെലവിടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വേ 4 ന്റെ ഫലങ്ങള്‍ പ്രകാരം 20 നും 24 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില് 80 ശതമാനവും അവരുടെ ഏറ്റവും അവസാനത്തെ പങ്കാളിയുമായി ലൈംഗികമായി ബന്ധപ്പെട്ടപ്പോള്‍ കോണ്ടം ഉപയോഗിച്ചിട്ടില്ല എന്നതാണ്. വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങള്‍ക്കിടയില്‍ ഏഴ് ശതമാനം സ്ത്രീകളും 27 ശതമാനം പുരുഷന്മാരും മാത്രമാണ് കോണ്ടം ഉപയോഗിക്കുന്നതെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.
അതോടൊപ്പം തന്നെ മെഡിക്കല്‍ ഷോപ്പിലും മറ്റും പോയി കോണ്ടം ചോദിച്ചു വാങ്ങാനുള്ള മടിയാണ് കോണ്ടം ഉപയോഗം കുറഞ്ഞതിന്റെ മറ്റൊരു കാരണം എന്നത്. ഇന്ന് നഗരങ്ങളിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും കോണ്ടം പാക്കറ്റുകള്‍ പരസ്യമായി തന്നെ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഒക്കെ ഇപ്പോഴും ഇതിനു ഒരു രഹസ്യസ്വഭാവമുണ്ട്. ഇവിടങ്ങളില്‍ ചെന്ന് പരസ്യമായി വാങ്ങാന്‍ പലര്‍ക്കും മടിയാണ് എന്നതാണ് മറ്റൊരു പ്രധാന കാരണം.