KERALANEWSTop News

പെരിയ ഇരട്ടക്കൊലപാതകം; ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വധത്തിന് അംഗീകാരം; സിബിഐ അറസ്റ്റ് ചെയ്ത 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് നടപടി.

കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമർപ്പിച്ചതിനാൽ തടവിൽ കഴിയേണ്ടതിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രാദേശിക നേതാക്കൾ അടക്കമുളളവരെ സിബിഐ അറസ്റ്റു ചെയ്തത്.

സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം അഞ്ചുപേരെ ഡിസംബർ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. കേസ് ഏറ്റെടുത്ത് ഒരു വർഷമാകുമ്പോഴാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നൽകിയത്.

പെരിയ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ശരത് ലാലിന് യുവാക്കൾക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതിന് ശേഷമാണ് ഗൂഡാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെ നിലവില്‍ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെടെ രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂ‍ര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിന്‍റെ ഉന്നത നേതാക്കളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ചും സിബിഐ അന്വേഷണം ശരിവച്ചിട്ടും അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല. സർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ട്. സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രിംകോടതി വരെ പോയവരാണ് പ്രതികളെന്നും ഇവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം.

അതേസമയം ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലെ സാക്ഷികളെ ഒരു തെളിവും ഇല്ലാതെയാണ് സിബിഐ പ്രതികളാക്കിയതെന്നും അഞ്ച് പേരുടെയും അറസ്റ്റിന് പിന്നിൽ ഗൂഢ ഉദ്ദേശ്യമാണെന്നയിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. ഹൈക്കോടതി നിശ്ചയിച്ച സമയം തീരുന്നതിന് തൊട്ട് മുൻപ് നടത്തിയ അറസ്റ്റ് ദുരുദ്ദേശപരമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ജാമ്യ വ്യവസ്ഥകൾ എത്ര കർശനമായലും അത് അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close