INDIANEWS

പലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കോടതി വെറുതെ വിട്ടു, ഭഗവാന്‍ കൃഷ്ണന്റെ ബാലലീലകള്‍ പൊലീസിനെ ഓര്‍മ്മിപ്പിച്ച് കോടതി


പാറ്റ്‌ന: മധുരപലഹാരങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കുട്ടിയെ കോടതി വെറുതെ വിട്ടു. ബിഹാറിലെ നളന്ദ ജില്ലയിലെ ജുവനൈല്‍ കോടതിയുടേതാണ് നടപടി.

അമ്മായിയുടെ വീട്ടില്‍ നിന്നാണ് കുട്ടി പലഹാരങ്ങള്‍ മോഷ്ടിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും ആരോപണമുണ്ട്. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പൊലീസ് കുറച്ച് കൂടി പക്വത കാട്ടണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭഗവാന്‍ കൃഷ്ണന്റെ ബാലലീലകളെക്കുറിച്ച് ഓര്‍ത്ത് വേണം ഇത്തരം കേസുകളില്‍ നടപടി എടുക്കാനെന്നും കോടതി പൊലീസിനെ ഓര്‍മ്മിപ്പിച്ചു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുട്ടിക്കാലത്ത് മറ്റ് വീടുകളില്‍ കയറി തൈര് കുടങ്ങള്‍ പൊട്ടിക്കുകയും വെണ്ണ മോഷ്ടിക്കുകയും ചെയ്യുന്നതും കോടതി അനുസ്മരിച്ചു. കുട്ടിക്കാലത്തെ വികൃതികള്‍ പിന്നീട് ഒരിക്കലും കാട്ടാനാകില്ലെന്നും ജുവനൈല്‍ പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് മാനവേന്ദ്ര മിശ്ര പറഞ്ഞു.

നളന്ദയിലെ ഹര്‍നൗത് ബ്ലോക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ അമ്മൂമ്മയെ സന്ദര്‍ശിക്കാനെത്തിയ കുട്ടി തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടിലെത്തുകയും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പലഹാരങ്ങള്‍ എടുത്ത് കഴിക്കുകയുമായിരുന്നു. പിന്നീട് ഇവിടെയുണ്ടായിരുന്ന മൊബൈല്‍ എടുത്ത് വീടിന് പുറത്തിരുന്ന് കളിക്കാനും തുടങ്ങി. ഇത് കണ്ടെത്തിയ അമ്മായി കുട്ടിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇത്തരം വിഷയങ്ങളില്‍ നമ്മള്‍ കുറച്ച് കൂടി വിശാലമനസ്‌കരാകണമെന്നും സഹിഷ്ണുതയുള്ളവരാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഇത്തരം കേസുകളില്‍ പൊലീസ് കുറച്ച് കൂടി പാകതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഇതില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിത്യവും എഴുതുന്ന കേസ് ഡയറിയില്‍ കുറിക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ. കുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ശിശു സംരക്ഷണ വിഭാഗത്തിനോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

തന്റെ പിതാവ് ഒരു ഡ്രൈവറാണെന്നും വീടിന്റെ ഏക അത്താണിയായ അദ്ദേഹം അപകടത്തില്‍ നട്ടെല്ലിനുണ്ടായ ക്ഷതം മൂലം കിടപ്പിലാണെന്നും കുട്ടി മജിസ്‌ട്രേറ്റിനോട് കൗണ്‍സിലിംഗ് വേളയില്‍ വ്യക്തമാക്കിയിരുന്നു. അമ്മയും രോഗിയാണ്. പക്ഷേ വീട്ടിലെ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തത് മൂലം ചികിത്സയിക്കുന്നില്ല. ഇത്തരം തെറ്റുകള്‍ മേലില്‍ ആവര്‍ത്തി്കില്ലെന്നും കുട്ടി മജിസ്‌ട്രേറ്റിന് ഉറപ്പ് നല്‍കി.

കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകനും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ കൃഷ്ണ ദിയോ മിശ്ര പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ എല്ലാ ജുവനൈല്‍ ബോര്‍ഡുകളും ഇത്തരം നിയമങ്ങള്‍ പിന്തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close