INDIANEWSTop News

കോവാക്സിന് അനുമതി; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകും. ഇതിനായി ടെക്‌നിക്കൽ അഡ്വൈസറി യോഗം ഇന്ന് ചേരും. അഞ്ചാം തവണയാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.

കഴിഞ്ഞ മാസം 26 ന് ചേർന്ന യോഗത്തിൽ വാക്‌സിൻ പ്രതിരോധശേഷി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്റെ സാങ്കേതിക വിവരങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നൽകൂ എന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.

കോവാക്‌സിന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്‌ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും.

ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപികോർവിക്കും ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഈ വാക്‌സിൻ സ്വീകരിച്ചവർ ഓസ്‌ട്രേലിയിലെത്തി കോവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (ടിജിഎ) അഭിപ്രായപ്പെട്ടു.

നേരത്തെ ഓസ്‌ട്രേലിയയിൽ അനുമതി ലഭിച്ച വാക്‌സിനുകൾ, ഇന്ത്യയിൽ വികസിപ്പിച്ച കൊവിഷീൽഡ്, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകൾക്കാണ് അംഗീകാരമുണ്ടായിരുന്നത്. വാക്‌സിൻ എടുക്കാത്ത യാത്രക്കാർക്ക് ക്വാറന്റീനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവാക്‌സിന് അനുമതി ലഭിച്ചിട്ടില്ല. ഏപ്രിൽ 19നാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. പിന്നോക്ക രാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകാൻ വൈകുന്നതാണ് ഇതിന് കാരണം.

ഭാരത് ബയോടെകിന്റെ കൊവാക്‌സിനു അനുകൂലമായി വിദഗ്ദ്ധ സമിതി നിലപാടറിയിച്ചാൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കൊവാക്‌സിന്റെ എല്ലാ ഘട്ടങ്ങളിലെയും പരീക്ഷണങ്ങളുടെ വിവരങ്ങൾ പരിശോധിക്കും. കൊവാക്സിൻ 77. 8 ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങളാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുൻപിൽ വെച്ചത്.

ലോകാരോ​ഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിൻ പട്ടികയിൽ കൊവാക്സിൻ ഇടംപിടിക്കും. രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് വാക്സിന് അനുമതി നൽകുന്നത്.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കൊവാക്‌സിനെ വിവിധ ലോക രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. കൊവാക്‌സിനും കോവിഷീല്‍ഡും വാക്‌സിനേഷന്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത സ്ഫുട്‌നിക്‌ പിന്നീടാണ് രാജ്യത്ത് ജനങ്ങള്‍ക്ക് നൽകി തുടങ്ങിയത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close