KERALANEWSTop News

സംസ്ഥാനത്ത് കോളേജുകൾക്ക് പൂട്ട് വീണേക്കും; അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന അവലോകന യോഗത്തിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ എടുക്കും. അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്.

മറ്റന്നാൾ വൈകീട്ട് അഞ്ചിനാണ് കോവിഡ് അവലോകനയോഗം. അമേരിക്കയിൽ ചികിത്സയിൽ ഉള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. രാത്രി കാല കർഫ്യുവും വന്നേക്കാം.

ഒന്നും രണ്ടും ഘട്ടത്തെക്കാൾ അതിതീവ്രമായ കൊവിഡ് വ്യാപനമാണ് കേരളം നേരിടുന്ന വെല്ലുവിളി. സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. എംജി കോളേജ്, ആൾ സെയിൻ്റ്സ്. മാർ ഇവാനിയോസ് അടക്കമുള്ള തലസ്ഥാനത്തെ നിരവധി കോളേജുകൾ അടച്ചു കഴിഞ്ഞു.

വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വ്യാപക കൊവിഡാണ്. മെ‍ഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാരടക്കം നിരവധിപേർക്കാണ് കൊവിഡ്. സ്റ്റേഷനുകളുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന രീതിയിലാണ് സേനയിലെ രോഗവ്യാപനം.

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ് ഏർപ്പെടുത്തുന്ന കാര്യത്തിൽ വിദഗ്ധർക്ക് രണ്ടഭിപ്രായമുണ്ട്. മാളുകളടക്കം പൊതുസ്ഥലങ്ങളിൽ ആളുകളുടെ എണ്ണം കൂടുതൽ കുറച്ചേക്കും. അതേ സമയം സമ്പൂർണ്ണ അടച്ചുപൂട്ടൽ ഉണ്ടാകില്ല. ഹോട്ടലുകളിലടക്കം കടുത്ത നിയന്ത്രണം വേണമെന്നാണ് തലസ്ഥാന ജില്ലയിൽ മന്ത്രിമാരും കലക്ടറും പങ്കെടുത്ത യോഗം സർക്കാരിനോടാവശ്യപ്പെട്ടത്.

സംഘടനകളുടെ യോഗങ്ങൾ നടത്തരുതെന്നാണ് നിർദ്ദേശം. സിപിഎം ജില്ലാ സമ്മേളനം തീർന്നപ്പോഴാണ് മന്ത്രിമാർ പങ്കെടുത്ത യോഗം ചേർന്നത്. ജില്ലയിൽ നേരത്തെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും സിപിഎം ജില്ലാസമ്മേളനം നടന്നപ്പോൾ സർക്കാരോ ജില്ലാ ഭരണകൂടമോ ഒരു നടപടിയും എടുത്തിരുന്നില്ല.

തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷമാണ്. പരിശോധിക്കുന്ന രണ്ടിലൊരാൾക്കാണ് രോഗം. വിദ്യാഭ്യാസമന്ത്രി കൊവിഡ് പൊസീറ്റിവായി. പൊളിറ്റിക്കൽ സെക്രട്ടറി അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധിപേർക്ക് രോഗമുണ്ട്. വനം-ദേവസ്വം മന്ത്രിമാരുടെ ഓഫീസ് ഭാഗികമായി അടച്ചു. ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണം അൻപത് ശതമാനമാക്കണമെന്നാണ് സർവ്വീസ് സംഘടനകളുടെ ആവശ്യം. നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊന്നും ആരും കൃത്യമായി പാലിക്കാത്തതിനാൽ കൂടുതൽ കടുപ്പിക്കും. രാത്രി ക‌ർഫ്യു സജീവപരിഗണനയിലുണ്ട്.

അതേസമയം ഇന്ന് കേരളത്തിൽ 28,481 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,42,512 കൊവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7303 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 785, കൊല്ലം 989, പത്തനംതിട്ട 558, ആലപ്പുഴ 119, കോട്ടയം 159, ഇടുക്കി 283, എറണാകുളം 2468, തൃശൂര്‍ 209, പാലക്കാട് 222, മലപ്പുറം 174, കോഴിക്കോട് 574, വയനാട് 137, കണ്ണൂര്‍ 391, കാസര്‍ഗോഡ് 235 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close