KERALANEWSTop News

അവശ്യസർവീസുകൾക്കും കടകൾക്കും മാത്രം അനുമതി; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടും രോഗനിരക്ക് കുറയാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇളവുകൾ സംബന്ധിച്ച് പഠിക്കാൻ വിദഗ്‌ധ സമിതിക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ബുധനാഴ്ചക്കകം ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും വിദഗ്‌ധസമിതിയോടും ആവശ്യപ്പെട്ടു. ഓണക്കാലത്ത് രോഗപ്പകർച്ച ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നുറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

രോഗസ്ഥിരീകരണനിരക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇളവുകൾ തുടരേണ്ടതുണ്ടോ എന്നും അത്തരം നിയന്ത്രണങ്ങൾ അശാസ്ത്രീയമാണോ എന്നും സംശയങ്ങളുണ്ട്. എന്നാൽ, ടി.പി.ആർ. അടിസ്ഥാനത്തിൽത്തന്നെ നിയന്ത്രണം തുടരാൻ കഴിഞ്ഞയാഴ്ച തന്നെ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ കാരണം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് പത്തുജില്ലകൾ സന്ദർശിക്കും. എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘങ്ങൾ.

കോവിഡ് വ്യാപനത്തിന്റെ കാരണം തേടുന്നതോടൊപ്പം വ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളും സംഘം കൈമാറും. കൊല്ലത്തും ആലപ്പുഴയിലും ശനിയാഴ്ചയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഞായറാഴ്ചയും സന്ദർശിക്കും. തുടർന്ന് വിദഗ്ധ സംഘം തിങ്കളാഴ്ച ആരോഗ്യമന്ത്രിയുമായും ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. രാജ്യത്തെ പ്രതിദിന രോഗബാധിതരിൽ പകുതിയിലേറെയും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.

രോഗസ്ഥിരീകരണ നിരക്ക് 13ശതമാനത്തിന് മുകളിലേയ്ക്ക് ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്രസംഘത്തിന്റെ വരവിന് പ്രാധാന്യം ഏറെയാണ്. രാജ്യത്ത് അടുത്തദിവസങ്ങളിലായി രേഖപ്പെടുത്ത പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളുടെ പട്ടികയിൽ ഏഴു ജില്ലകളാണ് കേരളത്തിൽ നിന്നുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close