NEWSWORLD

ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണ നിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണം എന്ന് ഫേസെ; ദൗത്യം ഏറ്റെടുത്ത് മലയാളി യൂട്യൂബർ അഷ്‌കർ ടെക്കിയും

കോവിഡ് ബാധിതരുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് ഇതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുറക്കാനും വാക്സിനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 183.01 മില്യൺ ജനങ്ങൾക്കാണ് ലോകത്താകമാനം കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 3.96 മില്യൺ ജനങ്ങൾ മരണത്തിന് കീഴടങ്ങി. പൂർണ്ണമായും കോവിഡ് വരാതെ സംരക്ഷിക്കുക എന്നതല്ല മറിച്ച് കോവിഡ് ബാധ ഗുരുതരാവസ്ഥിൽ എത്താതെ സംരക്ഷിക്കുന്നുണ്ടോ എന്നതിലൂടെയാണ് വാക്സിൻ ഫലപ്രഥമാണോ എന്ന് നോക്കുന്നത്.

ക്ലിനിക്കൽ ട്രയലുകൾ നടത്തിയാണ് വാക്സിനുകൾ ഫലപ്രഥമാണോ എന്ന് നോക്കുന്നത്. ആ സമയത്തുള്ള വൈറസിനെ കണക്കാക്കിയാണ് ഇത് നിർണ്ണയിക്കുന്നത്. എന്നാൽ വാക്സിൻ ജനങ്ങളിലേക്ക് എത്തുന്ന സമയത്ത് വൈറസിന് മാറ്റങ്ങൾ സംഭവിച്ച് പല തരത്തിലുള്ള വകഭേദങ്ങളും ഉണ്ടാകുന്നുണ്ട്. ഇത്തരം വകഭേദങ്ങൾക്ക് എതിരെയും നിലവിലുള്ള വാക്സിനുകൾ ഫലപ്രഥമാണോ എന്ന് നോക്കേണ്ടത് ആവശ്യമാണ്.

ഇപ്പോഴിതാ കോവിഡ് വാക്‌സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങിലെ താരങ്ങളെ സ്വാധീനിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബിബിസിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇതിൽ മലയാളി യൂട്യൂബറും ഉൾപ്പെടും. സമൂഹമാധ്യമങ്ങിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളവരെ ഇത്തരത്തിൽ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റർ ചെയ്ത ഫേസെ എന്ന മാർക്കറ്റിങ് ഏജൻസിയാണ് പിന്നിൽ.ഫൈസർ വാക്‌സിന് എതിരെയാണ് പ്രധാനമായും ക്യാമ്പയിൻ. ഫൈസർ വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജൻസി ആവശ്യപ്പെടുന്നത്. മലയാളിയായ അഷ്‌കർ ടെക്കി എന്ന യൂട്യൂബറാണ് ഏജൻസിയുടെ വിവരങ്ങൾ പങ്കുവെച്ചത്. ടെക്നിക്കൽ കാര്യങ്ങൾ രസകരമായി പങ്കുവെക്കുന്ന യൂട്യൂബറാണ് അഷ്‌കർ. മറ്റൊരാൾ ബ്രസീലിൽ നിന്നുള്ള എവേഴ്‌സൺ സോയിയോയാണ്. ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സ് ഉണ്ട്. അഷ്കറിന് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് യൂട്യൂബിൽ.

ഫൈസർ വാക്സിനെക്കുറിച്ച് ഫേസെ ഏജൻസി നൽകിയ തെറ്റായ വിവരങ്ങൾ ഇരുവരും പങ്കുവെച്ചതായും ഇതിന് മുമ്പും ഫേസിന്റെ പ്രൊമോഷനിൽ ഇരുവരും പങ്കാളിയായെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഒരു ജർമൻ പത്രപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ ഇരുവരും വിവാദ ഉള്ളടക്കം പിൻവലിച്ചു. എന്നാൽ, ആ മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല. അതേസമയം ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇരുവരും പ്രതികരിച്ചില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാൻസിലെ യൂട്യൂബറായ ലിയോ ഗ്രാസെറ്റ്, ജർമൻ യൂട്യൂബറായ മിർക്കോ ഡ്രോട്ച്ച്മാൻ എന്നിവരെ ഫേസെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണ നിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണം എന്നായിരുന്നു മിർക്കോയോട് ഏജൻസി ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം പ്രചരിപ്പിച്ചാൽ പണം നൽകാമെന്നുമായിരുന്നു ഏജൻസിയുടെ വാഗ്ദാനം. കോവിഡിൽ ലോകം വിറങ്ങലിച്ച് നിൽക്കവെ വാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതിലെ യുക്തിയെപ്പറ്റി ചിന്തിച്ചപ്പോഴാണ് ഇവർ പങ്കുവെക്കുന്നതിന്റെ ഭീകരാവസ്ഥയെ പറ്റി മനസിലായതെന്നാണ് മിർകോ വ്യക്തമാക്കുന്നത്.

ഫൈസർ വാക്‌സിനെക്കുറിച്ച് ഏജൻസി നൽകിയ വിവരങ്ങൾ തന്നെ വ്യാജമായിരുന്നുവെന്നും മിർകോ പറയുന്നു. ഞങ്ങൾ മറ്റൊരു ഇടപാടുകാരന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നാണ് ഫാസെ ഗ്രാസെറ്റിനോട് വ്യക്തമാക്കിയത്. എന്നാൽ ഇത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. യൂറോപ്യൻ മീഡിയ ഏജൻസിയിൽ നിന്ന് ചോർന്ന വിവരം എന്ന നിലയിൽ ഒരു ഫ്രഞ്ച് പത്രത്തിൽ വന്ന വാർത്ത പങ്കുവെക്കാനും ഫാസെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാർത്ത ഫൈസർ വാക്‌സിനെക്കുറിച്ചാണെങ്കിലും ഇതിൽ കമ്പനി പ്രചരിപ്പിക്കുന്നത് പോലുള്ള മരണ കാര്യങ്ങളില്ല. 2000 യൂറോയാണ് ഫ്രാൻസിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള ലിയോ ഗ്രാസെറ്റിന് ഏജൻസി ചെയ്തത്.

ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണ് ഇത്തരത്തിൽ പത്രങ്ങളുടെ വാർത്തകൾ കൂടി പങ്കുവെക്കാൻ ആവശ്യപ്പെടുന്നതെന്നാണ് ഗ്രാസെറ്റ് പറയുന്നത്. ഇരുവരും ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഫാസെ ഏജൻസിയെ മെയിൽ-ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി ലഭിച്ചില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ലോകത്ത് ലഭ്യമായ പ്രധാന കോവിഡ് വാക്സിനുകളിൽ ഫലപ്രദമായ വാക്സിനുകളിൽ ഒന്നാണ് ഫൈസർ- ബയോൻടെക്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള എഫ് ഡി എ യുടെ അനുമതി ആദ്യമായി ലഭിച്ചത് ഫൈസർ വാക്സിനാണ്. ക്ലിനിക്കൽ പരിശോധന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 11 നാണ് അനുമതി ലഭിച്ചത്.

ഏറെ മാരകമായ കോവിഡ് വൈറസിന്റെ ബീറ്റാ, ആൽഫാ വകഭേദങ്ങൾക്ക് എതിരെ 95 ശതമാനത്തോളം വാക്സിൻ ഫലപ്രഥമാണെന്ന് കഴിഞ്ഞ മെയിൽ കണ്ടെത്തിയിരുന്നു. വാക്സിൻ ഇതിനോടകം സ്വീകരിച്ച പൊതുജനങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായി കണ്ട ഡെൽറ്റാ വകഭേദത്തിന്റെ കാര്യത്തിൽ, രണ്ട് ഡോസും സ്വീകരിച്ചാൽ 88 ശതമാനം ലക്ഷണങ്ങളോടു കൂടിയ രോഗാവസ്ഥക്ക് എതിരെയും 96 ശതമാനം ആശുപത്രി പ്രവേശനത്തെയും ഫൈസർ വാക്സിൻ തടയുന്നതായാണ് കണ്ടെത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close