INDIANEWSTop News

കോവിഡ് മൂന്നാം തരം​ഗം ഉടനെന്ന് സൂചനകൾ; ഇനിവരുന്ന ആഴ്ചകളിൽ രോഗം അതിവേഗം പടരും;ആർ-നമ്പർ ഒന്നിനു മുകളിൽ കടന്നു

ന്യൂഡൽഹി: ആഴ്ചകളായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയാതിരിക്കുന്നതും വൈറസ് വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആർ-നമ്പർ ‍(റീപ്രൊഡക്‌ഷൻ നമ്പർ) ഒന്നിനു മുകളിൽ കടന്നതും മൂന്നാംതരംഗം ആസന്നമായെന്ന ആശങ്ക കൂട്ടി.കഴിഞ്ഞദിവസം 17 സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ഇപ്പോൾ ദേശീയതലത്തിൽ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) അഞ്ചുശതമാനത്തിൽ താഴെയാണെങ്കിലും നിലവിലെ കണക്ക് വിലയിരുത്തുമ്പോൾ ഇനിവരുന്ന ആഴ്ചകളിൽ രോഗം അതിവേഗം പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നാംതരംഗം ശക്തമായാൽ ഒക്ടോബറിൽ ഒന്നരലക്ഷംവരെ പ്രതിദിന കേസുകൾ ഉണ്ടാകാനിടയുണ്ടെന്നാണ് ഹൈദരാബാദ്, കാൻപുർ ഐ.ഐ.ടി.കൾ നടത്തിയ പഠനത്തിൽ പറയുന്നത്.

ജൂലായ് 25-നുതന്നെ ദേശീയതലത്തിൽ ആർ-നമ്പർ ഒന്നിനടുത്ത് എത്തിയിരുന്നു. ഒന്നിനു മുകളിലാണ് ആർ-നമ്പറെങ്കിൽ ഒരു രോഗിയിൽനിന്ന് വേറൊരാളിലേക്ക് രോഗം പടരും. കേരളത്തിൽ 1.2 ആണ് ആർ-നമ്പർ. അതായത്, സംസ്ഥാനത്ത് ഒരു രോഗിയിൽനിന്ന് 1.2 ആളിലേക്ക് രോഗം പടരാനിടയുണ്ട്. കേരളത്തിനും വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കും പുറമേ ഡൽഹി, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ആർ-നമ്പർ ഒന്നിനു മുകളിലെത്തി. എട്ടുസംസ്ഥാനങ്ങളിൽ ഇത് ഒന്നിനു മുകളിലായിക്കഴിഞ്ഞു. കർണാടകം, തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഒന്നിനടുത്തെത്തി നിൽക്കുകയാണ്. ഫെബ്രുവരിയിൽ രണ്ടാംതരംഗം തുടങ്ങുന്നതിനു തൊട്ടുമുമ്പ്‌ ദേശീയതലത്തിൽ 1.01 ആയിരുന്നു ആർ-നമ്പർ.

അതേ സമയം, സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരാൻ സാധ്യത. വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണം ഞായറാഴ്ച മാത്രമാക്കാനുള്ള ശുപാർശ സർക്കാരിനു മുന്നിൽ.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്നുച്ചയ്ക്കു ശേഷം നടക്കും. ഈ യോഗത്തിൽ വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളും. തദ്ദേശ സ്ഥാപനങ്ങളിൽ ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണം, അത് പ്രായോഗികമല്ലെന്നും ഫലപ്രദമല്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ ആരോഗ്യ വിദഗ്ധരടങ്ങിയ സമിതിയും ചീഫ് സെക്രട്ടറി തലത്തിലുള്ള സമിതിയും വിവിധതലങ്ങളിൽ പരിശോധിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശുപാർശകൾ തയ്യാറാക്കിയിരിക്കുന്നത്.

ടി.പി.ആർ. അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഒഴിവാക്കി മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ അഥവാ രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും അവിടെ നിയന്ത്രണം നടപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്.ആഴ്ചയിൽ ആറുദിവസം കടകൾ തുറക്കാൻ അനുമതി നൽകാനും നിർദേശമുണ്ട്. അങ്ങനെയാകുമ്പോൾ ആളുകൾക്ക് കൂടുതൽ സമയം ലഭിക്കുകയും തിരക്കു കുറയ്ക്കാനും സാമൂഹിക അകലം പാലിക്കാനും കഴിയും. അഞ്ചുദിവസം തുറന്നിട്ട ശേഷം രണ്ടുദിവസം വാരാന്ത്യ ലോക്ഡൗൺ നടപ്പാക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് പലകോണുകളിൽനിന്നും വിമർശനം ഉയർന്നിരുന്നു. അതിനാൽതന്നെ ഞായറാഴ്ച മാത്രമായി ലോക്ഡൗൺ ചുരുക്കാനും സർക്കാരിനു മുന്നിൽ ശുപാർശയുണ്ട്.

വീടുകളിലുള്ള ചികിത്സ ഫലപ്രദമല്ലെന്ന നിരീക്ഷണം വിദഗ്ധ സമിതിക്കു മുന്നിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് സ്ഥിരീകരിക്കുന്നവരെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദേശവും ചീഫ് സെക്രട്ടറിതല സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യ സംവിധാനങ്ങളുടെ ശേഷി പരിഗണിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close