KERALANEWS

കോവിഡ് മരണസർട്ടിഫിക്കറ്റിന് അപേക്ഷിക്കാം ലളിതമായി; നടപടി ക്രമങ്ങൾ ഇങ്ങനെ

കൊല്ലം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ഐസിഎംആർ അംഗീകരിച്ച മരണസർട്ടിഫിക്കറ്റ് അടുത്തുള്ള സർക്കാർ ആശുപത്രി/പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെ ലഭ്യമാക്കാം. സർട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് https://covid19.kerala.giv.in/deathinfo എന്ന വെബ്‌സൈറ്റിൽ കൂടി പരിശോധിക്കാം.സർട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം ഇതേ സൈറ്റിൽ ‘appeal request’ എന്ന ഓപ്ഷൻ മുഖേന അപ്പീൽ സമർപ്പിക്കാം. മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളിൽ ഒരാളായിരിക്കണം അപ്പീൽ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നു ലഭിച്ച മരണ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപ്പീൽ സമർപ്പിക്കുന്ന വ്യക്തി സ്വന്തം ഫോൺനമ്പർ നൽകണം. തുടർന്ന് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കി മരണമടഞ്ഞ വ്യക്തിയെ സംബന്ധിച്ചു ചോദിക്കുന്ന വിവരങ്ങൾ കൃത്യമായി നൽകണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നു ലഭിച്ച മരണ സർട്ടിഫിക്കറ്റിന്റെ നമ്പർ, മരണ സർട്ടിഫിക്കറ്റിലേതുപോലെ പേര്, വയസ്, ലിംഗം, പിതാവിന്റെ/മാതാവിന്റെ/ഭർത്താവിന്റെ പേര്, ആശുപത്രിയിൽ നൽകിയ ഫോൺ നമ്പർ, സ്ഥിരമായ മേൽവിലാസം, ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, മരണത്തീയതി, മരണസ്ഥലം, മരണം നടന്ന ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ പേര്. മരണസർട്ടിഫിക്കറ്റ്, മറ്റ് ആശുപത്രി രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

അപ്പീൽ സമർപ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും നൽകണം. തുടർന്ന് അപ്പീൽ പൂർത്തിയായ സന്ദേശം ലഭിക്കും. അപേക്ഷകന്റെ ഫോണിലേക്ക് ഒരു ആപ്ലിക്കേഷൻ നമ്പരും വരും. ഈ നമ്പർ ഉപയോഗിച്ച് അപ്പീൽ അപേക്ഷയുടെ പുരോഗതി അറിയാം. സമർപ്പിച്ച അപ്പീൽ, രേഖകളിലെ കൂട്ടിച്ചേർക്കലിനായി ആദ്യം മരണം നടന്ന ആശുപത്രിയിലേക്ക് അയയ്ക്കും.

തുടർന്നു ജില്ലാതല കോവിഡ് മരണ പരിശോധനാസമിതി ഈ അപ്പീൽ അപേക്ഷയിൽ തീരുമാനം എടുക്കും. വിവരം അപേക്ഷകനു ഫോണിലേക്കു സന്ദേശമായി നൽകും. തുടർന്നു പുതിയ സർട്ടിഫിക്കറ്റ് അപ്പീൽ നൽകിയ വ്യക്തിക്ക് ആരോഗ്യ സ്ഥാപനത്തിൽ നിന്നു കൈപ്പറ്റാം. അക്ഷയകേന്ദ്രം വഴിയും സേവനം ലഭ്യമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close