Breaking NewsKERALANEWSTop News

സമൂഹത്തിന് മാതൃകയാകേണ്ട അയ്യായിരത്തോളം അധ്യാപകർക്ക് വാക്സിൻ വേണ്ട; രണ്ടാം ഡോസ് എടുക്കാതെ ഇറങ്ങി നടക്കുന്നത് 14 ലക്ഷം പേരും; മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികളും മരണവും കേരളത്തിൽ; സർക്കാർ തള്ളുകൾ മാത്രമുള്ള കേരളം ഒമിക്രോണിൽ ആശങ്കപ്പെടുന്നത് ഇങ്ങനെ

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ കേരളത്തിന് വെല്ലുവിളിയാകുന്നത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജിനപ്പുറം സംസ്ഥാനത്ത് വാക്സിനേഷൻ പോലും ശരിയാം വിധം നടന്നിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപകരിൽ അയ്യായിരത്തോളം പേർ ഇതുവരെയ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ല. കോവിഡ് വാക്‌സിനേഷന് അർഹതയുള്ള ജനസംഖ്യയുടെ 96 ശതമാനം പേർ ആദ്യഡോസ് എടുത്തപ്പോൾ രണ്ടാം ഡോസ് പൂർത്തിയാക്കിയത് 63 ശതമാനം പേർ മാത്രമാണ്. 14 ലക്ഷം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാത്തവരായി ഉണ്ടെന്ന കണക്കും ആശങ്ക വർധിപ്പിക്കുന്നു. മൂന്നു മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികളും മരണവും സംസ്ഥാനത്താണ്.

പുതിയ വകഭേദം അതീവ ​ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്‌സിനേഷൻ തോതും വർധിപ്പിക്കാനാണ് കേന്ദ്ര നിർദ്ദേശം. കോവിഡ് വ്യാപനത്തിൽ രാജ്യത്ത് ഇപ്പോഴും മുന്നിലുള്ളത് കേരളമാണ്. ഇന്നലെ ടിപിആർ 9ന് മുകളിലായിരുന്നു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത കേരളത്തിൽ പുലർത്തും. കർശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും ആവശ്യം. വാക്‌സിനേഷൻ തോത് വർധിപ്പിക്കാനും, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കാനാണ് കേന്ദ്ര നിർദ്ദേശം. ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ പരിശോധനയില്ലെങ്കിൽ യഥാർഥ അളവ് നിർണയിക്കാൻ ബുദ്ധിമുട്ടാണ്. ഹോട്‌സ്‌പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകൾ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം വേണം്. ഹോട്‌സ്പോട്ടുകളിൽ വിപുലമായ പരിശോധനയ്‌ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം.

ജനതിക പരിശോധനയിൽ മാത്രമേ ഏതാണ് വകഭേദമെന്ന് തിരിച്ചറിയാൻ കഴിയൂ. എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിലനിർത്താൻ ശ്രമിക്കുക. രോഗം ആരംഭത്തിൽ തന്നെ തിരിച്ചറിയാൻ പരിശോധനകളുെട എണ്ണവും ആർടിപിസിആർ പരിശോധനകളും വർധിപ്പിക്കുക എത്തും കേന്ദ്ര നിർദ്ദേശമായി എത്തുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഗുരുതര നടപടികൾ എടുക്കേണ്ടി വരും. പരിശോധന കൂട്ടുകയും നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടിയും വരും. ചികിത്സ നൽകുന്നതിൽ കാലതാമസം ഒഴിവാക്കാൻ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്ര നിർദ്ദേശിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലും പരിശോധന ശക്തമാക്കും. ഒമിക്രോൺ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ തുടർനടപടികൾ കൂടുതൽ ഊർജിതമാക്കുകയും വേണം. രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ വിവരങ്ങൾ ലഭിക്കുന്നതിന് റിപ്പോർട്ടിങ് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാന തലത്തിൽ അവലോകനം ചെയ്യണം. വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്കയില്ലാതാക്കുകയും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും വേണം.

കേരളത്തിൽ ഇന്ന് വിദഗ്ധസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ കർശനമാക്കാൻ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തും. വിദേശത്തുനിന്ന് പുറപ്പെടും മുൻപും എത്തി കഴിഞ്ഞും ക്വാറന്റീൻ കഴിഞ്ഞും ആർടിപിസിആർ പരിശോധന നിർബന്ധമാണ്.

രാജ്യത്തെ പകുതിയിൽ ഏറെയും കോവിഡ് രോ​ഗികൾ ഇന്ത്യയിൽ

ഇന്ത്യയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 8,774 കോവിഡ് കേസുകളാണ്. ഇതിൽ 4,741 കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,72,523 ആയി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് 621 പേരാണ്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവർ 4,68,554. ആകെ രോഗബാധിതരുടെ 0.31 ശതമാനം മാത്രമാണു ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 9,481 പേർ കോവിഡ് മുക്തരായി. രോഗമുക്തി നിരക്ക് 98.34 ശതമാനമാണ്. ഇതുവരെ 121.94 കോടി വാക്സീൻ ഡോസ് വിതരണം ചെയ്തു.

കേരളത്തിൽ ഇന്നലെയും 4350 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂർ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂർ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,218 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,57,543 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4675 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 257 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 140 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,838 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4049 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 272 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5691 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 769, കൊല്ലം 544, പത്തനംതിട്ട 7, ആലപ്പുഴ 151, കോട്ടയം 471, ഇടുക്കി 266, എറണാകുളം 1078, തൃശൂർ 479, പാലക്കാട് 284, മലപ്പുറം 228, കോഴിക്കോട് 659, വയനാട് 335, കണ്ണൂർ 335, കാസർഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 47,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,46,219 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close