INDIANEWS

കോവിഡ്‌ അനാഥരാക്കി; ഏഴ്‌ മാസം മുതല്‍ പത്ത്‌ വയസു വരെ പ്രായമുള്ള സഹോദരങ്ങള്‍ പിച്ചച്ചട്ടിയുമായി തെരുവില്‍


ഭോപ്പാല്‍: മാതാപിതാക്കളെ കോവിഡ്‌ കൊണ്ടുപോയപ്പോള്‍ അനാഥരായത്‌ ഏഴ്‌ മാസം മുതല്‍ പത്ത്‌ വയസുവരെ പ്രായമുള്ള അഞ്ച്‌ സഹോദരങ്ങള്‍. ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി പിച്ചയെടുക്കേണ്ട അവസ്ഥയിലാണ്‌ ഈ കുഞ്ഞുങ്ങള്‍.

മൂന്ന്‌ പെണ്‍കുഞ്ഞുങ്ങളും രണ്ട്‌ ആണ്‍കുഞ്ഞുങ്ങളുമാണ്‌ മഹാമാരി മൂലം അനാഥരായി തീര്‍ന്നത്‌. മധ്യപ്രദേശിലെ ഭിന്ദ്‌ ജില്ലയിലെ അമാഹ ഗ്രാമത്തില്‍ നിന്നാണ്‌ ഈ കരളലിയിക്കുന്ന കാഴ്‌ച. വാല്‌മീകി സമുദായത്തിലെ ഈകുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തമായി കിടക്കാന്‍ പോലും ഒരിടമില്ല. ഗ്രാമവാസികളുടെ ദയയിലാണ്‌ ഈ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു നേരമെങ്കിലും അല്‍പ്പം ആഹാരം കിട്ടുന്നത്‌. ശവപ്പറമ്പിന്‌ സമീപമുള്ള പൊട്ടിപ്പൊളിഞ്ഞ ഒരു ഷെഡ്ഡിലാണ്‌ ഈ കുഞ്ഞുങ്ങള്‍ അന്തിയുറങ്ങുന്നത്‌. മഴപെയ്യുമ്പോള്‍ ഈ കുഞ്ഞുങ്ങള്‍ ശ്‌മശാനത്തിലെ ഒരുടിന്‍ ഷെഡില്‍ അഭയം തേടും.

ഇവരുടെ അച്ഛന്‍ രാഘവേന്ദ്ര വാല്‌മീകി ഫെബ്രുവരിയിലാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഇവരുടെ അമ്മ ഗിരിജ ജൂണിലും മരിച്ചു. അതോടെ ഈകുഞ്ഞുങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായി. അയല്‍ക്കാരാണ്‌ ഈ കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണവും വസ്‌ത്രവും നല്‍കുന്നത്‌. തങ്ങള്‍ക്ക്‌ ഒരു വീടും കുടിവെള്ളവും പഠിക്കാനുള്ള സൗകര്യവും നല്‍കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതായി കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്നവളായ പത്ത്‌ വയസുകാരി നിഷ പറഞ്ഞു.

മാതാപിതാക്കള്‍ നഷ്ടമായതോടെ മറ്റ്‌ നാലുപേരുടെയും അച്ഛനും അമ്മയും നിഷയാണ്‌.ഇവര്‍ക്ക്‌ ഒരു മുത്തച്ഛനുണ്ട്‌.അയാള്‍ ഈ ഗ്രാമത്തില്‍ തന്നെയാണ്‌ താമസിക്കുന്നതെങ്കിലും കുട്ടികളെക്കുറിച്ച്‌ അന്വേഷിക്കാറില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. തിരിച്ചറിയല്‍ രേഖകളടക്കം ഇല്ലാത്തതിനാല്‍ ഈ കുട്ടികള്‍ക്ക്‌ സര്‍ക്കാരില്‍ നിന്നുള്ള സഹായവും വൈകുകയാണ്‌.

കോവിഡ്‌ മൂലം അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി മുഖ്യമന്ത്രി കോവിഡ്‌ 19 ബാല്‍ സേവ യോജന മെയ്‌ മാസത്തില്‍ സംസ്ഥാനത്ത്‌ ആരംഭിച്ചിരുന്നു. കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസവും ഭക്ഷണവും സാമ്പത്തിക സുരക്ഷിതത്വവും ഒരുക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. 1001 കുട്ടികള്‍ ഈ പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഈ അഞ്ച്‌ കുഞ്ഞുങ്ങള്‍ ഈ പദ്ധതിയില്‍ ഇടംപിടിച്ചില്ല. അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. കുറച്ച്‌ രേഖകള്‍ ശരിയാക്കിയതായും അവര്‍ വ്യക്തമാക്കി.ഈപേപ്പറുകളിലാണ്‌ ഈ കുഞ്ഞുങ്ങളുടെ ഭാവി ജീവിതം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close