
സംസ്ഥാനത്ത് പ്രതിദിനരോഗബാധ അമ്പതിനായിരം കടക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്നാഴ്ചയ്ക്കുളളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കോവിഡ് വ്യാപിക്കും. കോവിഡ് വന്നവരില്‍ വീണ്ടും വരുന്നവരുടെ നിരക്കുമുയരുന്നു.കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ പോലും കിട്ടാനില്ല. ആന്റിജന്‍ പരിശോധനകള്‍ കൂട്ടാനും ആര്‍ടിപിസിആര്‍ കുറയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
സംസ്ഥാനത്ത് കോവിഡ് പിടിവിട്ട് കുതിക്കുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിററിവിററി നിരക്ക് 40 കടന്നു. 15 ന് ദുരന്തനിവാരണ വകുപ്പ് നല്കിയ പ്രൊജക്ഷന് റിപ്പോര്‍ട്ടില്‍ ഇരുപത്തേഴാം തീയതിയോടെ പ്രതിദിന രോഗബാധ മുപ്പത്തേഴായിരം കടക്കുമെന്ന മുന്നറിയിപ്പാണുളളത്. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണ് നിഗമനം. ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണവും ഉയരും. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്നാണ് പ്രൊജക്ഷന്.
കണക്കുകള്‍ ഇതിലും ഉയരുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. പുതിയ പ്രൊജക്ഷന് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ഐസിയുകളില്‍ 722 പേരും വെന്റിലേററര്‍ സഹായത്തോടെ 169 പേരും ചികില്‍സയിലുണ്ട്. വലിയതോതില്‍ കോവിഡിതര രോഗികളും ചികില്സയിലുളളതിനാല് തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രികളില്‍ കോവിഡ് കിടക്കകള്‍ കിട്ടാനില്ല. ആശുപത്രികളിലെത്തുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. അതും ലക്ഷണങ്ങളുണ്ടെങ്കില്‍മാത്രം. ലാബുകളില്‍ ജീവനക്കാരുടെ കുറവുമൂലം ആര്‍ടിപിസിആര്‍ കുറയ്ക്കാനാണ് നിര്‍ദേശം. ശസ്ത്രക്രിയകള്‍ക്കും മററുമെത്തുന്ന രോഗികള്‍ക്ക് ആര് ടി പിസി ആര് പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം കൂടുമെന്ന് ആക്ഷേപമുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..