Covid UpdatesKERALANEWSTop News

മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് വന്നു കഴിഞ്ഞു; ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം; എ,ബി കാറ്റഗറിയില്‍ 50 ശതമാനം ഹാജർ രേഖപ്പെടുത്താൻ ഉത്തരവ്; നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് വന്നെന്നും ജാഗ്രത സ്വീകരിക്കണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ 17709529 പേർക്ക് വാക്സീൻ നൽകിയെന്നും വാക്‌സിൻ സ്വീകരിച്ചവരും കോവിഡ് പ്രതിരോധ നടപടികൾ തുടരണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഗർഭിണികളും വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താസമ്മേളത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ:-

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരെയും സി കാറ്റഗറിയിൽ 25 ശതമാനം ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ചാണ് പ്രവർത്തനം. ഡി വിഭാഗത്തിൽ അവശ്യ സർവീസ് മാത്രമേ പ്രവർത്തിക്കൂ. ഇവിടെയുള്ള ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമാക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുണ്ടാക്കും.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് വന്നു. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡിന് വ്യാപന സാധ്യത കൂടുതലാണ്. ആഗോള യാത്രകൾ വർധിച്ചത് കൊണ്ട് പകർച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രിക്കാൻ രാജ്യത്തിനോ ഭൂഖണ്ഡത്തിനോ സാധിക്കില്ല. വിദേശത്ത് രണ്ടാം തരംഗം അവസാനിച്ച ശേഷമാണ് ഇന്ത്യയിൽ രണ്ടാം തരംഗം തുടങ്ങിയത്. സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ 60 ശതമാനം പേർക്ക് വാക്സീൻ നൽകണം. ഇതിനകം ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ നാലുതരം വൈറസ് വകഭേദം കണ്ടെത്തി. ഡെൽറ്റ വ്യാപനനിരക്ക് കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാൻ ഭാഗികമായി ശേഷി ആർജ്ജിച്ചതുമാണ്. ഇന്ത്യയിൽ ഇതാണ് ഇപ്പോൾ കൂടുതൽ.

കൊവിഡ് പെരുമാറ്റച്ചട്ടം കർശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധ ശേഷി കൈവരിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ല. ഇത് സ്വാഭാവികമായി ഉണ്ടാവുന്നതല്ല. നിയന്ത്രണത്തിലെ പാളിച്ചയും വാക്സീൻ വിതരണത്തിലെ വീഴ്ചയും മൂലമാണ് ഉണ്ടാവുന്നത്. ഈ ഘട്ടത്തിൽ അതിവേഗം വാക്സീനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡെൽറ്റ വൈറസ് സാധ്യതയുള്ളത് കൊണ്ട് ചെറുതും വലുതുമായ ആൾക്കൂട്ടം ഒഴിവാക്കണം. മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. കേവലം നാല് ശതമാനം കുട്ടികളെയാണ് ഇതുവരെ രോഗം ബാധിച്ചത്. മരണനിരക്കും വളരെ കുറവാണ്. എങ്കിലും മൾട്ടി സിസ്റ്റം ഇൻഫർമേറ്ററി സിൻഡ്രോം കുട്ടികളിൽ കാണുന്നുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് തീവ്ര പരിചരണം ഒരുക്കുന്നു.

സംസ്ഥാനത്ത് ഇതുവരെ 17709529 പേർക്ക് വാക്സീൻ നൽകി. ഇതിൽ 12464589 പേർക്ക് ഒരു ഡോസും 5244940 പേർക്ക് രണ്ട് ഡോസ് വാക്സീനും ലഭിച്ചു. കേന്ദ്രത്തിൽ നിന്ന് വാക്സീൻ കൃത്യമായി ലഭിക്കുകയാണെങ്കിൽ ഇപ്പോൾ കേരളം വാക്സീൻ വിതരണം ചെയ്യുന്ന വേഗത്തിൽ മൂന്ന് മാസത്തിനുള്ളിൽ 60 ശതമാനം പേർക്ക് വാക്സീൻ നൽകാനാവും. രോഗം വന്ന് ഭേദമായവരുടെ എണ്ണം കൂടിയിട്ടുണ്ട്. വാക്സീൻ ലഭിക്കുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ സാമൂഹ്യ പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കാനാവും. എന്നാൽ ഇത് കൈവരിച്ചാൽ പോലും കൊവിഡ് പെരുമാറ്റച്ചട്ടം പെട്ടെന്ന് പിൻവലിക്കാനാവില്ല. വാക്സീനെടുത്തവരിലും രോഗം വന്ന് പോയവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വാക്സീൻ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണം.

പോസിറ്റീവ് കേസുകൾ ഇപ്പോൾ ഒരേ നിലയിൽ നിൽക്കുകയാണ്. ഈ ദിവസങ്ങളിൽ കാണുന്നത് ചെറിയ വർധനവാണ്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലയാണ് ഇവിടെ. ഇതിൽ നാം വല്ലാതെ വ്യാകുലപ്പെടേണ്ടതില്ല. ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാവും വിധം രോഗികളുടെ എണ്ണം നിയന്ത്രിക്കാനാവും. മരണനിരക്ക് മറ്റേത് പ്രദേശത്തേക്കാളും കുറച്ച് നിർത്താനാവും. മറ്റ് രോഗാവസ്ഥ ഉള്ളവർക്കിടയിലാണ് കൊവിഡ് ഗുരുതരമാകുന്നത്.

അത്തരം രോഗാവസ്ഥകൾ ഉള്ളവർ കൂടുതൽ ശ്രദ്ധ പാലിക്കണം. കൃത്യമായ ചികിത്സ മുടക്കം കൂടാതെ ഉറപ്പാക്കണം. കൊവിഡ് ഇതര രോഗം ചികിത്സിക്കാൻ സൗകര്യം സർക്കാർ ആശുപത്രികളില്‍ പുനരാരംഭിച്ചു. ഇത് ഉപയോഗിക്കണം. ഇത്തരം രോഗാവസ്ഥ ഉള്ളവർ കൊവിഡ് ബാധിച്ചാൽ വീട്ടിൽ കഴിയാതെ ആശുപത്രികളിൽ പ്രവേശിക്കണം. കൂട്ടിരിപ്പുകാരെ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് ആശുപത്രിയിൽ ബുദ്ധിമുട്ട് ലഘൂകരിക്കാനാവും. അനുബന്ധ രോഗം ഉള്ളവർ വാക്സീൻ കഴിയാവുന്ന വേഗത്തിൽ എടുക്കണം. അവർക്ക് വാക്സീൻ ലഭിക്കാൻ മുൻഗണനയുണ്ട്.

ഇതുവരെ സംസ്ഥാനത്ത് 40000 ത്തോളം ഗർഭിണികൾ വാക്സീനെടുത്തു. ചിലർ വിമുഖത കാണിക്കുന്നു. ഇവർ സ്വന്തം സുരക്ഷയും കുഞ്ഞിന്‍റെ സുരക്ഷയും കണക്കിലെടുത്ത് വാക്സീനെടുക്കണം. കൊവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലായി, അപൂർവം പേർ മരിച്ചു. പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ തീരുമാനം എടുത്തത്. അതുകൊണ്ട് ആശങ്ക കൂടാതെ ഗർഭിണികൾ വാക്സീൻ എടുക്കണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ നൽകാൻ കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സീനെടുത്താലും മുലയൂട്ടുന്ന സമയത്ത് രണ്ടാം ഡോസ് വാക്സീൻ എടുക്കാം. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യത്തിന് ഉപരിയായി രോഗികളുടെ എണ്ണം വർധിച്ചില്ല. അതാണ് കേരളത്തിൽ മരണനിരക്ക് കുറയാൻ കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close