
ന്യൂഡൽഹി: ചെന്നൈ മൃഗശാലയിൽ സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്ത പശ്ചാത്തലത്തിൽ മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനൽകാൻ കേന്ദ്രം തീരുമാനിച്ചു. മൃഗങ്ങളിലും വാക്സിൻ പരീക്ഷിക്കാനാണ് തീരുമാനം. ഐ സി എം ആറും ഹരിയാന നാഷണൽ റിസർച്ച് സെന്റര്‍ ഓൺ ഇക്വീൻസും (എൻ.ആർ.സി.ഇ.) സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് മൃഗങ്ങൾക്ക് നൽകുക.
ആദ്യഘട്ടത്തിൽ സിംഹത്തിലും പുള്ളിപ്പുലിയിലുമാകും വാക്സിൻ പരീക്ഷണം നടത്തുക. ഗുജറാത്തിലെ ജുനഗഢിലെ സക്കർബാഗ് മൃഗശാലയിലെ സിംഹങ്ങളിലും പുള്ളിപ്പുലികളിലും വാക്സിൻ പരീക്ഷിക്കും. മൃഗങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സൗകര്യമുള്ള ഇന്ത്യയിലെ ആറ് മൃഗശാലകളിൽ ഒന്നാണ് ഇത്.
70 ൽ അധികം സിഹങ്ങളും 50 പുള്ളിപ്പുലികളും ഉണ്ട് ഇവിടെ. 15 മൃഗങ്ങളിലാകും പരീക്ഷണം നടത്തുക. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായി വാക്സിൻ നൽകും. രണ്ടാമത്തെ ഡോസിന് ശേഷം മൃഗങ്ങളെ രണ്ട് മാസത്തേക്ക് നിരീക്ഷിക്കും. മൃഗങ്ങൾക്കുേവേണ്ടി ആദ്യം വാക്സിൻ നിർമിച്ചത് റഷ്യയാണ്. ‘കാർണിയാക്-കോവ്’ എന്ന റഷ്യൻ വാക്സിൻ നായ, പൂച്ച, കുറുക്കൻ, നീർനായ എന്നീ മൃഗങ്ങൾക്ക് നൽകുന്നുണ്ട്. കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ 15 സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്തിരുന്നു.