KERALANEWSTop News

കോവിഡ് മരണസർട്ടിഫിക്കറ്റ്; ഓൺലൈൻ ആയോ നേരിട്ടോ അപേക്ഷിക്കാം; സർക്കാർ ലിസ്റ്റിൽ ഇല്ലാത്തവർക്കും പരാതിയുള്ളവർക്കും അപ്പീൽ നൽകാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണസർട്ടിഫിക്കറ്റ് നാളെ മുതൽ അപേക്ഷിക്കാം. കോവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബർ 10 മുതൽ നൽകാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. സർക്കാർ ലിസ്റ്റിൽ ഇല്ലാത്തവർക്കും പരാതിയുള്ളവർക്ക് അപ്പീൽ നൽകാം. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.

ഓൺലൈനായും നേരിട്ടും ബുദ്ധിമുട്ടുകൾ ഒഴിവാക്കി അപേക്ഷ നല്കാൻ സാധിക്കുന്നു. പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. അപേക്ഷകൾ പരിശോധിച്ചതിനു ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ആദ്യം ചെയ്യേണ്ടത്

ഇ-ഹെൽത്ത് കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടൽ മുഖേനയാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കൊവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ (https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റിൽ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതിൽ ഉൾപ്പെടാത്തവർ ഉണ്ടെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതിയാകും.

അപേക്ഷിക്കേണ്ട രീതി

https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറി അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണുന്ന പേജിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യണം.

ഇനി വരുന്ന പേജിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണ സർട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളിൽ ആദ്യം കാണുന്നതാണ് കീ നമ്പർ.

തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിലെ പേര്, വയസ്, ജെൻഡർ, പിതാവിന്റേയോ മാതാവിന്റേയോ ഭർത്താവിന്റേയോ പേര്, ആശുപത്രി രേഖകളിലെ മൊബൈൽ നമ്പർ, തദ്ദേശ സ്ഥാപനത്തിലെ മരണ സർട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നൽകണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നൽകണം.

അപേക്ഷകൻ നൽകിയ വിവരങ്ങൾ വീണ്ടും ഒത്ത് നോക്കിയതിന് ശേഷം സബ്മിറ്റ് ചെയ്യണം. വിജയകരമായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷാ നമ്പർ അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് വരുന്നതാണ്.

വിജയകരമായി സമർപ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടർന്ന് അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ നിർണയ സമിതിക്കും (സിഡിഎസി) അയക്കുന്നു. പുതിയ ഐസിഎംആർ മാർഗനിർദ്ദേശമനുസരിച്ച് ജില്ലാ കൊവിഡ് മരണ നിർണയ സമിതി (സിഡിഎസി) അംഗീകാരത്തിന് ശേഷം പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close