Breaking NewsKERALANEWSTop News

പിണറായി വിജയന്റെ പദ്ധതി കിറ്റെക്സിനെ ചുവപ്പുനാടയിൽ കുടുക്കാനോ; കോവിഷീൽഡിന്റെ രണ്ട് ഡോസും 28 ദിവസത്തിനകം സ്വീകരിക്കാമെന്ന ഹൈക്കോടതി വിധി ഉടൻ നടപ്പാകില്ല; തീരുമാനം എടുക്കാൻ അധികാരമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഷീൽഡിന്റെ രണ്ട് ഡോസും 28 ദിവസത്തിനകം സ്വീകരിക്കാമെന്ന ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഷീൽഡ് വാക്സിൻ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് പൂർണ്ണ യോജിപ്പെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കിറ്റെക്സ് നേടിയ അനുകൂല വിധി ചുവപ്പുനാടയിൽ കുരുക്കിയിടാനുള്ള തന്ത്രമാണോ നടക്കുന്നത് എന്ന സംശയമാണ് ഉയരുന്നത്.

കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നാലാഴ്ചകൾക്ക് ശേഷം എടുക്കാമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവിന് അനുമതി നൽകാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കിറ്റെക്സിലെ ജീവനക്കാർക്കായി 98 ലക്ഷം രൂപയുടെ 12,000 രണ്ടാം ഡോസ് കോവിഷീൽഡ് വാങ്ങിവെച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് അനുമതി നൽകാത്തതിനെ തുടർന്ന് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് രണ്ട് ഡോസ് കോവിഷീൽഡ് വാക്‌സിനേഷനുൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ വിധി സ്വാ​ഗതാർഹമെന്നായിരുന്നു കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബിന്റെ പ്രതികരണം.

വാക്‌സിൻ വൈകുന്നത് മൂലം സാധാരണക്കാർ ബലിയാടാകുന്ന അവസ്ഥയെന്ന് സാബു എം ജേക്കബ് പറഞ്ഞു. കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധി നേരിടാൻ വാക്സിനേഷൻ പൂർത്തിയാക്കുക മാത്രമാണ് ഏക പോംവഴി. ഇരു ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിധി സ്വാഗതാർഹം. വാക്സിനേഷൻ പൂർത്തിയാക്കാതെ ജീവിക്കാൻ വേണ്ടി പുറത്തിറങ്ങുന്ന ജനങ്ങളുടെ മേൽ പിഴ ചുമത്തുന്നതും കട കമ്പോളങ്ങൾ അടച്ചിടുന്നതും മനുഷ്യത്വ രഹിതമായ നടപടിയാണ്. എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കാതെ അടച്ചിട്ടും പിഴ ചുമത്തിയും ആളുകളെ ദ്രോഹിക്കുന്ന പ്രവൃത്തി ക്രൂരതയാണ്. വാക്സിനേഷൻ വേഗത്തിലാക്കാൻ കഴിയാതെ പോയ സർക്കാരിന്റെ വീഴ്ചക്ക് സാധാരണക്കാരായ ജനങ്ങൾ ബലിയാടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

താൽപര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സീൻ സ്വീകരിക്കാമെന്നാണ് കോടതി വിധി. കോവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾവരുത്താൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ല. നേരത്തെ വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. വിദേശത്ത് പോകുന്നവർക്ക് ഇളവ് അനുവദിച്ചത് അടിയന്തര സാഹചര്യം കണക്കിലെടുത്തെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സിന് ശേഷമുള്ള എൺപത്തിനാല് ദിവസം ഇടവേളയിൽ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നൽകിയ ഹർജിയിലായിരുന്നു കേന്ദ്ര സർക്കാർ നിലപാടറിയിച്ചത്. തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്‌സിനെടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസിന് അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിറ്റെക്‌സിന്റെ ഹർജി.

93 ലക്ഷം രൂപ ചിലവിൽ പന്ത്രണ്ടായിരം കൊവിഷീൽഡ് വാക്സിൻ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നൽകാത്തത് നീതി നിഷേധമാണെന്നാണ് ഹരജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന സർക്കാർ കോടതിയിൽ അറിയിച്ചു. ഇതേതുടർന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത്.

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാൽ നാലുമുതൽ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാർ​ഗനിർദേശം. പിന്നീടിത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോൾ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദേശം.

അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും ഉൾപ്പെടെ ആകെ വാക്സിനേഷൻ മൂന്ന് കോടി കടന്നു. ഇതുവരെ 3,01,00,716 ഡോസ് വാക്സിനാണ് നൽകിയത്. സംസ്ഥാനത്ത് വാക്സിനേഷൻ ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്സിൻ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷനിൽ തടസം നേരിട്ടു. ഇന്നലെ സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ എത്തി. ഇതോടെ വാക്സിനേഷൻ കാര്യക്ഷമമായി നടന്നു വരുന്നു. വാക്സിൻ തീരുന്ന മുറയ്ക്ക് വാക്സിൻ ലഭ്യമാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസസമയം കോവാക്സിനും കോവിഷീൽഡും മികച്ച ഫലം തരുന്നവയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close