Breaking NewsKERALANEWSTop News

കണ്ണൂരിലായാലും സിപിഎമ്മിന്റെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് സിപിഐ; പിഴുതുമാറ്റിയ കൊടിമരം അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കുക വൻ പ്രകടനമായെത്തി; കണ്ണൂരിലെ സിപിഎം ​ഗ്രാമങ്ങളിൽ ഇനി പാറുക സിപിഐയുടെ രക്തപതാക

കണ്ണൂർ: സിപിഎമ്മിന്റെ ധാർഷ്ട്യം കണ്ണൂരിലായാലും വകവെച്ച് കൊടുക്കേണ്ടതില്ലെന്ന് സിപിഐ. കണ്ണൂരിലെ സിപിഎം ​ഗ്രാമങ്ങളിലേക്ക് കടന്നു കയറി ശക്തി വർധിപ്പിക്കാനുള്ള ഒരു അവസരവും നഷ്ടമാക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ ജില്ലാ – സംസ്ഥാന നേതൃത്വങ്ങൾ. സിപിഎം പ്രവർത്തകർ മാണ്ഡാംകുന്നിൽ പിഴുതെറിഞ്ഞ കൊടിമരം പുനസ്ഥാപിക്കാനാണ് സിപിഐയുടെ തീരുമാനം. കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പൊതുയോഗത്തിന് ബദലായി കീഴാറ്റൂരിലെ മാന്ധംകുണ്ടിൽ സിപിഐയും പ്രതിഷേധ പ്രകടനവും പൊതുയോ​ഗവും നടത്തും.

സിപിഎം പിഴുതെടുത്ത കൊടിമരം പഴയ സ്ഥാനത്തു തന്നെ പുനഃസ്ഥാപിക്കാനാണ് സി.പി. ഐ ജില്ലാസെക്രട്ടറി പി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ കീഴാറ്റൂരിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് സിപിഐ മണ്ഡലം കമ്മിറ്റി യോ​ഗം ചേരുന്നുണ്ട്. പൊതുയോഗത്തിന്റെ തീയ്യതിയും മറ്റുകാര്യങ്ങളും ഇന്ന് തളിപ്പറമ്പിൽ നടക്കുന്ന മണ്ഡലംകമ്മിറ്റിയോഗത്തിൽ തീരുമാനിക്കും എന്നാണ് റിപ്പോർട്ട്.

സിപിഎം വിട്ടുപോയ കോമത്ത് മുരളീധരനെ സിപിഐ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് കണ്ണൂർ ജില്ലയിൽ സിപിഎം-സിപിഐ പോര് കനക്കുന്നത്. ഇടതു മുന്നണിയിലെ ഘടക കക്ഷികൾ തമ്മിൽ നേരത്തെ ഉരസലും സംഘർഷവും ഒക്കെയുണ്ടായിരുന്നുവെങ്കിലും തുറന്നപോരിലെന്ന് എത്തുന്നത് ആദ്യമായിട്ടാണ്. സിപിഐ വിട്ടുവന്നവരാണ് സിപിഎം രൂപീകരിച്ചതെന്നു ഓർക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എം.വി ജയരാജനോടുള്ള മറുപടി നേതൃതലത്തിലും അഭിപ്രായഭിന്നത ശക്തമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ദിവസം കീഴാറ്റൂരിൽ നടന്ന പൊതുയോഗത്തിൽ സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജൻ ആർക്കും കയറിക്കിടക്കാവുന്ന പാർട്ടിയായി സിപിഐ മാറിയെന്നു ആരോപണമുന്നയിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലും ഈക്കാര്യം അടിവരയിട്ടുകൊണ്ടു സിപിഐയെ വിമർശിക്കുകയും പാർട്ടി ശക്തികേന്ദ്രമായ മാന്ധംകുണ്ടിൽ സിപിഐ പതാകയോ കൊടിമരമോ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെയാണ് അതിശക്തമായ പ്രതിരോധവുമായി സിപിഐയും രംഗത്തുവന്നത്.

കഴിഞ്ഞ ദിവസം മാന്ധം കുണ്ടിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ അതിരൂക്ഷമായ ഭാഷയിലാണ് കോമത്ത് മുരളീധരനെയും സംഘത്തെയും പാർട്ടിയിലേക്ക് എടുത്ത സിപിഐ നേതൃത്വത്തെ വിമർശിച്ചത്. സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരനെയും സംഘത്തെയും സിപിഐ സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ജയരാജൻ ചോദിച്ചു. ഇരുപാർട്ടികളും തർക്കമുന്നയിച്ചു സ്ഥാപിച്ച സിപിഐ കൊടിമരം നേതാക്കളുടെ സാന്നിധ്യത്തിലാണ് അണികൾ പിഴുതുമാറ്റിയത്.

സിപിഐ ജില്ലാസെക്രട്ടറി പി സന്തോഷ്‌കുമാർ, സംസഥാന കൗൺസിൽ അംഗം സി.പി സന്തോഷ് എന്നിവരും സംഘർഷ സ്ഥലം സന്ദർശിച്ചു. ഇതിനു ശേഷം കോമത്ത് മുരളീധരന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സിപിഐയും പൊതുയോഗം നടത്താൻ തീരുമാനിച്ചത്. പാർട്ടി സംസ്ഥാന – ജില്ലാനേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close