KERALANEWSTop News

വിറകുവെട്ടിയവരും വെള്ളംകോരിയവരും വെയിലത്ത് നിൽക്കുമ്പോൾ പെ‌ട്ടിയെടുപ്പുകാർക്കും പ്രമാണിമാർക്കും പട്ടുമെത്ത; സിപിഐയിലെ സവർണാധിപത്യവും ​ഗ്രൂപ്പിസവും പാർട്ടിയെ തകർക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: ഇപ്പോഴത്തെ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറിനെതിരെ 2017ൽ ജാതിഅധിക്ഷേപം നടത്തിയ മനോജ് ചരളേലിനെ ദേവസ്വം ബോർഡ് അം​ഗമായി തീരുമാനിച്ചതോടെ സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയാകുന്നത് സിപിഐയിലെ സവർണ മേധാവിത്വം. സിപിഐയിൽ നായന്മാരുടെ ഭരണമാണ് നടക്കുന്നതെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്. മന്ത്രി പദത്തിലേക്ക് പട്ടികജാതിക്കാരെ പരി​ഗണിക്കാതിരുന്നതും നേരത്തേ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയ പൊതുസമൂഹത്തിൽ ജാതിപറഞ്ഞ് അപഹാസ്യനായ മനോജിനെ ദേവസ്വം ബോർഡ് അം​ഗം പോലെ ഒരു സുപ്രധാന പദവി നൽകിയിരിക്കുന്നത്.

സിപിഐയിൽ സവർണാധിപത്യവും പുരുഷാധിപത്യവുമാണെന്ന വികാരം പലപ്പോഴും അണികൾ പോലും പ്രകടിപ്പിക്കുന്ന സാഹചര്യമാണ്. ഒന്നാം മന്ത്രിസഭയിൽ കെ ആർ ​ഗൗരിയമ്മയെ മന്ത്രിയാക്കിയതിന് ശേഷം ഇക്കുറിയാണ് സിപിഐ ഒരു വനിതയെ മന്ത്രിയാക്കുന്നത്. പലപ്പോഴും ജനറൽ സീറ്റിൽ നിർത്തി പട്ടികജാതിക്കാരെ മത്സരിപ്പിക്കാൻ ധൈര്യം കാട്ടിയിട്ടുള്ള സിപിഐ ഇപ്പോൾ സംവരണ മണ്ഡലങ്ങളിൽ മാത്രമാണ് പട്ടികജാതിക്കാരെ പരി​ഗണിക്കുന്നത്. എന്നാൽ, ജാതിവെറിയുള്ള സവർണർ മാത്രമല്ല, പാർട്ടിയിലെ ​ഗ്രൂപ്പിസവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണയ്ക്കുന്നവർക്ക് മാത്രം മത്സരിക്കാൻ സീറ്റും പദവികളും എന്ന നിലപാടാണ് സിപിഐയിൽ ഇപ്പോൾ.

വിറക് വെട്ടുന്നവരും വെള്ളം കോരുന്നവരും പാർട്ടിയുടെ പുറംപോക്കിലും പെട്ടിയെടുപ്പുകാർ അകത്തളത്തിലും എന്നതാണ് നിലവിലെ രീതി. കാനം രാജേന്ദ്രൻ വിരുദ്ധ ചേരിയിലുള്ളവരെ വെട്ടിനിരത്തുന്ന നിലപാടാണ് ഇപ്പോൾ സിപിഐ സ്വീകരിക്കുന്നത്. അതിന്റെ ഭാ​ഗമായിട്ടായിരുന്നു മന്ത്രിസഭാ രൂപീകരണ വേളയിൽ പി എസ് സുപാലിനെ തഴഞ്ഞത്. സവർണാധിപത്യവും ​ഗ്രൂപ്പ് പ്രവർത്തനവും സിപിഐയെ തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മനോജ് ചരളേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നോമിനേറ്റ് ചെയ്തതോടെയാണ് സിപിഐയിലെ സവർണാധിപത്യവും മനോജ് ചരളേലിന്റെ പഴയ ജാതി അധിക്ഷേപവും വീണ്ടും ചർച്ചകളിൽ നിറയുന്നത്. ഇപ്പോഴത്തെ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറിനെതിരെ ആയിരുന്നു മനോജിന്റെ ജാതി അധിക്ഷേപം.തന്റെ പ്രതിശ്രുത വധുവുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ ഗോപകുമാറിനെ ” പന്നപ്പുലയനെന്ന് ” വിളിച്ച് അധിക്ഷേപിക്കുന്ന മനോജ് ചരളേലിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെ മനോജിനെ സിപിഐ പുറത്താക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

2017 ഫെബ്രുവരിയിലാണ് മനേജ് ചരേളേലിന്റെ ജാതിവെറി കേരളം അറിയുന്നത്. പ്രതിശ്രുത വധുവുമായുള്ള ഫോൺ സംഭാഷണം പുറത്തു വന്നതോടെ സിപിഐ നേതാവിന്റെ ജാതി ചിന്ത അറിഞ്ഞ് മതേതര കേരളം ഞെട്ടിയിരുന്നു. ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് പറയുന്ന മനോജ് ചരളേൽ ഇപ്പോഴത്തെ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉള്ള അടൂരിലേക്ക് വരുന്നതിൽ തനിക്ക് തീരെ താൽപര്യമില്ലെന്നും പറയുന്നു. 2017 ജനുവരിയിൽ പ്രതിശ്രുത വധുവുമായി നടത്തിയ ഫോൺ സംഭാഷണമായിരുന്നു പുറത്തു വന്നത്. സിപിഐയുടെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയായ പി കെ വാസുദേവൻനായരുടെ അനന്തരവളുടെ മകൻ കൂടിയാണ് മനോജ് എന്ന് പറയുമ്പോഴാണ് അധിക്ഷേപത്തിന്റെ ഗൗരവം വർധിക്കുന്നത്.

മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിയുടെ സഹോദരിയുമായി 2017 ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താൻ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവർ ഈ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാൽ എന്നയാളാണ് ഈ സംഭാഷണം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണത്തിന്റെ ഒടുവിലാണ് വിവാദ പരാമർശം ഉള്ളത്. 2017 ജനുവരി മൂന്നിന് നടന്ന സംഭാഷണമാണിത്. അന്നാണ് റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം അടൂരിൽ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന റാലിക്കൊന്നും പോയില്ലേ എന്ന് പ്രതിശ്രുത വധു ചോദിക്കുന്നിടത്ത് നിന്നാണ് വിവാദ പരാമർശത്തിന്റെ തുടക്കം. അടൂരിൽ നടക്കുന്നതിന് നമുക്കെന്നാ കാര്യമെന്ന് മനോജ് ചോദിക്കുന്നു.

തുടർന്നുള്ള സംഭാഷണം ഇങ്ങനെ:

വധു: സ്‌കൂൾ ഒക്കെയുള്ളതല്ലേ?
മനോജ്: സ്‌കൂൾ ഉണ്ടെന്ന്പറഞ്ഞ്, ഇവിടെങ്ങാനും നടക്കുകാണേൽ നമ്മൾ അതിന്റെ സംഘാടകരാണെങ്കിലേ റാലിക്കൊക്കെ പോകൂ..
വധു: എംഎൽഎയായിരുന്നു ചെയർമാൻ, ആന്റോ ആന്റണിയായിരുന്നു ഉദ്ഘാടനം.
മനോജ്: ഒന്നാമതേ പിന്നെ എനിക്കങ്ങോട്ട് അടൂരിലേക്ക് വരണമെന്ന് പോലും താൽപര്യമില്ല.
വധു: ആന്റോ ആന്റണിയാ ഉദ്ഘാടനം. എംഎ‍ൽഎയാ ചെയർമാനും അധ്യക്ഷനും.
മനോജ്: പന്നപ്പെലേനെ കണ്ടാൽ അന്ന് വെള്ളം കുടിക്കില്ല. അതു കാരണം എനിക്കങ്ങോട്ട് വരണമെന്നേയില്ല.
വധു: ജാതിയൊന്നും ഒരിക്കലും പറയരുത്. ഇത്രേം പുരോഗമന പരമായി ചിന്തിക്കുന്ന ഒരാള് ഒരിക്കലും ജാതി പറയരുത്.
മനോജ്: വ്യാഴാഴ്ച അവനവിടെ ഉണ്ടെങ്കിൽ ഇതു കഴിയാതെ ഞാനവിടെ വരത്തുമില്ല.
വധു: ഏത് കഴിയാതെ.
മനോജ്: ഇവനവിടെങ്ങാനും ഉണ്ടെങ്കിൽ ഞാൻ യൂത്ത്ഫെസ്റ്റിവൽ കഴിഞ്ഞേ ഇനിയങ്ങോട്ടു വരൂള്ളൂ.

സിപിഐ പത്തനംതിട്ട ജില്ല എക്സിക്യൂട്ടീവ് അംഗമാണ് മനോജ് ചരളേൽ. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറാണ് അഡ്വ. മനോജ് ചരളേൽ. അഡ്വ. മനോജ് ചരളേൽ സി.പി.ഐ മണ്ഡലം സെക്രട്ടറിയും എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടിവ്​ അംഗവുമാണ് നിലവിൽ. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാംതവണയാണ് കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറാവുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close