വരുന്നവരിലേറെയും സിപിഎമ്മിൽ നിന്ന്; ഒരു എസ്ഡിപിഐക്കാരനെയും അടുപ്പിക്കില്ലെന്ന് നിലപാട്; അംഗബലം കൂട്ടുമ്പോഴും ആദർശം മുറുകെ പിടിച്ച് സിപിഐ

തിരുവനന്തപുരം: കഴിഞ്ഞ നാലു വർഷത്തിനിടെ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തുമ്പോഴും സിപിഐയിലേക്ക് പുതിയ ആളുകളെ സ്വീകരിക്കുന്നതിൽ ജാഗ്രത കാത്തുസൂക്ഷിക്കുന്നെന്ന് നേതൃത്വം. ഒരു എസ്ഡിപിഐക്കാരനെയും പാർട്ടി ഘടകങ്ങളിലോ ബഹുജന സംഘടനകളിലോ ഉൾപ്പെടുത്തരുതെന്ന് നേതൃത്വം വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രാദേശിക നേതാക്കളും വ്യക്തമാക്കുന്നു.
സിപിഎം, കോൺഗ്രസ്, ബിജെപി, ജനതാദൾ (എസ്), മുസ്ലീം ലീഗ്, കേരള കോൺഗ്രസിലെ ചില വിഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ള ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്ന് സിപിഐ നേതാക്കൾ വ്യക്തമാക്കുന്നു. എസ്ഡിപിഐ ബന്ധമുള്ളവർ പാർട്ടിയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എത്താറുണ്ട്. എന്നാൽ, അവർക്ക് വേണ്ടത് പകൽ പുരോഗമന മുഖം മാത്രമാണ്. പകൽ പുരോഗമനവും രാത്രിയിൽ മതമൗലികവാദവും എന്ന പോളിസിക്ക് നിന്നുകൊടുക്കാൻ കഴിയില്ലെന്നും സിപിഐ നേതാക്കൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ സിപിഐയിലേക്കെത്തിയവരിൽ പകുതിയോളം പേർ സിപിഎം വിട്ടവരാണ് എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി സിപിഐ നേതൃത്വം വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ സ്വഭാവം സിപിഐ നിലനിർത്തുന്നുവെന്ന് ഇടതുപക്ഷത്തിനുള്ളിലെ ഒരു വിഭാഗത്തിനെങ്കിലും തോന്നുന്നതിന്റെ സൂചനയായിരിക്കാം ഈ കുടിയേറ്റം. “പൊതുവെ, ഇടതുപക്ഷ പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിൽ ജനങ്ങൾക്ക് മതിപ്പുളവാകുന്നു. സിപിഎമ്മും സിപിഐയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ സിപിഐക്ക് കൂടുതൽ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡും പ്രതിച്ഛായയും ഉണ്ട്. അതുകൊണ്ടാണ് അവർ സിപിഐയിലേക്ക് കുടിയേറാൻ ഇഷ്ടപ്പെടുന്നതെന്നും പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സിപിഎമ്മിൽ നിന്ന് പുറത്തുപോകുന്ന ഒരാൾക്ക് സ്വാഭാവികമായും ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് സിപിഐയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ സിപിഐയിലേക്ക് കടന്നുവരുന്നെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സമ്മേളനങ്ങളോട് അനുബനധിച്ചുള്ള റിപ്പോർട്ടുകളിലാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ അരലക്ഷത്തോളം ആളുകൾ വിവിധ പാർട്ടികളിൽ നിന്നായി സിപിഐയിലേക്കെത്തി. സിപിഐയിൽ ചേരുന്നവരിൽ ഭൂരിപക്ഷവും സിപിഎം വിട്ടുവരുന്നവരാണ്.
സിപിഎമ്മിൽ നിന്നു പതിനായിരത്തിലേറെ പേർ സിപിഐയിലേക്കു ചേക്കേറിയെന്നാണ് അനുമാനം. 4 വർഷത്തിനിടെ സിപിഐയുടെ അംഗസംഖ്യ 1.33 ലക്ഷത്തിൽ നിന്ന് 1.77 ലക്ഷമായി. വർഷം 10,000 വച്ചുള്ള ഈ വർധന ഇതാദ്യമാണ്. ഇതിന്റെ വലിയ ഭാഗം സിപിഎമ്മിൽ നിന്നാണെന്നു വിലയിരുത്തുന്നു. സിപിഎമ്മിലെ നയവ്യതിയാനത്തിലും സംഘടനാ പ്രശ്നങ്ങളിലും മടുത്തവർ സിപിഐയെ തിരഞ്ഞെടുക്കുന്നുവെന്ന അവകാശവാദം സമ്മേളനങ്ങളിൽ നേതാക്കൾ ഉയർത്തുന്നുണ്ട്.
നേരത്തേ സിപിഐക്കു സ്വാധീനമുള്ള കൊല്ലം, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണു സിപിഎമ്മിൽ നിന്നു പ്രാദേശികതലത്തിൽ പ്രവർത്തകർ ചേർന്നിരുന്നത്. ഇപ്പോൾ 14 ജില്ലകളിലും ഈ പ്രവണത ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ജില്ലാ സമ്മേളനം നടന്ന തിരുവനന്തപുരം ജില്ലയിലെ കണക്ക് പ്രതിനിധികൾക്കു മുൻപാകെ അവതരിപ്പിച്ചിരുന്നു. ഒരു വർഷം കൊണ്ട് 1210 സിപിഎമ്മുകാരാണു സിപിഐയിലെത്തിയത്.
ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചതിനാൽ എല്ലാ ജില്ലകളിലെയും കണക്ക് സിപിഐ ശേഖരിച്ചു വരികയാണ്. ഏറ്റവും കൂടുതൽ അംഗത്വ വർധന ഉണ്ടായ ജില്ലയായ തിരുവനന്തപുരത്തു കഴിഞ്ഞ 4 വർഷത്തിനിടെ ഏകദേശം 2500 സിപിഎം അംഗങ്ങൾ പാർട്ടിയിലെത്തിയെന്നാണു സിപിഐയുടെ കണക്ക്.
മറ്റു പാർട്ടികളിൽ നിന്ന് സിപിഐയിൽ എത്തുന്നവർക്ക് പോഷക സംഘടനകളിലും പിന്നീട് കാൻഡിഡേറ്റ് അംഗമായും പ്രവർത്തിച്ച ശേഷമേ പാർട്ടി അംഗത്വം നൽകൂ. എന്നാൽ, സിപിഎം അംഗത്വം ഉള്ളവർക്കു നേരിട്ട് സിപിഐ അംഗം ആകാം.