INSIGHTKERALANEWSTrending

സിപിഐയെ ഇകഴ്ത്തുവാൻ നടക്കുന്ന ആളുകൾക്ക് തല്ലാൻ ഒരു വടിയായി മാത്രമേ ജയശങ്കറിന്റെ സുരേന്ദ്രൻ – ബിജെപി സ്നേഹം ഉപകരിച്ചുള്ളൂ; സംഘപരിവാർ പുലർത്തുന്ന സ്ത്രീവിരുദ്ധത ഏതാണ്ട് അതേ തോതിൽ അദ്ദേഹത്തിൽ കാണാം; പ്രശാന്ത് ആലപ്പുഴ എഴുതുന്നു

പ്രശാന്ത് ആലപ്പുഴ

കുട്ടിക്കാലത്ത് സ്ഥിരമായി തലമുടി വെട്ടുവാൻ പൊയ്ക്കൊണ്ടിരുന്ന പുന്നപ്രയ്ക്ക് അടുത്തുള്ള ഒരു ബാർബർ ഷോപ്പിൽ ആണ് ആദ്യമായി മാധ്യമം എന്ന പ്രസിദ്ധീകരണം വായിക്കുന്നത്. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരായ സഹോദരന്മാർ നടത്തുന്ന ഒരു കടയായിരുന്നു അത്. മാധ്യമം മാത്രമല്ല പ്രബോധനവും ആദ്യമായി കണ്ടത് അവിടെയാണ്. സി രാധാകൃഷ്ണൻ ആയിരുന്നു മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എന്നാണ് ഓർമ്മ. അവിടെ വെച്ചാണ് കെ രാജേശ്വരി എന്ന പേരിൽ രാഷ്ട്രീയ ചരിത്രം എഴുതുന്ന ഒരാളെ വായിക്കാൻ ഇടയാകുന്നത്.

കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തോട് അതിൻറെ സൂക്ഷ്മാംശങ്ങളോടും എല്ലാകാലത്തും ആർത്തി നിറഞ്ഞ ഒരു കൗതുകമായിരുന്നു ഞാൻ സൂക്ഷിച്ചിരുന്നത്. കലാകൗമുദിയിൽ വന്നുകൊണ്ടിരുന്ന ഡോക്ടർ പ്രസന്നൻ എഴുതിയ നിയമസഭയിൽ നിശബ്ദനായി എന്ന പരമ്പര ഒക്കെ ഉണർത്തിയ ആവേശം കേവലം വാക്കുകളിൽ പറഞ്ഞു തീർക്കാവുന്നതല്ല

രാജേശ്വരിയുടെ നർമ്മം കലർന്ന ആഖ്യാനരീതി എന്നെ പെട്ടെന്ന് അവരുടെ ശൈലിയുടെ ആരാധകനാക്കി. പൊളിറ്റിക്കൽ കറക്റ്റ്നെസ് അത്രയൊന്നും ഉറച്ചിട്ടില്ലാത്ത ആ പ്രായത്തിൽ ഇത്രയും നർമ്മബോധമുള്ള ഒരു സ്ത്രീ എഴുത്തുകാരി കേരള രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. അധികം വൈകാതെ അത് ഒരു പുരുഷനാണ് ആണ് എന്നും ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലാണ് എന്നും ചില പത്രപ്രവർത്തകസുഹൃത്തുക്കളിൽ നിന്നും അറിയുവാൻ കഴിഞ്ഞു.

പിന്നീട് ഇന്ത്യാവിഷൻ തുടങ്ങിയ കാലത്താണ് രാജേശ്വരി എന്ന ജയശങ്കറുടെ മുഖം ആദ്യമായി കാണുന്നത്. വിമോചന സമരത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ പുസ്തകത്തിന്റെ ആദ്യ പതിപ്പ് രാജേശ്വരി എന്ന പേരിൽ തന്നെയായിരുന്നു ഇറങ്ങിയത്. എനിക്ക് വളരെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണത് . ഒരിക്കൽ കൈമോശം വന്ന ശേഷം പിന്നീടത് വാങ്ങിയപ്പോൾ എഴുത്തുകാരൻ സ്വന്തം പേരിൽ തന്നെയാണ് അതിൽ പ്രത്യക്ഷപ്പെട്ടത്.

ഒന്ന് രണ്ട് സ്ഥലങ്ങളിൽ വെച്ച് കണ്ടിട്ടുണ്ട് എങ്കിലും പരിചയപ്പെടുവാൻ പിന്നെയും കാലമേറെ എടുത്തു. ഒരിക്കൽ അദ്ദേഹം ഇവിടെ വന്നപ്പോൾ , യു എ ഇ യിൽ പാർട്ടിയുടെ ചുമതലക്കാരൻ എന്ന നിലയിൽ , ഏതാണ്ട് മുഴുവൻ സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുകയും പഴയ കഥകളൊക്കെ പറഞ്ഞിരിക്കുകയും ചെയ്തിട്ടുണ്ട്. രസകരമായ നിമിഷങ്ങളായിരുന്നു അത് സംശയമില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും പാർട്ടിയുടെ നേതാക്കന്മാർ വരുന്ന പല പല സമ്മേളനങ്ങളിലും അദ്ദേഹത്തിനെതിരെ , പ്രത്യേകിച്ചും അദ്ദേഹത്തിൻറെ ഉത്തരവാദിത്വമില്ലാത്ത ശൈലികൾക്ക് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും അത് ഉയർത്തിക്കൊണ്ടു വന്നവരിൽ ഒരാൾ ഞാനായിരുന്നു.

ജയശങ്കർ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബാധ്യതയാകുന്നു ?

അദ്ദേഹത്തിൻറെ സിപിഎം വിരുദ്ധത കൊണ്ടാണ് അദ്ദേഹം എതിർക്കപ്പെടുന്നത് എന്ന ഒരു പൊതുധാരണ ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് മാത്രമല്ല അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവർക്കും അത്തരം ഒരു ന്യായം പറയാനുണ്ട്.

പൊതുസമൂഹത്തിൽ ജയശങ്കർ എതിർക്കപ്പെടുന്നത് സിപിഎം വിരുദ്ധത കൊണ്ടു തന്നെയാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ചും സിപിഎം അനുകൂല ചിന്താഗതിക്കാർക്ക് വലിയ സ്വാധീനവും ശക്തിയുമുള്ള ഒരു പൊതുസമൂഹത്തിൽ .

അദ്ദേഹത്തിനെതിരെ ഉണ്ടാകുന്ന മറ്റൊരു വിമർശനം ജാതി പറയുന്നതാണ്. അതും അത്ര സാരമായ വിമർശനമായി എനിക്ക് തോന്നുന്നില്ല : ശ്വാസം വിടുമ്പോൾ പോലും ജാതി ചിന്തിക്കുന്ന ഒരു സമൂഹത്തിൽ ആളുകൾ അതിനെക്കുറിച്ച് പറയുന്നത് മാത്രമാണ് തെറ്റ് എന്ന് കരുതുവാൻ കഴിയുകയില്ല. ജയശങ്കർ ഒക്കെ പ്രസക്തനാകുന്നതിനു മുൻപും മാധ്യമങ്ങൾ നടത്തിക്കൊണ്ടിരുന്ന സ്ഥാനാർത്ഥി അനാലിസിസുകളിൽ ജാതി ,മതം എന്നിവ മുഴുത്ത ഒരു ഘടകമായിരുന്നു എന്നത് അവിതർക്കിതമായ ഒരു വസ്തുതയാണ്. അദ്ദേഹത്തോട് ഇടപഴകിയ അവസരങ്ങളിൽ ഒന്നും അദ്ദേഹം ഒരു ജാതിയുടെ കണ്ണിൽ കൂടി ആളുകളെ പരിഗണിക്കുന്നു എന്ന് തോന്നിയിട്ടുമില്ല

പക്ഷേ സിപിഐ അനുഭാവികൾ അല്ലെങ്കിൽ അംഗങ്ങൾ അദ്ദേഹത്തെ എതിർക്കുന്നത് അതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നില്ല. ജയശങ്കർ അദ്ദേഹത്തിൻറെ പ്രധാനപ്പെട്ട സോഴ്സ് ആയി ഉപയോഗിക്കുന്നത് രണ്ട് രാഷ്ട്രീയ പ്രവർത്തകരെയാണ്. സുരേന്ദ്രനെയും പി സി ജോർജിനെയും . ഈ രണ്ടു പേരുടെയും വിശ്വാസ്യത എത്രയാണ് എന്ന് കേരളസമൂഹത്തിന് പറഞ്ഞു നൽകേണ്ട കാര്യമില്ല. ധാരാളം കൊള്ളരുതായ്മകൾ കാണിച്ചിട്ടും ഏതെങ്കിലും ഘട്ടത്തിൽ ഇവരെ വിമർശിക്കുവാൻ രാഷ്ട്രീയ നിരീക്ഷകൻ ശ്രമിച്ചിട്ടുമില്ല.

സംഘപരിവാറിനോട് അദ്ദേഹത്തിൻറെ നിലപാടുകൾ സംശയാസ്പദമാണ് എന്ന ആരോപണം അത്ര എളുപ്പം തള്ളിക്കളയാവുന്നതല്ല. അതിനൊക്കെ ഉപരിയാണ് രാഖി കെട്ടാൻ നിന്നു കൊടുത്തതും കാവി കൊടി പിടിച്ച് ജാഥയ്ക്ക് ഒപ്പം നിന്നതും. അദ്ദേഹം പലപ്പോഴും വിശദീകരിച്ചതുപോലെ പല ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ ഒന്ന് മാത്രമാണ് അത് എന്ന് പറഞ്ഞാൽ പോലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി കേഡർ പുലർത്തേണ്ട പ്രാഥമികമായ ജാഗ്രത അദ്ദേഹം പുലർത്തിയില്ല എന്ന് നിസ്സംശയം പറയാൻ കഴിയും. ഒരു ചിത്രത്തിൻറെ ഹിസ്റ്റോറിക്കൽ വാല്യൂ ഫോട്ടോ ജേർണലിസം അടക്കം കീറിമുറിക്കുന്ന ജയശങ്കറിന് അറിയാതെ പോയെങ്കിൽ കഷ്ടം എന്നേ പറയാൻ കഴിയുകയുള്ളൂ.

ക്ഷീരബല ആവർത്തിക്കും പോലെ ഞാനൊരു സിപിഐ കാരനാണ് എന്ന് പറയുമ്പോൾ ഒരു സിപിഐ കാരൻ ഇത്തരം ഫോട്ടോകൾക്ക് നിന്നു കൊടുത്താൽ ഉണ്ടാകുന്ന കാലാതിവർത്തിയായ ഭവിഷ്യത്തുകളെ അദ്ദേഹം അവഗണിച്ചത് അത് പാർട്ടി സ്നേഹം പാർട്ടി കൂറ് എന്നിവ കൊണ്ടാണ് എന്ന് പറയുവാൻ എനിക്ക് കഴിയുകയില്ല. സിപിഐയെ ഇകഴ്ത്തുകവാൻ നടക്കുന്ന ആളുകൾക്ക് തല്ലാൻ ഒരു വടിയായി മാത്രമേ ജയശങ്കറിൻറെ സുരേന്ദ്രൻ ബിജെപി സ്നേഹം സിപിഐക്ക് ഉപകരിച്ചുള്ളൂ.

പാർട്ടി അംഗം മാത്രമല്ല താനൊരു സോഷ്യൽ കമൻറേറ്റർ കൂടിയാണ് എന്നും അതുകൊണ്ടുതന്നെ വിവിധങ്ങളായ വേദികൾ തനിക്ക് ഒഴിവാക്കാൻ കഴിയില്ല എന്നതുമാണ് അദ്ദേഹം പാർട്ടിക്കകത്തും പുറത്തും നൽകുന്ന വിശദീകരണം. പക്ഷേ അങ്ങനെയിരിക്കുമ്പോൾ തന്നെ പാർട്ടി അംഗം എന്ന രീതിയിൽ അദ്ദേഹത്തിനും എനിക്കും പാർട്ടിയോടുള്ള ഉത്തരവാദിത്വം സമാനമാണ്. അത് നിർവഹിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്.

സംഘപരിവാർ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണ് എന്ന് കരുതുന്ന ഒരാളാണ് ജയശങ്കർ. സിപിഐയുടെ കാതലായ കാഴ്ചപ്പാട് ഇതല്ല . സംഘപരിവാർ ഒരു ഫാസിസ്റ്റ് ഭീകര സംഘടനയാണ് എന്ന് തന്നെയാണ് സിപിഐയുടെ അസന്നിഗ്ധമായ അഭിപ്രായം. അദ്ദേഹം സംസാരിക്കുന്ന യൂട്യൂബ് ചാനലിലും അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിലും അഴിഞ്ഞാടുന്ന സംഘപരിവാർ ഹാൻഡിലുകൾ അദ്ദേഹം ആരെയാണ് പ്രീതിപ്പെടുത്തുന്നത് എന്നതിന് നല്ല ഒരു നിദാനമാണ്. അമിതമായി എന്നെ സംഘപരിവാർ ഹാൻഡിലുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ ഞാൻ കമ്മ്യൂണിസ്റ്റ് പാതയിൽ നിന്നും വഴിമാറി എന്ന് ചിന്തിക്കുവാൻ മറ്റൊരു കാരണം ആവശ്യമില്ല.

മറ്റൊന്ന് പൊതുവിൽ സംഘപരിവാർ പുലർത്തുന്ന സ്ത്രീവിരുദ്ധത ഏതാണ്ട് അതേ തോതിൽ അദ്ദേഹത്തിൽ കാണാം. അരുന്ധതി റോയി, പാർവതി, റിമ കല്ലിങ്കൽ, ബിന്ദു അമ്മിണി എന്നുവേണ്ട സാമ്പ്രദായിക ഹൈന്ദവ ഫാസിസ്റ്റ് ശക്തികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏതു സ്ത്രീയെയും പുച്ഛത്തോടെ കൂടിയാണ് ഇദ്ദേഹം പരാമർശിക്കുന്നത് എന്നത് വളരെ വളരെ ഗൗരവത്തിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പരിശോധിക്കേണ്ട വിഷയമാണ്.

മറ്റൊരു കാര്യം രാഷ്ട്രീയ വിമർശകൻ എന്ന രീതിയിൽ ലബ്ധപ്രതിഷ്ഠനായിരിക്കുമ്പോൾ തന്നെ എത്രകണ്ട് വസ്തുതയും യുക്തിയും അദ്ദേഹത്തിൻറെ വിമർശനങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ആളുകളെ കുരങ്ങാ എന്ന് വിളിക്കുക, ചക്ക പൊണ്ണൻ എന്ന ബോഡി ഷെയ്മിങ് ചെയ്യുക കാര്യങ്ങൾ കമ്യൂണിസ്റ്റ് വിമർശന രീതി ശാസ്ത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ് .

അതേസമയംതന്നെ ഒരാളെയും പാർട്ടിയിൽ നിന്നും പുറത്താക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഒരാളെ തിരുത്തി ഒപ്പം കൊണ്ടുനടക്കുക വലിയ പ്രയാസമുള്ള കാര്യമാണ്. അതിന് ആരും ശ്രമിച്ചില്ല എന്നത് ദുഃഖകരവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close