INSIGHTNEWSTop News

കേരള കോൺ​ഗ്രസ് എമ്മിനും ഡിഐസി കെയുടെ ​ഗതിയോ? സിപിഐയെ പിണക്കി ഒരു പാർട്ടിക്കും ഇടത് മുന്നണിയിൽ തുടരാനാകില്ല; കാനത്തെ വെല്ലുവിളിക്കുന്ന ജോസ് കെ മാണിക്ക് മുന്നിലുള്ളത് രണ്ടേ രണ്ടു വഴികൾ മാത്രം

നിരഞ്ജൻ

സിപിഐ – കേരള കോൺ​ഗ്രസ് എം പോര് ശക്തമായതോടെ ജോസ് കെ മാണിക്ക് ശനിദശ ആരംഭിക്കുകയാണ്. സിപിഐയെ പിണക്കി ഒരു പാർട്ടിക്കും ഇടത് മുന്നണിയിൽ തുടരാനാകില്ല എന്നതാണ് ചരിത്രം. ശക്തമായ ജനപിന്തുണയുണ്ടായിരുന്ന ഡിഐസി കെ പോലും നാമാവശേഷമായത് സിപിഐയുടെ രാഷ്ട്രീയ നിലപാട് കാരണമായിരുന്നു. ഡിഐസി കെയുടെ അതേ ​ഗതിയാണ് കേരള കോൺ​ഗ്രസ് എമ്മിനെയും കാത്തിരിക്കുന്നത് എന്ന് വ്യക്തമാകുന്നതാണ് സമീപകാല സംഭവങ്ങൾ. ഡിഐസി കെ എന്ന പാർട്ടിക്ക് എതിരെ എന്താണോ സിപിഐ സ്വീകരിച്ച നിലപാട് അതുതന്നെയാണ് കേരള കോൺ​ഗ്രസ് എമ്മിന്റെ കാര്യത്തിലും സിപിഐ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. രണ്ടു പാർട്ടികൾക്കും എതിരെ സിപിഐ ഉയർത്തുന്ന പ്രധാന ആരോപണം ഇടത് സ്വഭാവത്തിന്റെ അപര്യാപ്തതയാണ്.

കോൺ​ഗ്രസ് പിളർത്തി കെ കരുണാകരൻ രൂപീകരിച്ച ഡിഐസിയെ ഇല്ലാതാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും സിപിഐക്ക് അവകാശപ്പെട്ടതാണ്. കോൺ​ഗ്രസ് പിളർത്തുമ്പോഴും പിന്നീട് പുതിയ പാർട്ടി രൂപീകരിക്കുമ്പോഴും മൗനം പാലിച്ച സിപിഐ, ഡിഐസിയുമായി സഹകരിച്ച് രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടുകയും ചെയ്തിരുന്നു. പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായിരുന്ന പന്ന്യൻ രവീന്ദ്രനെ ഡിഐസി പിന്തുണച്ചിരുന്നു. അതിന് ശേഷം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഐസിയെ ഇടത് മുന്നണി കൂടെ കൂട്ടിയെങ്കിലും മുന്നണിയിൽ എടുത്തിരുന്നില്ല. പിന്നീട്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഐസിയെ പൂർണമായും തഴയുകയായിരുന്നു. ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ സിപിഐയും. സിപിഐയുടെ എതിർപ്പ് ഒന്നുകൊണ്ട് മാത്രമാണ് ഡിഐസി കെ ഇടത് മുന്നണിയിൽ സ്ഥാനം ലഭിക്കാതെ പോയത്. അല്ലെങ്കിൽ ആ പാർട്ടിയുടെ ഭാവി മറ്റൊന്നാകുമായിരുന്നു. സമാനമായ സാഹചര്യത്തിലൂടെയാണ് കേരള കോൺ​ഗ്രസ് എമ്മും കടന്നുപോകുന്നത്.

കേരള കോൺ​ഗ്രസ് എമ്മിനെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കണം എന്നായിരുന്നു കെ എം മാണി ജീവിച്ചിരുന്നപ്പോൾ തന്നെ സിപിഐയുടെ നിലപാട്. പിന്നീട്, യുഡിഎഫ് വിട്ട് കേരള കോൺ​ഗ്രസ് എം പുറത്ത് വന്നതോടെ ഇടതു മുന്നണി ഒപ്പം കൂട്ടി. രണ്ട് തെരഞ്ഞെടുപ്പുകളിൽ കേരള കോൺ​ഗ്രസ് എമ്മിനെ ഇടത് പക്ഷം സഹകരിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കേരള കോൺ​ഗ്രസ് എം ഇടത് മുന്നണിയുടെ ഭാ​ഗമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഐ, കേരള കോൺ​ഗ്രസ് എമ്മിനെതിരെ തിരിയുകയായിരുന്നു.

കേരള കോൺ​ഗ്രസിന് ജനപിന്തുണയില്ലെന്ന സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടാണ് ഇപ്പോൾ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കുന്നത്. സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ജോസ് കെ മാണിയുടെ പേരെടുത്ത് പറഞ്ഞ് വിമർശനമുണ്ടായിരുന്നു. ജോസ് കെ മാണി ജനകീയനല്ലെന്നും പാലായിലെ തോൽവിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നുമായിരുന്നു വിമർശനം. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കേരള കോൺഗ്രസ് (എം) പ്രവർത്തകർ നിസംഗരായിരുന്നു. കേരള കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉൾക്കൊണ്ടില്ലെന്നും സിപിഐ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺ​ഗ്രസ് എമ്മും എത്തിയതോടെ ജോസ് കെ മാണിക്കും കൂട്ടർക്കും എൽഡിഎഫിൽ അധികം ആയുസ്സില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

സിപിഐക്ക് എതിരെ പരാതിയുമായി സിപിഎമ്മിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരള കോൺഗ്രസ് പരാതി ഉന്നയിച്ചു. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടിയെന്ന് കേരള കോൺ​ഗ്രസ് എം പരിഹസിക്കുന്നു. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല. സിപിഐയുടെ അവലോകന റിപ്പോർട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോൺ​ഗ്രസ് ആരോപിച്ചു.

എന്നാൽ കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ല. എൽഡിഎഫിൽ ചർച്ച വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും സിപിഐ വ്യക്തമാക്കിയതോടെ കേരള കോൺ​ഗ്രസിന് മുന്നിൽ ഒന്നുകിൽ മൗനം പാലിക്കുക, അല്ലെങ്കിൽ അന്തസ്സായി മുന്നണി വിടുക എന്നിങ്ങനെ രണ്ട് മാർ​ഗങ്ങൾ മാത്രമാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close