Breaking NewsKERALANEWSTop News

താലിബാനെ പിന്തുണക്കുന്ന ചൈനയെ പുകഴ്ത്തണോ; ചൈനയെ എങ്ങനെ കമ്മ്യൂണിസ്റ്റ് രാജ്യം എന്ന് വിളിക്കുമെന്നും ചോദ്യം; സിപിഎം സമ്മേളനത്തിൽ ചൈനക്ക് രൂക്ഷ വിമർശനം

തിരുവനന്തപുരം: ചൈനയെ രൂക്ഷമായി വിമർശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ സഹായിക്കാത്ത ചൈനയെ നാം എന്തിന് പുകഴ്ത്തണം എന്നതായിരുന്നു ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളുടെ ചോദ്യം. താലിബാനെ അം​ഗീകരിക്കുന്ന ചൈനീസ് നയവും സമ്മേളനത്തിൽ വിമർശനത്തിന് വിധേയമായി. ചൈനയെ എങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റ് രാജ്യം എന്ന് വിശേഷിപ്പിക്കാനാകുക എന്ന ചോദ്യവും പ്രതിനിധികൾ ഉയർത്തി.

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ച പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് നേതൃത്വത്തിൻ്റെ ചൈനീസ് പ്രേമത്തെ വിമർശിച്ചത്. ഇന്നത്ത സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്ന് പ്രതിനിധികൾ ചോദിച്ചു. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും തീവ്രവാദ സംഘടനയായ താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈനയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ചൈന സഹായിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേയും പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും രണ്ടാം പിണറായി സർക്കാർ പോരെന്നും പലരും പറഞ്ഞു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെടാൻ പോകുന്നും സാധിക്കുന്നില്ലെന്നും പരാതി ഉയർന്നു.

മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് പരിഗണന കിട്ടുന്നില്ലെന്നും സർക്കാർ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും ആവശ്യം ഉയർന്നു. കെ റെയിൽ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണ് എന്ന തരത്തിൽ എതിരാളികൾ പ്രചരണം നടത്തുന്നുണ്ടെന്നും അതിനെ നേരിടണമെന്നും കാട്ടാക്കട ഏരിയ കമ്മിറ്റിയിൽ നിന്നും സംസാരിച്ച പ്രതിനിധികൾ പറഞ്ഞു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും നിയമസഭയിൽ അടക്കം വനിതകളെ പാർട്ടി തഴയുകയാണെന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ വിമർശനം ഉയർത്തി.

അതേസമയം കഴിഞ്ഞ ദിവസം പ്രതിനിധികളോട് സംസാരിച്ച മുഖ്യമന്ത്രി കഴിഞ്ഞ കാലങ്ങളിൽ തിരുവനന്തപുരം പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും പരാമർശിച്ചിരുന്നു. എങ്ങനെയും പണമുണ്ടാക്കണമെന്ന ധാരണയാണ് ചില സഖാക്കൾക്കെന്നും എസ്.സി – എസ്.ടി ഫണ്ട് പാവങ്ങളുടേതാണ്. എന്നാൽ അതു തട്ടിയെടുക്കാൻ ചിലർ ശ്രമിച്ചത് ഈ ധാരണയുടെ ഭാഗമായിട്ടാണെന്നും പുതിയ സഖാക്കളിൽ ചിലരിലും ഈ പ്രവണത കാണുന്നുണ്ടെന്നും ഇതൊന്നും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐക്കെതിരെ രൂക്ഷ വിമർശനമാണ് സിപിഎം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്. ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ എന്നാണ് സിപിഎം ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, പലയിടത്തും സിപിഎമ്മിനെ തോൽപ്പിക്കാൻ കഴിയുമെന്ന അഹങ്കാരമാണ് സിപിഐയെ നയിക്കുന്നതെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ഇടത് മുന്നണിയിൽ രണ്ടാമത്തെ പ്രബല പാർട്ടിയാണ് സിപിഐ എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, ജില്ലയിലൊരിടത്തും കാര്യമായ സ്വാധീനം സിപിഐയ്ക്ക് ഇല്ല. പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയില്ലെങ്കിലും സിപിഎമ്മിനെ തോൽപ്പിക്കാൻ പലയിടത്തും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്. മാത്രമല്ല, സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടാൻ സിപിഐ ശ്രമിക്കുന്നുവെന്ന ആരോപണവും ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലുണ്ട്. എന്നാൽ സിപിഐയിൽ നിന്ന് നിരവധി ആളുകൾ സിപിഎമ്മിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരള കോൺഗ്രസ് (എം) കോൺഗ്രസ് എസ്, ജനതാദൾ എന്നീ പാർട്ടികൾക്ക് ജില്ലയിൽ ചില പ്രദേശങ്ങളിൽ പ്രവർത്തകരുണ്ട്. എന്നാൽ ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ആർഎസ്പിയുടെ കാര്യം പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഡിഎഫിൽ കോൺഗ്രസ് അല്ലാതെ കാര്യമായ സ്വാധീനമുള്ള പാർട്ടികൾ ഇല്ല. മുസ്ലീം ലീഗിന് മാത്രമാണ് ചിലയിടങ്ങളിൽ അൽപം സ്വാധീനമുള്ളതെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു. ഇതിന് പുറമെ ജില്ലയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി എന്നിവർ മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. തീവ്ര വർഗീയതയ്ക്കൊപ്പം പാലിയേറ്റീവ് കെയർ രംഗത്തും ഇവർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന സമിതി റിപ്പോർട്ടിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനത്തെ പറ്റി കാര്യമായ പരാമർശമില്ലെങ്കിലും എ. സമ്പത്തിനെതിരെ വിമർശനമുണ്ട്. സമ്പത്ത് സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന വിമർശനമാണ് റിപ്പോർട്ടിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close