KERALANEWS

പൊട്ടിത്തെറിച്ച് പ്രതിനിധികൾ; സിപിഎം സമ്മേളനം നിർത്തിവെച്ചു


കരുനാഗപ്പള്ളി. സ്വന്തം തട്ടകത്തിൽ വസന്തൻപക്ഷത്തെ നിർത്തിപ്പൊരിച്ച സിപിഎം കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം മത്സരത്തെ തുടർന്ന് നിർത്തിവെച്ചു. മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന് ആറ് പ്രതിനിധികൾ പ്രഖ്യാപിച്ചതോടെയാണ് പരാജയം മണത്ത ലോക്കൽ-ഏരിയാ നേതൃത്വം സമ്മേളനം നിർത്തിയതായി പ്രഖ്യാപിച്ച് പിരിഞ്ഞത്.

രാവിലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. കരുനാഗപ്പള്ളിയിലെ നാണംകെട്ട തോൽവിയുടെ പേരിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ആർ വസന്തനെ സംസ്ഥാന നേതൃത്വം തരംതാഴ്ത്തിയെങ്കിലും നാലായിരത്തോളം വോട്ടിന് പിറകിലായ ടൗൺ ലോക്കലിൽ കാലുവാരിയവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യമുയർന്നു.ഏരിയാ സെക്രട്ടറിയായ പി.കെ.ബാലചന്ദ്രനും മുൻ ടൗൺ ലോക്കൽ സെക്രട്ടറിയും ഏരിയാ അംഗവുമായ ബി. സജീവനും നടത്തിയ കൂട്ട ബന്ധുനിയമനങ്ങൾ, അവരുടെ സാന്നിധ്യത്തിൽ തന്നെ പൊതുചർച്ചയിലൂടെ ചില പ്രതിനിധികൾ ചോദ്യം ചെയ്തു.

നേതൃത്വത്തോട് അമിതമായ വിധേയത്വം പ്രകടിപ്പിക്കുന്നവർക്ക് മാത്രം പാർട്ടി പദവികൾ നൽകുന്നതും വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് പാർട്ടിയെ നശിപ്പിച്ചെന്നും ലോക്കൽ നേതൃത്വം അഴിമതിയുടേയും സ്വജനപക്ഷപാതത്തിൻറേയും കൂടാരമായെന്നും വിമർശനമുയർന്നു. പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ മാനദണ്ഡം യോഗ്യതയല്ലെന്നും, അഴിമതിയും ബന്ധുത്വവും ബിസിനസ് താൽപര്യങ്ങളും ആണെന്ന് ചിലർ തുറന്നടിച്ചു. മുനിസിപ്പാലിറ്റി ഭരണത്തിലെ വീഴ്ചകളും പോലീസ് സ്റ്റേഷനിലെ സംഘപരിവാർ സ്വാധീനവും വിമർശനമായി. പി.ആർ. വസന്തനെതിരായ പാർട്ടി നടപടിയെ നാലുപേർ മാത്രമാണ് വിമർശിച്ചതെന്നതും ശ്രദ്ധേയമായി.ലോക്കൽ നേതൃത്വത്തിൽ അടിമുടി പൊളിച്ചെഴുത്ത് ആവശ്യമാണെന്ന പാർട്ടി അംഗങ്ങൾക്കിടയിലെ പൊതുവികാരമാണ് ചർച്ചയിലുടനീളം പ്രതിഫലിച്ചത്.

തുടർന്ന് നടന്ന കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഏരിയാ സെൻററിൽ പ്രവർത്തിക്കുന്ന ബി. സജീവൻ, അടുത്തിടെ നടന്ന പുനഃസംഘടനയിൽ ലോക്കൽ കമ്മിറ്റിയിലെത്തിയ എസ്. ശ്രീജിത്ത് എന്നിവരെ ഒഴിവാക്കിയും എൻ.സി.ശ്രീകുമാർ, പാർത്ഥസാരഥി എന്നിവരെ ഉൾപ്പെടുത്തിയും ഔദ്യോഗികപക്ഷം പാനൽ അവതരിപ്പിച്ചു.എന്നാൽ ആറ് പ്രതിനിധികൾ മത്സരിക്കാനിറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചു. മുൻ കൗൺസിലർമാരായ ശിവപ്രസാദ്,എ .അജയകുമാർ,നസീം അഹമ്മദ് കൂടാതെ തോണ്ടലിൽ വേണു, സോമൻ,സലീം എന്നിവരുടെ പേരുകളാണ് മത്സരത്തിനായി പ്രതിനിധികൾ നിർദ്ദേശിച്ചത്‌. പിൻമാറണമെന്നും മത്സരം ഒഴിവാക്കണമെന്നുമുള്ള നേതൃത്വത്തിൻറെ ആവശ്യം ഇവർ തള്ളി.തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയെ നേതൃത്വം വിളിച്ചുവരുത്തി.മത്സരിക്കാൻ ഒരുങ്ങിയവരോട് പിൻമാറണമെന്ന് സൂസൻകോടി ആവശ്യപ്പെട്ടെങ്കിലും പ്രതിനിധികൾ വഴങ്ങിയില്ല. ലോക്കൽകമ്മിറ്റി ഒരു വിഭാഗത്തിൻറെ സ്ഥിരം താവളമായെന്നും അഞ്ചും ആറും ടേം പിന്നിട്ടവർ വരെയുണ്ടെന്നും മൂന്ന് ടേം പിന്നിട്ടവരെ മാറ്റണമെന്നുമുള്ള നിലപാടിൽ മത്സരത്തിനിറങ്ങിയവർ ഉറച്ചു നിന്നതോടെ നേതൃത്വം വെട്ടിലായി. ഇവരുമായി സൂസൻകോടിയും ജില്ലാ കമ്മിറ്റി അംഗം രാധാമണിയും ഒറ്റയ്ക്ക് നടത്തിയ ചർച്ചയും ഫലം കണ്ടില്ല.

ആകെ എൺപതോളം പ്രതിനിധികളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് നേതൃത്വത്തിന് ഒപ്പമുള്ളതെന്നും മത്സരം നടന്നാൽ കൂട്ടതോൽവി ഉണ്ടാകുമെന്നും തിരിച്ചറിഞ്ഞ ലോക്കൽ നേതൃത്വം രാത്രി വൈകി പൊടുന്നനെ സമ്മേളനം നിർത്തിവെച്ചതായി പ്രഖ്യാപിച്ച് തടിയൂരുകയായിരുന്നു. കരുനാഗപ്പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയിൽ മത്സരം നടന്നാൽ തുടർന്നുളള സമ്മേളനങ്ങളും മത്സരങ്ങൾക്ക് വേദിയാകുമെന്നും അത് ഏരിയാ സമ്മേളനത്തിൽ വൻതിരിച്ചടി ഉണ്ടാക്കുമെന്നുമുള്ള ആശങ്കയാണ് സമ്മേളനം നിർത്തിവെയ്ക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്.ഇനി ജില്ലാ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാകും സമ്മേളനത്തിൻറെ തുടർനടപടി. ഭരണത്തുടർച്ചയ്ക്കിടയിൽ നടക്കുന്ന സമ്മേളനങ്ങളിൽ വലിയ ആവേശമുണ്ടാകില്ലെന്ന മുൻവിധിയിൽ നിന്ന കരുനാഗപ്പള്ളിയിലെ വസന്തൻ അനുകൂല നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്
ടൗൺ ലോക്കൽ സമ്മേളനത്തിലുയർന്ന പ്രതിനിധികളുടെ പ്രതിഷേധം. ഇതിൻറെ അലയൊലികൾ തുടർന്നുള്ള ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനത്തിലുമുണ്ടായാൽ അടിത്തറയിളകുമെന്ന ഭയപ്പാടിലാണ് കരുനാഗപ്പള്ളിയിലെ പാർട്ടി നേതൃത്വം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close