Breaking NewsKERALANEWS

സിപിഐയിൽ ചേരുന്നതിന് മുമ്പേ നേതാവിനെ പുറത്താക്കി സിപിഎം; ടിപിയെ 51 വെട്ടിയെങ്കില്‍ ഇവനെ 102 എന്നാണ് ഒരുവന്‍; മുരളീധരനെ പുറത്താക്കിയത് ഗുരുതര അച്ചടക്ക ലംഘനത്തിന്റെ പേരിലെന്നും വിശദീകരണം

കണ്ണൂർ: സിപിഐയിൽ ചേരാൻ ചർച്ചകൾ നടക്കവെ ലോക്കൽ കമ്മിറ്റി അം​ഗത്തെ പുറത്താക്കി സിപിഎം. സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മുരളീധരനെ​ പുറത്താക്കിയതായി ജില്ല കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. മുരളീധരൻ സി.പി.ഐയിൽ ചേരാൻ ശ്രമിക്കുന്നതിനെ തുടർന്നാണ് തിരക്കിട്ട് സി.പി.എമ്മിൽ നിന്നും പുറത്താക്കിയതെന്നാണ് സൂചനകൾ.

ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയതിനാണ് പുറത്താക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു. തളിപ്പറമ്പ്​ സി.പി.എമ്മിൽ കുറച്ചുനാളായി വിഭാഗീയതയുണ്ട്​. കീഴാറ്റൂരിൽ നടന്ന സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലാണ് കോമത്ത് മുരളീധരൻ, ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ വിഭാഗങ്ങൾ തമ്മിൽ വിഭാഗീയത ഉടലെടുത്തത്. തുടർന്ന് സമ്മേളനത്തിൽ നിന്ന്​ ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവർ ലോക്കൽ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവും പോസ്​റ്റർ പ്രചാരണവും നടത്തി.

തുടർന്ന് കോമത്ത് മുരളീധരൻ അടക്കം ആറുപേർക്കെതിരെ പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും അവരതിന് മറുപടി നൽകാൻ തയാറായിരുന്നില്ല. പ്രശ്നം അന്വേഷിക്കാൻ പാർട്ടി ജില്ല നേതൃത്വം പി.വി. ഗോപിനാഥ്, എം. പ്രകാശൻ എന്നിവരെ അന്വേഷണ കമീഷനായി നിയോഗിച്ചു. ഇവർ മുരളീധരനിൽ നിന്ന്​ തെളിവെടുപ്പും നടത്തിയിരുന്നു. എന്നാൽ, തുടർന്നും മുരളീധരനും അനുകൂലികളും പാർട്ടി സമ്മേളനവുമായോ പ്രവർത്തനങ്ങളുമായോ സഹകരിച്ചിരുന്നില്ല

കോമത്ത് മുരളീധരനേയും മകനേയും വധിക്കുമെന്ന് നേരത്തേ ഭീഷണിയുണ്ടായിരുന്നു. തളിപ്പറമ്പ് സഖാക്കള്‍ എന്ന പേരിലാണ് കോമത്ത് മുരളീധരന് വീട്ടിലേക്ക് രണ്ട് ഭീഷണി കത്തുകള്‍ തപാലില്‍ ലഭിച്ചത്. ഭീഷണി സംബന്ധിച്ച് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് കോമത്ത് മുരളീധരന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എടാ വര്‍ഗ്ഗ വഞ്ചക കോമത്ത് മുരളീ ഈ വരുന്ന ഏരിയ സമ്മേളനത്തിനു മുന്നേ നിന്നെയും നിന്റെ മകന്‍ അമലിനേയും ഏതുവിധേനയും ഞങ്ങള്‍ കൊന്ന് ഞങ്ങളുടെ പ്രസ്ഥാനത്തോടുള്ള കടമ പൂര്‍ത്തീകരിക്കും. രക്ഷപ്പെടാമെങ്കില്‍ രക്ഷപ്പെട്ടോളൂ. ഇത് ധീരരക്തസാക്ഷികള്‍ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനത്തിന്റെ താക്കീതാണെന്നും തളിപ്പറമ്പ് സഖാക്കളുടെ പേരില്‍ എഴുതിയ കത്തില്‍ പറയുന്നു.

രണ്ടാമത്തെ കത്തില്‍ നിര്‍ത്തിക്കൊള്ളുക ആര്‍ക്കുവേണ്ടി ബലിയാടാകുന്നു. ലോകം നന്നാക്കാന്‍ നിങ്ങള്‍ക്കോ എനിക്കോ സാധിക്കുകയില്ല. ടിപിയെ 51 വെട്ടിയെങ്കില്‍ ഇവനെ 102 എന്നാണ് ഒരുവന്‍. ഇവനെ ഇനി നമ്മക്ക് വേണ്ട കുല ദ്രോഹി. ശരിയാക്കിക്കളയാം എന്നിങ്ങനെയാണ് കേള്‍വി. അതുകൊണ്ട് ദയവായി നിര്‍ത്തിക്കൊള്ളുക. തടി തപ്പിക്കൊള്ളുക. ലോകം നന്നാക്കാന്‍ മാര്‍ക്‌സ് നോക്കി. യേശു നോക്കി. ബുദ്ധന്‍ നോക്കി. ആരൊക്കെയോ നോക്കി. ഗാന്ധി നോക്കി. സോക്രട്ടീസ് നോക്കി. വിഷം കൊടുത്ത് കൊന്നുകളഞ്ഞു. അഭിനവ ഗോര്‍ബച്ചോവുമാര്‍ നീണാല്‍ വാണുകൊള്ളട്ടേ. നമസ്‌ക്കാരം (തുടരും) പറഞ്ഞത് കേട്ടല്ലോ. ഒരു കത്ത് എന്നാണ് എഴുതിയത് എന്ന് ഇല്ല.

രണ്ടാമത്തെ കത്ത് ഒക്‌ടോബര്‍ 27 നാണ് എഴുതിയത്. അത് 28നു തന്നെ മുരളീധരന് ലഭിച്ചത്. ആദ്യ കത്ത് കിട്ടിയപ്പോള്‍ അത്ര ഗൗരവമായി എടുക്കാഞ്ഞ മുരളീധരന്‍ രണ്ടാമത്തെ കത്ത് കിട്ടിയതോടെയാണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close