INDIANEWS

ഏഴാം പാർട്ടി കോൺ​ഗ്രസോടെ നയവ്യതിയാനങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കി; സിപിഎമ്മിന്റെ ചരിത്രത്തിൽ പാർട്ടി കോൺ​ഗ്രസ് മാറ്റിവെച്ചത് ഒരൊറ്റ തവണ; കനലിടങ്ങൾ താണ്ടിയെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത ഘടകത്തിന്റെ നാൾവഴികളിലൂടെ


ലോകം ഒരു മഹാമാരിയില്‍ പെട്ടുഴന്നപ്പോള്‍, രണ്ട്‌ പ്രളയങ്ങള്‍ സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങിയപ്പോള്‍ തെല്ലും കുലുങ്ങാതെ കേരളത്തെ രക്ഷിക്കാന്‍ പുറപ്പെട്ട പ്രസ്ഥാനമാണ്‌ സിപിഐ(എം). പാര്‍ട്ടിയുടെ ബാലസംഘങ്ങള്‍ മുതല്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരെ ഒറ്റമനസായി തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. ഇതിന്‌ ജനങ്ങള്‍ നല്‍കിയ പ്രത്യുപകാരമായിരുന്നു രണ്ടാം തവണയും പാര്‍ട്ടിക്ക്‌ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറാനുള്ള അംഗീകാരം.ഇതേപാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വിജയത്തിനുള്ള അംഗീകാരമാണ്‌ പാര്‍ട്ടിയുടെ പരമോന്നത സമ്മേളനത്തിന്‌ കേരളം എന്ന സംസ്ഥാനത്തെ തെരഞ്ഞെടുത്തിരിക്കുന്നതും.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സ്സിറ്റ്)യുടെ അഖിലേന്ത്യാ സമ്മേളനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങൾ ഇതിന് മുന്നോടിയായി നടക്കുന്നു. ജനാധിപത്യപരമായി നടക്കുന്ന ഈ സമ്മേളനങ്ങളിലൂടെയാണ് സി.പി.ഐ.എമ്മിന്റെ ഓരോ തലത്തിലുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്


കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രധാന സംഭവമാണ് പാർട്ടി കോൺഗ്രസ്സ് എന്ന കരുതപ്പെടുന്നു. കോൺഗ്രസ്സ് എടുക്കുന്ന തീരുമാനങ്ങളായിരിക്കും ഒരു നിർദ്ദിഷ്ട കാലയളവിലേക്കുള്ള പാർട്ടിയുടെ ലക്ഷ്യങ്ങളും മാർഗ്ഗവും നിർണ്ണയിക്കുന്നത്.

സി.പി.ഐ. (എം)-ന്റെ ഭരണഘടന പ്രകാരം പാർട്ടിയിൽ ഇന്ത്യയിലെ പരമോന്നത ഘടകം അഖിലേന്ത്യാ പാർട്ടി കോൺഗ്രസ്സാണ്. സാധാരണ ഗതിയിൽ മൂന്ന് വർഷത്തിലൊരിക്കൽ ആണ് പാർട്ടി കോൺഗ്രസ്സുകൾ നടത്തുന്നത്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയാണ് അഖിലേന്ത്യാ സമ്മേളനം വിളിച്ചു കൂട്ടേണ്ടത്. പാർട്ടി കോൺഗ്രസ്സിന്റെ കർത്തവ്യങ്ങളും അധികാരങ്ങളും താഴെ പറയുന്നവയാണ്.

നിലവിലെ കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ചകളും തീരുമാനങ്ങളും എടുക്കുക


പാർട്ടി പരിപാടിയുടെയും ഭരണഘടനയുടെയും പുനഃപരിശോധനയും ഭേദഗതികളും
ആനുകാലിക സ്ഥിതിയെക്കുറിച്ചുള്ള പാർട്ടി നയപരിപാടികൾ നിശ്ചയിക്കുക


രഹസ്യ ബാലറ്റ് വഴി പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുക.

1964 ലെ ഏഴാം പാർട്ടി കോൺഗ്രസ്സിനെ സി.പി.ഐ(എം)ന്റെ ഒന്നാം കോൺഗ്രസ്സായി പരിഗണിച്ചുവരുന്നു. ജനകീയ ജനാധിപത്യം എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പാർട്ടി രൂപീകരണം നടന്നത് ഏഴാം പാർട്ടി കോൺഗ്രസ്സിലാണ്.


ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ പാർട്ടിക്കകത്ത് ഇക്കാലത്ത് വമ്പിച്ച അഭിപ്രായവൃത്യാസം രൂപപ്പെട്ടു. വലതുപക്ഷനിലപാട് സ്വീകരിച്ചവർ കോണ്ഗ്രസ്സുമായി ഐക്യമുണ്ടാക്കുക എന്ന കാഴ്ച വർഗസഹകരണത്തിന്റെ ഈ റിവിഷനിസ്റ് ആശയം പിൽക്കാലത്ത് സി.പി.ഐ (എം) ആയി പ്രവർത്തിച്ചവർക്ക് അംഗീകരിക്കാനായില്ല. ഇതായിരുന്നു പാർട്ടി പിളർപ്പിന്റെ അടിസ്ഥാന കാരണം. അന്തർദേശീയതലത്തിൽ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് സോവിയറ്റ് – ചൈനീസ് പാർട്ടികൾ തമ്മിൽ പൊട്ടിപ്പുറപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും ഇവിടത്തെ ഭിന്നതകൾ രൂക്ഷമാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. സോവിയറ്റ് പാർട്ടി പിന്നീട് സി.പി.ഐ ആയി മാറിയ വിഭാഗത്തെയാണ് പിന്തുണച്ചിരുന്നത്.

മാർക്സിസം-ലെനിനിസത്തെ ഇന്ത്യയുടെ വസ്തുനിഷ്ഠ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതിന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ നടത്തിയ ഗൗരവപൂർവമായ ഇടപെടലായിരുന്നു റിവിഷനിസ്റ്റ് നേതൃത്വത്തിനെതിരായി നടന്ന സമരം. ഏഴാം പാർട്ടി കോൺഗ്രസ്സ് ഈ കാര്യത്തിൽ വ്യക്തമായ നയം മുന്നോട്ടുവച്ചു.

ഏഴാം പാർട്ടി കോൺഗ്രസ്സ്

1964 ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ നിന്നും വിഭാഗീയത മൂലം 31 പേർ ഇറങ്ങിപ്പോന്ന പശ്ചാത്തലത്തിലാണ് ഏഴാം പാർട്ടി കോൺഗ്രസ്സ് നടക്കുന്നത്. ഇറങ്ങിപ്പോയ 31 നേതാക്കൾ ആന്ധ്രാപ്രദേശിലെ തെനാലിയിൽ വെച്ച് ഒരു കൺവെൻഷൻ നടത്തുകയും കൊൽക്കത്തയിൽ വെച്ച് പാർട്ടി കോൺഗ്രസ്സ് നടത്തുവാൻ തീരുമാനമാവുകയും ചെയ്തു.

1964 ഒക്ടോബർ 31 മുതൽ നവംബർ ഏഴ് വരെ കൽക്കട്ടയിൽ വെച്ചാണ് ഏഴാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്രകമ്മിറ്റിയിലേക്ക് 41 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി പി. സുന്ദരയ്യയെയും, പൊളിറ്റ് ബ്യൂറോ അംഗങ്ങളായി എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്‌, ജ്യോതി ബസു, എ. കെ. ഗോപാലൻ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്, പ്രമോദ്‌ ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി.

എന്നാൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞു രണ്ടുമാസം ആകുന്നതിനുമുമ്പ് തൃശൂരിൽ പോളിറ്റ് ബ്യൂറോ യോഗം ചേരാനിരിക്കെ നേതാക്കളെ തുറുങ്കലിൽ അടയ്ക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. ജ്യോതിബസുവും ഇ.എം.എസും ഒഴിച്ചുളള പോളിറ്റ് ബ്യൂറോ അം​ഗങ്ങൾ അറസ്റ്റിലായി. കേരളത്തിൽ 1965 ഫെബ്രുവരിയിൽ നടത്താനിരുന്ന ഇടക്കാലതിരഞ്ഞെടൂപ്പിനു മുമ്പായിരുന്നു ഈ അറസ്റ്റ് നടന്നത്. ചൈനാചാരന്മാർ എന്നും മറ്റും മുദ്രകുത്തിയാണ് ഈ അറസ്റ്റുകൾ നടന്നത്. ഈ പരിതഃസ്ഥിതിയിൽ പാർട്ടി നിശ്ചയിച്ച ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും ജയിലിൽ നിന്നാണ് നാമനിർദേശപ്രതിക സമർപ്പിച്ചത്. ഇത്രയേറെ ദുഷ്കരമായ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. എന്നിട്ടും ഭിന്നിപ്പിനു ശേഷം 1965ൽ കേരളത്തിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം) 40 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീർന്നു. സി.പി.ഐക്ക് മൂന്ന് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾ സി.പി.ഐ (എം) നോട് ഒപ്പമാണെന്ന് തെളിയിക്കപ്പെട്ടു. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും സി.പി. ഐ(എം) നെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണ്ണർ അനുവദിച്ചില്ല.

കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് പ്രത്യക്ഷപ്പെട്ട വലതുപക്ഷ വ്യതിയാനത്തിനെതിരായി പോരാട്ടം നടത്തി പാർട്ടി വിജയിച്ചു. എന്നാൽ ഇതോടൊപ്പം തന്നെ ഇടതുപക്ഷവ്യതിയാനവും പാർട്ടിക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകൾ പിന്തുടരണം എന്ന അഭിപ്രായം ഒരു വിഭാഗം മുന്നോട്ടുവച്ചു. ഇന്ത്യയിലെ കുത്തക ബൂർഷ്വാസി കോമ്രേഡോർ സ്വഭാവമുള്ളതാണെന്ന് ഇവർ വാദിച്ചു. ബഹുജനപ്രസ്ഥാനങ്ങളും പാർലമെന്ററി രാഷ്ട്രീയത്തിലുളള ഇടപെടലും ആവശ്യമില്ലെന്ന വാദവും ഇവർ മുന്നോട്ടുവച്ചു. സി.പി.ഐ (എം.എൽ ) എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ഇവരുടെ ഇടത് തീവ്രവാദ നിലപാടുകൾക്കെതിരായും പാർട്ടി പോരാടി.

എട്ടാം പാർട്ടി കോൺഗ്രസ്സ്

1968 ഡിസംബർ 23 മുതൽ 29 വരെ കൊച്ചിയിലാണ് എട്ടാമത്തെ പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 28 പേരെ ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി. പി. സുന്ദരയ്യയെ ജനറൽ സെക്രട്ടറി ആയി നിലനിർത്തി. എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്‌, ജ്യോതി ബസു, എ.കെ. ഗോപാലൻ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്, പ്രമോദ്‌ ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവരെ പൊളിറ്റ് ബ്യുറോയിലേക്കും തിരഞ്ഞെടുത്തു

എട്ടാം കോൺഗ്രസ്സിലെ പ്രമേയം

സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകണം. പാർട്ടി കോൺഗ്രസ്; കൊച്ചി: (കൃഷ്ണപിള്ള നഗർ) സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകണമെന്ന് ഇപ്പോൾ ഇവിടെ നടന്നുവരുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ എട്ടാം കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറയുന്ന കൺകറന്റ് വിഷയങ്ങളും സംസ്ഥാനങ്ങൾക്ക് ശെകമാറാനും കേന്ദ്രം വസൂലാക്കുന്ന നികുതികളുടെ 70 ശതമാനം പ്രരാംഭമായി സ്റ്റേറ്റുകൾക്ക് വിട്ടുകൊടുക്കാനും കോൺഗ്രസ് ആവശ്യപ്പെടും. പാർട്ടികോൺഗ്രസ് ഇന്ന് പാസാക്കിയ പ്രമേയം വഴിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. മുപ്പതുമണിക്കൂർ നേരം ചർച്ച ചെയ്താണ് പ്രമേയം പാസാക്കിയത്.

1968 ലെ ബർദ്വാൻ പ്ലീനത്തിൽ വെച്ച് സാർവദേശീയതലത്തിലെ പാർട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള പ്രമേയവും അംഗീകരിക്കപ്പെട്ടു. ഇത്തരത്തിൽ ഇന്ത്യൻ സാഹചര്യത്തിനനുസൃതമായ വിപ്ലവ തന്ത്രം സ്വീകരിച്ച് മുന്നോട്ടുപോയ സി.പി.ഐ (എം) നെ ആ ഘട്ടത്തിൽ അംഗീകരിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തയ്യാറായില്ല. ഇവരുടെ പരസ്യമായ എതിർപ്പിനെ സി.പി.ഐ(എം)നു നേരിടേണ്ടി വന്നു. ഇതിനെയും അതിജീവിച്ചാണ് പാർട്ടി മുന്നോട്ടുനീങ്ങിയത്.

1967ൽ കേരളവും പശ്ചിമബംഗാളും ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസിതര പാർട്ടികൾ കൂട്ടുകക്ഷി ഗവൺമെന്റുകൾ രൂപീകരിച്ചു. കേരളത്തിൽ സി.പി.ഐ(എം) നായിരുന്നു നേതൃത്വം. 1969 ൽ സി.പി. ഐ(എം); ന്റെ കൂടെയുണ്ടായിരുന്ന ഇടതുകക്ഷികൾ കേരളത്തിലും പശ്ചിമബംഗാളിലും കോണ്ഗ്രസ്സിനോട് കൂട്ട് ചേർന്നു. ഈ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് സർക്കാർ പാസാക്കിയ ഭൂനിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ചു പാർട്ടി നേതൃത്വത്തിൽ നടന്ന മിച്ചഭൂമിസമരം കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ മറ്റൊരു ഉജ്വല അധ്യായമായിരുന്നു. ആഭ്യന്തര അടിയന്തരാവസ്ഥയിലടക്കം 1979 വരെ ആ കൂട്ടുകെട്ടു തുടർന്നു. ഇക്കാലയളവിൽ സി.പി. ഐ(എം) നും അത് നയിക്കുന്ന വർഗബഹുജന സംഘടനകൾക്കും വലിയ തോതിൽ അടിച്ചമർത്തലും ഒറ്റപ്പെടലും നേരിടേണ്ടിവന്നു. നിരവധി സഖാക്കൾ രക്തസാക്ഷികളായി. ഇതിനെയെല്ലാം അതിജീവിച്ച് പാർട്ടി വളർന്നു.

ഒമ്പതാം പാർട്ടി കോൺഗ്രസ്സ്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-യുടെ ഒമ്പതാം കോൺഗ്രസ്‌ 1972 ജൂൺ 27 മുതൽ ജൂലൈ രണ്ട് വരെ മധുരയിൽ വെച്ചാണ് നടത്തിയത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 31 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. പി. സുന്ദരയ്യയെ ജനറൽ സെക്രട്ടറി ആയി നിലനിർത്തുകയുണ്ടായി. എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്‌, ജ്യോതി ബസു, എ.കെ. ഗോപാലൻ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്, പ്രമോദ്‌ ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവർ പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1975ൽ നടക്കേണ്ട പത്താം പാർട്ടി കോൺ​ഗ്രസ് മാത്രമാണ് സിപിഎമ്മിന്റെ ചരിത്രത്തിൽ മാറ്റിവെക്കപ്പെട്ട ഏക ദേശീയ സമ്മേളനം. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും പ്രധാന നേതാക്കളും പ്രവർത്തകരും ജയിലിലാകുകയും ചെയ്തതോടെയാണ് പത്താം പാർട്ടി കോൺ​ഗ്രസ് നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായത്. പിന്നീട്, 1978ലാണ് പത്താം പാർട്ടി കോൺ​ഗ്രസ് നടത്തുന്നത്.

പത്താം പാർട്ടി കോൺഗ്രസ്സ്

1978 ഏപ്രിൽ രണ്ട് മുതൽ എട്ടു വരെ ജലന്ധറിൽ വെച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 44 അംഗങ്ങളെയും, പൊളിറ്റ് ബ്യൂറോയിലേക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, പി. സുന്ദരയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്‌, സമർ മുഖർജി, എ. ബാലസുബ്രഹ്മണ്യം, ഇ. ബാലാനന്ദൻ, ജ്യോതി ബസു, പ്രമോദ്‌ ദാസ്‌ഗുപ്‌ത എന്നിവരെയും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി .

കോൺഗ്രെസ്സിനെതിരായി കോൺഗ്രസിന്റെ ജനവിരുദ്ധനയങ്ങൾക്കും ഫാസിസ്റ്റ് സമീപനങ്ങൾക്കുമെതിരായി ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കണമെന്ന കാഴ്ചപ്പാട് 1978 ൽ ജലന്ധറിൽ ചേർന്ന പാർടി കോൺഗ്രസ്സ് മുന്നോട്ടുവച്ചു. കേരളത്തിൽ 1979 ൽ ഇന്ന് കാണുന്ന വിധത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സി.പി.ഐ (എം)ന്റെ മുൻകൈയിൽ രൂപീകരിക്കപ്പെട്ടു. എന്നാൽ ഇത് പാർട്ടി കോൺഗ്രസ് വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒന്നായിരുന്നില്ല. അവ തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു.

പതിനൊന്നാം പാർട്ടി കോൺഗ്രസ്സ്

1982 ജനുവരി 26 മുതൽ 31 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് സമ്മേളിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറി ആയും, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, പ്രമോദ്‌ ദാസ്‌ഗുപ്‌ത, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ്‌ സുർജിത്‌, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്രക്കമ്മിറ്റിയിലേക്ക് 42 അംഗങ്ങളെ ഈ പാർട്ടി കോൺഗ്രസ്സ് തിരഞ്ഞെടുത്തു

എന്നാൽ ജനതാ ഗവൺമെന്റിന്റെ തകർച്ചയ്‌ക്കുശേഷം പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസിന് ബദലായി ഉയർന്നുവന്നത് ബിജെപി ആയിരുന്നു. എന്നാൽ കേരളത്തിൽ സി.പി.ഐ (എം) കൈക്കൊണ്ട സമീപനംമൂലം ബിജെപിക്ക് കാര്യമായി വളരാനായില്ല. അഖിലേന്ത്യാതലത്തിലുള്ള ഈ സാഹചര്യം കണക്കിലെടുത്ത് 1982 ൽ വിജയവാഡയിൽ ചേർന്ന പന്ത്രണ്ടാം പാർടി കോൺഗ്രസ് വർഗീയതയ്ക്കെതിരായുള്ള പോരാട്ടവും ഇന്ത്യൻ സാഹചര്യത്തിൽ പ്രധാനമാണെന്ന കാഴ്ചപ്പാടും മുന്നോട്ടുവച്ചു.

ഈ നയം നടപ്പിലാക്കാനുള്ള പ്രവർത്തനം സി.പി.ഐ (എം) സ്വീകരിച്ചു. വർഗ്ഗീയ-സാമുദായിക ശക്തികളുടെ പിന്തുണയില്ലാതെ കേരളത്തിൽ ഒരു പാർടിക്കോ മുന്നണിക്കോ ഗവണ്മെന്റ് രൂപീകരിക്കാൻ കഴിയില്ല എന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനത്തെ തെറ്റിച്ചുകൊണ്ട് 1987 ലും 1996 ലും 2006 ലും ഇടതുപക്ഷ – മതനിരപേക്ഷജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിൽ വിജയം നേടി. പാർടിയുടെയും വർഗ്ഗ-ബഹുജന സംഘടനകളുടെയും തുടർച്ചയായ വളർച്ചയാണ് ഈ കാലഘട്ടത്തിൽ കണ്ടുവരുന്നത്.

പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്

1986 ഡിസംബർ 24 മുതൽ 29 വരെ കൽക്കട്ടയിലാണ് പന്ത്രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 70 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും, ബി. ടി. രണദിവെ, എം. ബസവപുന്നയ്യ, നൃപൻ ചക്രവർത്തി, സരോജ്‌ മുഖർജി, ഹർകിഷൻ സിങ്ങ്‌ സുർജിത്‌, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ, വി.എസ്. അച്യുതാനന്ദൻ എന്നിവരെ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി .

1980-കളൂടെ മധ്യത്തോടെ പുത്തൻ സാമ്പത്തികനയം എന്ന കാഴ്ചപ്പാട് ഇന്ത്യാരാജ്യത്തെ കോൺഗ്രസ് സർക്കാർ മുന്നോട്ടുവച്ചു. ഈ കാലത്തു തന്നെയാണ് സോവിയറ്റ് റഷ്യ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങൾ തകരുന്നത്. അതോടുകൂടി ഏകലോകക്രമം സ്ഥാപിക്കാനുള്ള പ്രവർത്തനത്തിൽ അമേരിക്ക മുഴുകി. ഇതിന്റെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട ആഗോളവല്ക്കരണനയങ്ങൾ ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ദുബലപ്പെടുത്തുന്ന സമീപനത്തിലേക്ക് എത്തിച്ചേര്ന്നു. ഇന്ത്യയിലെ രണ്ടു പ്രധാന കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും ഈ നയത്തെ പിന്തുണയ്ക്കുന്ന നിലയുണ്ടായി. അതിനെതിരായുള്ള ചെറുത്തുനിൽപ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചു. ഈ കാലത്ത് കേരളത്തിൽ രണ്ടുതരത്തിലുള്ള സമരരൂപങ്ങളാണ് ആവിഷ്കരിച്ചത്.

ആഗോളവല്ക്കരണ നയങ്ങൾക്കെതിരായി ബഹുജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടങ്ങൾ

സംസ്ഥാനത്ത് ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് ആഗോളവല്ക്കരണത്തിനെതിരായി ജനകീയ ബദൽ ഉയർത്താനുള്ള പരിശ്രമങ്ങൾ.

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നാളുകളിൽ ഇത്തരം നയങ്ങൾക്കെതിരായുള്ള വിശാലമായ ചെറുത്തുനില്പ് സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിന്ന താലൂക്ക് ആപ്പീസുകൾ ഉപരോധിക്കുന്ന സമരം എടുത്തുപറയേണ്ടതാണ്. ജനങ്ങളെ അണിനിരത്തിയുള്ള നിരവധി പ്രക്ഷോഭ-പ്രചരണ പ്രവർത്തനങ്ങൾ പാർടി നേതൃത്വത്തിൽ കേരളത്തിൽ ഈ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. വിദ്യാർത്ഥികളും മഹിളകളും യുവാക്കളും കർഷകരും തൊഴിലാളികളും എല്ലാം ഈ കാലത്ത് നടത്തിയ എണ്ണമറ്റ പ്രക്ഷോഭങ്ങൾ ഈ നയങ്ങൾക്കെതിരായുള്ള ശക്തമായ താക്കീതായിരുന്നു. ഇതിലൂടെ ആഗോളവല്ക്കരണ നയങ്ങൾക്കെതിരായുള്ള ജനവികാരം കേരളത്തിൽ രൂപപ്പെടുത്തിയെടുക്കാനായി.

പരിമിതികൾക്കകത്തുനിന്നുകൊണ്ട് എങ്ങനെ ബദൽ നയങ്ങൾ രൂപീകരിക്കാം എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലും ഈ കാലത്ത് പാർടി സംഘടിപ്പിച്ചു.

കേരളത്തിൽ നടന്ന രണ്ടു കേരള പഠന കോൺഗ്രസുകൾ ഈ ദിശയിലുള്ള കാൽവെയ്പുകളായിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ അധികാരത്തിലിരിക്കുന്ന സി.പി.ഐ (എം) നേതൃത്വത്തിലുളള എൽ.ഡി.എഫ് സർക്കാർ ഇതിന്റെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിച്ച് മുന്നോട്ടുപോവുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരള ബഡ്ജറ്റ്. പൊതു നിക്ഷേപം വർദ്ധിപ്പിച്ചും സാമൂഹ്യ സുരക്ഷാപദ്ധതികള്ക്ക് ഈന്നൽ കൊടുത്തുകൊണ്ടുമുള്ള ഈ നയം രാജ്യത്താകമാനം മാതൃക ഉയർത്താവുന്ന തരത്തിലുള്ളതായി മാറിയിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധികേരളത്തിൽ സൃഷ്ടിക്കാവുന്ന പ്രയാസങ്ങളെക്കുടി മറികടക്കാനുള്ള സമീപനവും ഈ അവസരത്തിൽ പാർടി മുന്നോട്ടുവയ്ക്കുന്നു.

പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്

1988 ഡിസംബർ 27 മുതൽ 1989 ജനുവരി 1 വരെ തിരുവനന്തപുരത്താണ് പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 70 അംഗങ്ങളെയും, കേന്ദ്ര സെക്രട്ടറിയേറ്റിയിലേക്ക് 5 അംഗങ്ങളെയും ഈ സമ്മേളനം തിരഞ്ഞെടുത്തു. ഇ.എം.എസിനെ ജനറൽ സെക്രട്ടറിയായും പോളിറ്റ്‌ബ്യൂറോയിലേക്ക് ബി. ടി. രണദിവെ, എം. ബസവപുന്നയ്യ, നൃപൻ ചക്രവർത്തി, സരോജ്‌ മുഖർജി, ഹർകിഷൻ സിംഗ് സുർജിത്‌, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ, വി.എസ്‌. അച്യുതാനന്ദൻ, എ. നല്ലശിവം, എൽ.ബി. ഗംഗാധരറാവു എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.

പതിനാലാം പാർട്ടി കോൺഗ്രസ്സ്

പതിനാലാം കോൺഗ്രസ്‌ 1992 ജനുവരി മൂന്ന് മുതൽ 10 വരെ മദ്രാസിൽ വെച്ചാണ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 63 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്ങ് സുർജിത്തിനെ ജനറൽ സെക്രട്ടറിയായും, ഇ.എം.എസ്‌., ഇ. ബാലാനന്ദൻ, നൃപൻ ചക്രവർത്തി, ഇ. കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിനോയ്‌ കൃഷ്‌ണ ചൗധരി, വി. എസ്‌. അച്യുതാനന്ദൻ, എ. നല്ലശിവം, എൽ. ബി. ഗംഗാധരറാവു, പ്രകാശ് കാരാട്ട്, എം. ഹനുമന്തറാവു, സുനിൽ മൊയ്‌ത്ര, പി. രാമചന്ദ്രൻ, ശൈലേൻദാസ്‌ ഗുപ്‌ത എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി

പതിനഞ്ചാം പാർട്ടി കോൺഗ്രസ്സ്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനഞ്ചാം പാർട്ടി കോൺഗ്രസ്സ് 1995 ഏപ്രിൽ രണ്ട് മുതൽ എട്ടു വരെ ചണ്ഡീഗഡിൽ വെച്ചാണ് നടന്നത്. ഈ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 71 പേരെ തിരഞ്ഞെടുക്കുകയുണ്ടായി. ഹർകിഷൻ സിങ്ങ് സുർജിത്തിനെ സെക്രട്ടറി ആയി നിലനിർത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി ഇ.എം.എസ്‌., ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്‌, ഇ. കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിനോയ്‌ കൃഷ്‌ണ ചൗധരി, വി. എസ്‌. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, എൽ. ബി. ഗംഗാധരറാവു, പ്രകാശ്‌ കാരാട്ട്‌, ശൈലേൻദാസ്‌ ഗുപ്‌ത, സുനിൽ മൊയ്‌ത്ര എന്നിവരെയും തിരഞ്ഞെടുത്തു .

പതിനാറാം പാർട്ടി കോൺഗ്രസ്സ്

കൊൽക്കത്തയിൽ വെച്ച് 1998 ഒക്ടോബർ അഞ്ചു മുതൽ 11 വരെയാണ് പതിനാറാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 75 പേരെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്ങ് സുർജിത്തിനെ പാർട്ടി ജനറൽ സെക്രട്ടറി ആയി നിലനിർത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി മണിക്‌ സർക്കാർ, ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്‌, ഇ.കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിമൻ ബസു, വി.എസ്‌. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, അനിൽ വിശ്വാസ്‌, പ്രകാശ്‌ കാരാട്ട്‌, ശൈലേൻദാസ്‌ ഗുപ്‌ത, എം.കെ. പന്ഥെ, പിണറായി വിജയൻ എന്നിവരെയും തിരഞ്ഞെടുത്തു .

പതിനേഴാം പാർട്ടി കോൺഗ്രസ്സ്

സി.പി.ഐ. (എം)-ന്റെ പതിനേഴാം പാർട്ടി കോൺഗ്രസ്സ് 2002 മാർച്ച് 19 മുതൽ 24 വരെ ഹൈദരാബാദിൽ വെച്ച് സമ്മേളിക്കുകയുണ്ടായി. കേന്ദ്ര കമ്മിറ്റിയിലേക്ക് 77 അംഗങ്ങളെ ഈ സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കുകയുണ്ടായി. ഹർകിഷൻ സിങ്ങ് സുർജിത്ത് വീണ്ടും ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോയിലേക്ക് മണിക്‌ സർക്കാർ, ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്‌, ഇ.കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിമൻ ബസു, വി.എസ്‌. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, അനിൽ വിശ്വാസ്‌, പ്രകാശ്‌ കാരാട്ട്‌, ബുദ്ധദേവ്‌ ഭട്ടാചാര്യ, എം.കെ. പന്ഥെ, കോർത്താല സത്യനാരായണ, പിണറായി വിജയൻ എന്നിവരെ തിരഞ്ഞെടുത്തു .

പതിനെട്ടാം പാർട്ടി കോൺഗ്രസ്സ്

2005 ഏപ്രിൽ 6 മുതൽ 11 വരെ ന്യൂഡെൽഹിയിൽ വെച്ചാണ് പതിനെട്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പ്രകാശ് കാരാട്ടിനെ ജനറൽ സെക്രട്ടറിയായി ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി വി.എസ്‌. അച്ചുതാനന്ദൻ, എസ്. രാമചന്ദ്രൻ പിള്ള, സീതാറാം യെച്ചൂരി, എം.കെ. പാന്ഥെ, ബിമൻ ബസു, മാണിക്ക്‌ സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ്‌ ഭട്ടാചാര്യ, കെ. വരദ രാജൻ, ബി.വി. രാഘവുലു, ഹർകിഷൻ സിങ്ങ് സുർജിത്‌, അനിൽ വിശ്വാസ്‌, വൃന്ദ കാരാട്ട്‌, ചിത്തബ്രത മജൂംദാർ, ജ്യോതി ബസു, ആർ. ഉമാനാഥ്‌ എന്നിവരെ തിരഞ്ഞെടുത്തു .

പത്തൊൻപതാം പാർട്ടി കോൺഗ്രസ്സ്

2008 മാർച്ച് 29 മുതൽ ഏപ്രിൽ മൂന്ന് വരെ കോയമ്പത്തൂർ വെച്ചാണ് പത്തൊമ്പതാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പ്രകാശ് കാരാട്ടിനെ ഈ സമ്മേളനം ജനറൽ സെക്രട്ടറി ആയി നിലനിർത്തുകയുണ്ടായി. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായി വി.എസ്. അച്യുതാനന്ദൻ, എസ്‌. രാമചന്ദ്രൻ പിള്ള , സീതാറാം യെച്ചൂരി, എം.കെ. പാന്ഥെ, ബിമൻ ബസു, മാണിക് സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ്‌ ഭട്ടാചാര്യ കെ. വരദ രാജൻ, ബി.വി. രാഘവലു, ബൃന്ദ കാരാട്ട് മൊഹമ്മദ്‌ അമീൻ, കൊടിയേരി ബാലകൃഷ്‌ണൻ, നിരുപം സെൻ എന്നിവരെയും, ജ്യോതി ബസുവിനെ പൊളിറ്റ് ബ്യൂറോയിലേക്കുള്ള പ്രത്യേക ക്ഷണിതാവായും തിരഞ്ഞെടുക്കുകയുണ്ടായി.

ഇരുപതാം പാർട്ടി കോൺഗ്രസ്സ്

ഇരുപതാം പാർട്ടി കോൺഗ്രസ്സ് 2012 ഏപ്രിൽ നാല് തൊട്ട് ഒൻപത് വരെ കോഴിക്കോട് വച്ച് നടന്നു.പ്രകാശ് കാരാട്ടിനെ ഈ സമ്മേളനം ജനറൽ സെക്രട്ടറി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായി എസ്‌. രാമചന്ദ്രൻ പിള്ള , സീതാറാം യെച്ചൂരി,എം എ ബേബി,ബിമൻ ബസു, മാണിക്ക്‌ സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ്‌ ഭട്ടാചാര്യ കെ. വരദ രാജൻ, ബി.വി. രാഘവുലു, ബൃന്ദ കാരാട്ട്,സൂര്യ കാന്ത് മിശ്ര,കൊടിയേരി ബാലകൃഷ്‌ണൻ, നിരുപം സെൻ,എ കെ പദ്മനാഭൻ എന്നിവരെ തെരഞ്ഞെടുത്തു. .

ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ്സ്

ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ്സ് 2015 ഏപ്രിലിൽ വിശാഖപട്ടണത്ത് വെച്ച് നടന്നു.

ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ്സ്

ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ്സ് 2018 ഏപ്രിലിൽ ഹൈദ്രാബാദ് വെച്ച് നടന്നു. കേരളത്തിൽ നിന്ന് കെ. രാധാകൃഷ്ണൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ കേന്ദ്രകമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

വർഗീയഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു പാർട്ടി നടത്തിയിട്ടുള്ള ഇടപെടലുകളും ഏറെ പ്രധാനമാണ്. സമൂഹത്തിൽ മതേതരത്വവും ജനാധിപത്യവുമായ മൂല്യങ്ങൾ നിലനിർത്തുന്നതിനുവേണ്ടി നടത്തിയ ഇത്തരം ഇടപെടലുകളുടെ ഫലമായി പിന്തിരിപ്പന്മാരുടെ കൊലക്കത്തിക്കിരയായി നിരവധി സഖാക്കൾക്ക് ജീവൻ വെടിയേണ്ടിവന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ മർദ്ദനങ്ങളുടെ ഫലമായി ജീവൻ വെടിയേണ്ടിവന്നവരും ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നവരും ഏറെയുണ്ട്. ഇവരുടെ പോരാട്ടവീര്യവും ആത്മസമർപ്പണവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കിയ സുപ്രധാനമായ മറ്റൊരു ഘടകമാണ്. പ്രസ്ഥാനത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ലക്ഷക്കണക്കിനു സഖാക്കളുടെ പ്രവർത്തനമാണ് പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായി നിലനിൽക്കുന്നത്. നേതൃത്വത്തെ തകർത്തു പാർട്ടിയെ ദുർബലമാക്കാൻ പറ്റുമോ എന്ന പരിശ്രമവും വർത്തമാനകാലത്ത് സജീവമായി നടക്കുന്നുണ്ട്. ഇതിനെയും ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് പാർട്ടി മുന്നോട്ടുപോകുന്നത്.

തുടർച്ചയായ രണ്ടാം തവണയും അധികാരം പിടിക്കാൻ സാധിച്ചതിന്റെ കരുത്തുമായാണ് 23ാം പാർട്ടി കോൺ​ഗ്രസിന് കേരളം വേദിയാകുന്നത്. ജന്മിത്വത്തിന്റെ കരാളഹസ്തങ്ങളിൽക്കിടന്ന് ബുദ്ധിമുട്ടിയ കേരള ജനതയെ വികസനത്തിന്റെയും ജനാധിപത്യബോധത്തിന്റെയും സംഘബോധത്തിന്റെയും തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിനായി എണ്ണമറ്റ പോരാട്ടങ്ങൾ പാർട്ടി നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ ഓരോ കാലത്തും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ജനങ്ങളെ നയിക്കാനും തയ്യാറാവുന്നതുകൊണ്ടാണ് അനുദിനം ജനപിന്തുണ പാർട്ടിക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close