Breaking NewsKERALANEWSTop News

കാറിനുള്ളിലെ പീഡന ദൃശ്യങ്ങൾ വൈറലായതോടെ ഇരയായ യുവതിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് സിപിഎം; നടപടി ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയെ തുടർന്ന്; പ്രതിയായ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി ലഭിച്ചില്ലെന്നും നേതൃത്വം

തിരുവല്ല: കാറിനുള്ളിലിട്ട് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവതിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നെന്ന് സിപിഎം. എന്നാൽ, പ്രതിയായ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സിപിഎം ഇതുവരെയും നടപടി എടുത്തിട്ടില്ല. പ്രതിസാസ സജിമോനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല എന്നാണ് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നിലപാട്. അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതിന് യുവതിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പരാതി നൽകി എന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. യുവതിയുടെ പരാതിക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന സംശയമാണ് നേതൃത്വം ഉയർത്തുന്നത്.

സ്വന്തം പാർട്ടിക്കാരിയായ യുവതിയെ സിപിഎം നേതാവ് കാറിനുള്ളിലിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് കേസെടുക്കുന്നത് തടയുകയായിരുന്നു. പാർട്ടി തലത്തിൽ പ്രശ്നങ്ങൾ തീർക്കാം എന്ന നിലപാടായിരുന്നു സിപിഎമ്മിന്. എന്നാൽ ഇത് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ തിരുവല്ല പൊലീസ് സിപിഎം കോട്ടാലി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി സി.സി സജിമോനും ഡിവൈഎഫ്ഐ നേതാവായ ആഞ്ഞിലിത്താനം സ്വദേശി നാസറിനും മറ്റ് പത്തു പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പത്തനംതിട്ടയ്ക്ക് പോകാൻ നിന്ന പരാതിക്കാരിയോട് താനും പോകുന്നുണ്ടെന്നും ഒന്നിച്ച് കാറിൽ പോകാമെന്നും പറഞ്ഞ് സജി മോനാണ് വിളിച്ചു കയറ്റിയത്. ഒപ്പം ഡിവൈഎഫ്ഐ നേതാവ് നാസറുമുണ്ടായിരുന്നു. ദാഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്ന ജ്യൂസ് സജിമോൻ നൽകിയെന്നും പിന്നീട് ഒന്നും ഓർമയില്ലെന്നും വീട്ടമ്മയുടെ മൊഴിയിലുണ്ട്. പിറ്റേന്ന് നാസർ വിളിച്ച് അശ്ലീലദൃശ്യം കാണിച്ചു. ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നൊക്കെയാണ് പരാതി.

സി.സി സജിമോനും ഡിവൈഎഫ്ഐ നേതാവായ നാസറും ചേർന്നാണ് വീട്ടമ്മയെ കാറിൽ കയറ്റിക്കൊണ്ടു പോയി നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് സിപിഎമ്മിന്റെ സജീവ പ്രവർത്തക കൂടിയായ വീട്ടമ്മ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തിരുവല്ല പൊലീസിന് കൈമാറിയ പരാതിയിൽ വീട്ടമ്മയെ വിളിച്ചു വരുത്തി മൊഴി എടുത്തെങ്കിലും സിപിഎമ്മിന്റെ നിരവധി നേതാക്കൾ ഉൾപ്പെട്ടതിനാൽ കേസെടുക്കാൻ താൽപര്യമുണ്ടായില്ല. പാർട്ടി പറഞ്ഞിട്ട് കേസെടുത്താൽ മതിയെന്ന നിലപാടിലായിരുന്നു പൊലീസ്. പരാതി പിൻവലിപ്പിക്കാനായി ഒത്തു തീർപ്പ് ചർച്ചയും നടന്നു. സമാന രീതിയിൽ നിരവധി തവണ പീഡനം നടന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. ഒരേ കാറിൽ പല സ്ഥലങ്ങളിലായി പീഡനം നടന്നിട്ടുണ്ടെന്നാണ് സൂചന. ഇത്തരം ദൃശ്യങ്ങളാണത്രേ പ്രചരിച്ചത്.

2018 ൽ സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയായിരിക്കേയാണ് സജിമോൻ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുടുങ്ങിയത്. ഈ കേസിലാണ് ഡിഎൻഎ അട്ടിമറി നടന്നത്. അതോടെ ആ കേസ് അവസാനിച്ചു. ഡിഎൻഎ ഫലം എന്തായെന്ന് ആർക്കുമറിയില്ല. പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെങ്കിലും സജിമോനെ അങ്ങനെ കൈവിടാൻ ജില്ലാ നേതാവ് തയാറായില്ല. ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയ സജിമോനെ ഇക്കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയാക്കി മാറ്റി.

സജിമോനും നാസറുമാണ് പീഡനത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. ശേഷിച്ച 10 പേർ പീഡനദൃശ്യം പ്രചരിപ്പിച്ചവരാണ്. ഇതിൽ അഭിഭാഷകനായ ഡിവൈഎഫ്ഐ നേതാവും നഗരസഭാ കൗൺസിലറും ഉൾപ്പെടുന്നു. അനു വി. ജോൺ, ആർ. മനു, ഷാനി താജ്, പൊന്നുമണി ലാലു, ലാലു, രഞ്ജിനി, ഷൈലേഷ് കുമാർ, മനോജ്, സജി എലിമണ്ണിൽ, വിദ്യാ ഷഫീഖ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. പീഡന വിവാദം ആളിപ്പടർന്നതോടെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി പൊലീസിന് നിർദ്ദേശവും നൽകി കഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close