വനിതാ സഖാവിനെ ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച സംഭവത്തിൽ സിപിഎമ്മിൽ തർക്കം; ഇരയെ തള്ളിപ്പറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്നത് തെറ്റെന്ന് ഒരു വിഭാഗം; തിരുവല്ല പാർട്ടി ബലാത്സംഗക്കേസിൽ ഇനി സിപിഎം അന്വേഷണവും

പത്തനംതിട്ട: സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ പീഡനക്കേസിൽ പത്തനംതിട്ടയിലെ സിപിഎമ്മിൽ ചേരിപ്പോര്. കേസിൽ ഇരയായ യുവതിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയും പ്രതിയെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിനെതിരെ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. ഇതോടെ സംഭവത്തിൽ പാർട്ടി അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. അടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
സി.പി.എമ്മിനെ വെട്ടിലാക്കിയ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ പാര്‍ട്ടി പ്രവര്‍ത്തകയെ സസ്പെൻഡ് ചെയ്തിരുന്നു. പരാതിക്കാരിയുടെ നടപടികള്‍ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കുകയും വിഡിയോ പ്രചരിച്ചത് മോശം സന്ദേശം നല്‍കുകയും ചെയ്തതു കൊണ്ടാണ് നടപടി എടുത്തതെന്നായിരുന്നു ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആൻറണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. പൊലീസ് കേസെടുത്ത പ്രതിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സജിമോനെതിരേ ഇതു വരെ പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏരിയ സെക്രട്ടറിയുടെ ഈ നടപടി പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. ഇരക്കെതിരെ നടപടി എടുക്കുകയും പ്രതിയെ സംരക്ഷിക്കുകയും മാത്രമല്ല, അത് മാധ്യമങ്ങളോട് പറയുകയും ചെയ്തത് വഴി പാർട്ടിയെ കുറിച്ച് തെറ്റായ സന്ദേശമാണ് ഏരിയ സെക്രട്ടറി നൽകിയതെന്ന വികാരമാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. ഇത് സംബന്ധിച്ച് നേതാക്കൾ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയെന്നാണ് സൂചനകൾ.
വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയ സിപിഎം നേതാവ് മുമ്പും പീഡനക്കേസിൽ പ്രതി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സി സി സജിമോനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവല്ല പൊലീസ് കേസെടുത്തത്. വീട്ടമ്മയെ ലഹരി മരുന്ന് നൽകിയ ശേഷം കാറിലിട്ട് പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. മുമ്പ് മറ്റൊരു വിവാഹിതയായ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ. ഇതേ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.
സിപിഎം പ്രവർത്തകയായ യുവതിയെയാണ് സജിമോൻ കാറിലിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഇതേ തുടർന്ന് ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്ഐ നേതാവായ നാസറാണ്. പീഡനം, നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേർക്കെതിരെ കേസ് എടുത്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാർ ഉൾപ്പെടെ പത്തു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു കാറിൽ വെച്ച് പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് നഗ്നചിത്രങ്ങൾ എടുത്ത് അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇയാൾ പണവും ആവശ്യപ്പെട്ടു. പരാതിക്കാരിയും ഭർത്താവും സജീവ സിപിഎം പ്രവർത്തകയാണ്. ദൃശ്യങ്ങൾ വൈറലായതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് കേസെടുക്കുന്നത് തടയുകയായിരുന്നു. പാർട്ടി തലത്തിൽ പ്രശ്നങ്ങൾ തീർക്കാം എന്ന നിലപാടായിരുന്നു സിപിഎമ്മിന്. എന്നാൽ ഇത് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ തിരുവല്ല പൊലീസ് സിപിഎം കോട്ടാലി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി സി.സി സജിമോനും ഡിവൈഎഫ്ഐ നേതാവായ ആഞ്ഞിലിത്താനം സ്വദേശി നാസറിനും മറ്റ് പത്തു പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പത്തനംതിട്ടയ്ക്ക് പോകാൻ നിന്ന പരാതിക്കാരിയോട് താനും പോകുന്നുണ്ടെന്നും ഒന്നിച്ച് കാറിൽ പോകാമെന്നും പറഞ്ഞ് സജി മോനാണ് വിളിച്ചു കയറ്റിയത്. ഒപ്പം ഡിവൈഎഫ്ഐ നേതാവ് നാസറുമുണ്ടായിരുന്നു. ദാഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്ന ജ്യൂസ് സജിമോൻ നൽകിയെന്നും പിന്നീട് ഒന്നും ഓർമയില്ലെന്നും വീട്ടമ്മയുടെ മൊഴിയിലുണ്ട്. പിറ്റേന്ന് നാസർ വിളിച്ച് അശ്ലീലദൃശ്യം കാണിച്ചു. ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നൊക്കെയാണ് പരാതി.
സി.സി സജിമോനും ഡിവൈഎഫ്ഐ നേതാവായ നാസറും ചേർന്നാണ് വീട്ടമ്മയെ കാറിൽ കയറ്റിക്കൊണ്ടു പോയി നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് സിപിഎമ്മിന്റെ സജീവ പ്രവർത്തക കൂടിയായ വീട്ടമ്മ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തിരുവല്ല പൊലീസിന് കൈമാറിയ പരാതിയിൽ വീട്ടമ്മയെ വിളിച്ചു വരുത്തി മൊഴി എടുത്തെങ്കിലും സിപിഎമ്മിന്റെ നിരവധി നേതാക്കൾ ഉൾപ്പെട്ടതിനാൽ കേസെടുക്കാൻ താൽപര്യമുണ്ടായില്ല. പാർട്ടി പറഞ്ഞിട്ട് കേസെടുത്താൽ മതിയെന്ന നിലപാടിലായിരുന്നു പൊലീസ്. പരാതി പിൻവലിപ്പിക്കാനായി ഒത്തു തീർപ്പ് ചർച്ചയും നടന്നു. സമാന രീതിയിൽ നിരവധി തവണ പീഡനം നടന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. ഒരേ കാറിൽ പല സ്ഥലങ്ങളിലായി പീഡനം നടന്നിട്ടുണ്ടെന്നാണ് സൂചന. ഇത്തരം ദൃശ്യങ്ങളാണത്രേ പ്രചരിച്ചത്.