
കണ്ണൂർ: കെ.റെയിൽ പദ്ധതിക്കെതിരെയുള്ള സമരത്തെ വിലയ്ക്കു വാങ്ങാൻ സർക്കാരും മാർക്സിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പണം കൊടുത്ത് എല്ലാം സ്വന്തമാക്കുന്ന കോർപറേറ്റ് സമീപനമാണ് സിപിഎമ്മിന്റേതെന്നും കൃഷ്ണദാസ് ആരോപിച്ചു.
മുതലാളിത്ത പാർട്ടിയെ പോലെയാണ് സിപിഎം പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ സർവ്വനാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുകയാണ്. യുക്തിസഹമായ രീതിയിലല്ല ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്. കെ.റെയിൽ ഒരു ഉഡായിപ്പ് തരികിട പദ്ധതിയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. സിപിഎം നേതാക്കൾക്ക് കമ്മിഷനടിക്കാനുള്ള പദ്ധതിയാണിത്. ഈ പദ്ധതി കൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ല. കെ.റെയിലിന് ഇതുവരെ കേന്ദ്ര സർക്കാരോ റെയിൽ വെ മന്ത്രാലയമോ അനുമതി കൊടുത്തിട്ടില്ല. പദ്ധതിയുടെ രൂപരേഖ സമർപിച്ചാൽ മാത്രമേ ഇതിൽ തീരുമാനമെടുക്കുകയുള്ളു. അനുമതി വേണ്ടാത്ത കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്നത്. പഠനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. ഒരു ബദൽ റെയിൽവേ പാതയാണ് സംസ്ഥാനത്തിന് ഇന്ന് ആവശ്യം.
കാസർകോട് – തിരുവനന്തപുരം ഗോൾഡൻ ലൈനിനെ കുറിച്ച് സർക്കാർ ചിന്തിക്കണം നിലവിലെ പാതയ്ക്ക് സമാന്തരമായി റെയിൽവേ പാത നിർമ്മിച്ചാൽ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം കുറയും. സിൽവർ ലൈൻ പദ്ധതിയുടെ പകുതി തുക പോലും ഇതിനായി ചെലവഴി കേണ്ടി വരില്ല. സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്നും അടിയന്തിരമായി പിന്മാറാൻ തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..
https://www.facebook.com/MediaMangalamnews
.