
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിനെതിരെ കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഡാലോചന നടത്തിയെന്ന് മാത്രമായിരുന്നു കഴിഞ്ഞ ഒന്‍പതിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. ഇതില്‍ ഒരു അഡീഷണല്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗൂഡാലോചന നടത്തി എന്ന് മാത്രം പറയുമ്പോള്‍ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍.
അതിനിടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരന് പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂടി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തത്.
നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി. ഈ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. ദീലീപിന് ജാമ്യം നൽകുന്നത് നേരത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്
ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്.
ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തണം.
അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നത്. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. മുൻകൂർ ജാമ്യം ദിലീപിന് നൽകിയാൽ അത് കേസിന്റെ അന്വേഷണത്തെത്തന്നെ ബാധിക്കും. അതിനാൽ ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം നൽകരുതെന്നും സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതിയെ അറിയിച്ചിരുന്നു.