Breaking NewsKERALANEWSTop News

എ ​ഗ്രൂപ്പ് നെടുകെ പിളർന്നു; ഐ ​ഗ്രൂപ്പ് തകർന്നടിഞ്ഞു; പുത്തൻ അച്ചുതണ്ടിനെ തകർക്കാൻ കോൺ​ഗ്രസിൽ അയ്യയ്യേ ​ഗ്രൂപ്പ്; ​പാർട്ടി മാറാനും ഗ്രൂപ്പ് മാറാനും കോൺ​ഗ്രസിൽ തിക്കുംതിരക്കും

തിരുവനന്തപുരം: കേരളത്തിലെ കോൺ​ഗ്രസിൽ പുതിയ ​ഗ്രൂപ്പ് സമവാക്യങ്ങൾ രൂപപ്പെട്ടതോടെ പാർട്ടി മാറാനും ​ഗ്രൂപ്പുമാറാനും നേതാക്കളുടെ തിരക്ക്. എ ​ഗ്രൂപ്പ് രണ്ടായി പിളരുകയും പ്രമുഖ നേതാക്കളിൽ ചിലർ പാർട്ടിക്ക് തന്നെ പുറത്താകുകയും ചെയ്തതോടെ പുതിയ ശാക്തിക ചേരിയും കോൺ​ഗ്രസിനുള്ളിൽ രൂപപ്പെട്ടു. എ, ഐ ഗ്രൂപ്പുകളിൽനിന്നുള്ള പല പ്രമുഖരും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഒപ്പംകൂടിയതോടെ പരമ്പരാ​ഗതമായ രണ്ട് ​ഗ്രൂപ്പുകളും ഇപ്പോൾ പ്രതിസന്ധിയിലാണ്. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സംസ്ഥാനത്തെ കോൺ​ഗ്രസ് പാർട്ടി എന്ന നില വന്നതോടെ ശക്തരായ പല നേതാക്കളും മറുകണ്ടം ചാടുന്നതിനുള്ള തയ്യാറെടപ്പിലാണ്.

കോൺ​ഗ്രസിൽ നിന്നും മറ്റ് പാർട്ടികളിലേക്ക് ചേക്കാറാനും നേതാക്കൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. നിരവധി നേതാക്കൾ സിപിഎമ്മുമായും സിപിഐയുമായും കേരള കോൺ​ഗ്രസ് എമ്മുമായും എൻസിപിയുമായും ബന്ധപ്പെട്ട് കഴിഞ്ഞു. പാർട്ടിക്കുള്ളിൽ അർഹമായ പരി​ഗണന ലഭിക്കുന്നില്ലെങ്കിൽ കോൺ​ഗ്രസ് പാളയം വിടാനൊരുങ്ങി നിൽക്കുന്നത് നിരവധി നേതാക്കളും പ്രവർത്തകരുമാണ്.

നിലവിലെ സാഹചര്യത്തിൽ കോൺ​ഗ്രസിലെ എ ​ഗ്രൂപ്പും ഐ ​ഗ്രൂപ്പും അപ്രസക്തമാകുകയാണ്. വിശാല ഐ ​ഗ്രൂപ്പ് ഛിന്നഭിന്നമായി. ഐ ​ഗ്രൂപ്പിന്റെ ഭാ​ഗമായിരുന്ന കെ സുധാകരനും വി ഡി സതീശനും അധികാര കേന്ദ്രങ്ങളായി മാറിയതോടെ ഐ ​ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തല അപ്രസക്തനായി മാറി. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന കെ സി വേണു​ഗോപാലും ചെന്നിത്തലക്കും മുകളിൽ എത്തി. കെ. മുരളീധരനും ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. ഡി.സി.സി. പുനഃസംഘടന സംബന്ധിച്ച പ്രാഥമികചർച്ചകളിൽ തന്നെ പങ്കെടുപ്പിച്ചില്ലെന്ന കാരണത്താൽ രാഷ്ട്രീയകാര്യസമിതിയിൽനിന്ന് പോലും വിട്ടുനിന്ന മുരളീധരൻ പട്ടിക സംബന്ധിച്ച് വേണ്ടത്ര ചർച്ച പാർട്ടിയിൽ നടന്നുവെന്ന അഭിപ്രായത്തിലേക്ക് മാറിയതും ശ്രദ്ധേയമായി. ശൂരനാട് രാജശേഖരനാണ് ഐ ഗ്രൂപ്പ് വിട്ട മറ്റൊരാൾ. ഇതോടെ പഴയ ഐ​ഗ്രൂപ്പ് വിട്ട് പുത്തൻ ശാക്തിക ചേരിയിലേക്ക് എത്താനാണ് നേതാക്കളുടെ ശ്രമം.

ഐ​ഗ്രൂപ്പിനെക്കാൾ പ്രതിസന്ധിയിലാണ് എ ​ഗ്രൂപ്പ്. ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ​ഗ്രൂപ്പ് ഇപ്പോൾ രണ്ടായി പിളർന്നിരിക്കുകയാണ്. കെ സി ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗവും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗവും എന്നതാണ് നിലവിലെ എ ​ഗ്രൂപ്പിന്റെ അവസ്ഥ. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച അഭിപ്രായംതേടുന്ന സമയത്തുതന്നെ ടി. സിദ്ദിഖിനെയും ഷാഫി പറമ്പിലിനെയും പരമ്പരാഗത എ വിഭാഗത്തിന് നഷ്ടമായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് താത്പര്യമുണ്ടായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിന് മുൻകൈയെടുക്കാത്ത ഗ്രൂപ്പ് നിലപാടിൽ പ്രതിഷേധിച്ച് അകലം പാലിച്ചു. നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഒരു മത്സരത്തിന് നിൽക്കേണ്ടെന്നായിരുന്നു അന്ന് ഉമ്മൻചാണ്ടിയുടെ നിലപാട്.

ഗാഡ്ഗിൽ റിപ്പോർട്ടിൽ നിലപാട് എടുത്തതിന്റെ പേരിൽ ലോക്‌സഭാസീറ്റ് വെട്ടിയപ്പോൾത്തന്നെ പി.ടി. തോമസ് എ ഗ്രൂപ്പുമായി അകന്നിരുന്നു. പിന്നീട് തൃക്കാക്കരയിൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചത് വി.എം. സുധീരന്റെ ഇടപെടലിലായിരുന്നു. കൊടിക്കുന്നിലും പഴയ എ വിഭാഗമാണെങ്കിലും നിലവിൽ അകൽച്ചയിലാണ്.

എന്നാൽ, പഴയതുപോലെ ​ഗ്രൂപ്പുകളിക്കാൻ അനുവദിക്കില്ലെന്ന് കെ പി സിസി പ്രസിഡന്റ് കെ സുധാകരനും പരസ്യമായി വിഴുപ്പലക്കുന്നവർക്ക് പാർട്ടിക്കുള്ളിൽ സ്ഥാനമുണ്ടാകില്ലെന്ന് ഹൈക്കമാൻഡും നിലപാടെടുത്തതോടെ കലാപക്കൊടി ഉയർത്തിയ ​ഗ്രൂപ്പ് മാനേജർമാരും പ്രതിസന്ധിയിലായി. ഇതോടെയാണ് മാന്യമായി പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേക്കാറാൻ നേതാക്കൾ തയ്യാറെടുക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ അടുത്ത തവണയും കോൺ​ഗ്രസിന് ഭരണം കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. പരസ്പരം പണികൊടുക്കുന്ന കോൺ​ഗ്രസ് നേതാക്കൾക്ക് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയില്ലെന്നാണ് അസംതൃപ്തരായ നേതാക്കൾ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ഇടത് മുന്നണിയിലെ മറ്റ് പാർട്ടികളിലേക്ക് ചേക്കേറി തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് നേതാക്കളുടെ ശ്രമം.

അതിനിടെ, സുധാകരൻ- സതീശൻ – വേണു​ഗോപാൽ അച്ചുതണ്ടിനെ തകർക്കാൻ എ ​ഗ്രൂപ്പും ഐ ​ഗ്രൂപ്പും ചേർന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എതിനെ അയ്യയ്യേ ​ഗ്രൂപ്പ് എന്നാണ് ഇപ്പോൾ ഔദ്യോ​ഗിക പക്ഷം കളിയാക്കി വിളിക്കുന്നത്. ഐ ​ഗ്രൂപ്പും എ ​ഗ്രൂപ്പും ചേർന്ന ഈ സംവിധാനത്തിനും പക്ഷേ ഔദ്യോ​ഗിക പക്ഷത്തെ എതിർക്കാനുള്ള ശേഷിയില്ലെന്നാണ് കെ സുധാകരൻ അനുകൂലികൾ വ്യക്തമാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close