Breaking NewsKERALANEWSTop News

ഒരു പ്രസ്താവന ഇറക്കി പോലും സാന്നിധ്യം അറിയിക്കാനാകാതെ പി ജെ ജോസഫ്; കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം തീർത്തും അപ്രസക്തമാകുന്നു; ആരൊക്കെ കൂടെയുണ്ടെന്ന് പോലും ഉറപ്പില്ലാതെ നേതൃത്വം

കോട്ടയം: കോൺ​ഗ്രസിൽ ചേരിപ്പോര് രൂക്ഷമാകുന്ന സന്ദർഭങ്ങളിലെല്ലാം ഘടകകക്ഷികളാണ് സമാധാന ദൗത്യവുമായി രം​ഗത്ത് എത്തിയിരുന്നത്. മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കേരള കോൺ​ഗ്രസ് നേതാവ് കെ എം മാണിയുമായിരുന്നു അത്തരം സമാധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. കെ എം മാണി അന്തരിക്കുകയും കേരള കോൺ​ഗ്രസ് എം ഇടത് മുന്നണിയിലേക്ക് മാറുകയും ചെയ്തതോടെ ആ സ്ഥാനം പി ജെ ജോസഫിന് എന്നതായിരുന്നു കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് പറഞ്ഞിരുന്നത്. എന്നാൽ, നിലവിലെ പ്രതിസന്ധിയിൽ കോൺ​ഗ്രസിലെ പ്രശ്നങ്ങൾ തണുപ്പിക്കാൻ ഇടപെടാൻ പോയിട്ട് ഒരു പ്രസ്താവന ഇറക്കി സാന്നിധ്യം അറിയിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് പി ജെ ജോസഫിനും കേരള കോൺ​ഗ്രസ് ജെ എന്ന രാഷ്ട്രീയ പാർട്ടിക്കും.

പി ജെ ജോസഫും പി കെ കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പുതോൽവിക്ക്‌ കാരണക്കാരായെന്ന് കെപിസിസി സമിതിയുടെ റിപ്പോർട്ട്‌ ജോസഫിന് വലിയ തിരിച്ചടിയായിരുന്നു. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിച്ചതും പി ജെ ജോസഫ്‌ പക്ഷത്തിന്‌ ജനപിന്തുണ ഇല്ലെന്നുമുള്ള റിപ്പോർട്ടാണ്‌ പുതിയ യുദ്ധമുഖം തുറന്നത്‌. കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷത്തെ പരോക്ഷമായി പിന്തുണച്ച റിപ്പോർട്ടിൽ ജോസഫ്‌ വിഭാഗം കടുത്ത അമർഷത്തിലാണ്‌. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ കൊഴിഞ്ഞുപോക്കും. ആഭ്യന്തര കലഹം മൂർച്ഛിച്ച മുസ്ലിംലീഗാകട്ടെ മൗനത്തിലും.

യുഡിഎഫിൽ ഉറച്ചുനിന്ന തങ്ങളെ ഒറ്റപ്പെടുത്താനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കമാണ്‌ ഇതെന്ന്‌ ജോസഫ്‌ പക്ഷം പറയുമ്പോഴും തങ്ങളുടെ ജനപിന്തുണ ഇല്ലാതാകുന്നതും മറുപക്ഷത്ത് ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺ​ഗ്രസ് എം അനുദിനം ശക്തി പ്രാപിക്കുന്നതും ജോസഫിനും കൂട്ടർക്കും വലിയ തിരിച്ചടിയാകുകയാണ്. മാണി വിഭാഗം യുഡിഎഫ്‌ വിട്ടത്‌ മധ്യകേരളത്തിൽ പരമ്പരാഗത വോട്ട്‌ ചോർത്തിയെന്നും ഇത്‌ തടയാൻ ജോസഫ്‌ പക്ഷത്തിനായില്ലെന്നുമാണ്‌ കെപിസിസി സമിതിയുടെ കണ്ടെത്തൽ. സംഘടനാ ശേഷിയില്ലെന്ന വിമർശനവും ജോസഫ്‌ ഗ്രൂപ്പിനെ കുപിതരാക്കിയിട്ടുണ്ട്. മുതിർന്ന നേതാവായ പി ജെ ജോസഫിനെ വ്യക്തിപരമായി അവഹേളിച്ചെന്ന്‌ നേതാക്കൾ ആരോപിക്കുന്നു.

എന്നാൽ, കോൺ​ഗ്രസിന്റെ കണ്ടെത്തലിൽ പുതുമയില്ലെന്ന നിലപാടിലാണ് ജോസഫ് ​ഗ്രൂപ്പിലെ തന്നെ ഒരു വിഭാ​ഗം. എന്തെങ്കിലും കാരണമുണ്ടായാൽ പാർട്ടി വിട്ട് ജോസ് കെ മാണിക്കൊപ്പം ചേരാനാണ് ഇവർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കോൺ​ഗ്രസിലെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ ജോസഫ് പക്ഷം ഭയക്കുന്നുമുണ്ട്.

പിസി തോമസ് കൂടി വന്നതോടെ കേരളാ കോൺഗ്രസ് എന്ന് പേര് മാറ്റിയ ജോസഫ് പക്ഷത്ത് പദവികളെച്ചൊല്ലിയാണ് തർക്കം. ഫ്രാൻസിസ് ജോർജ്ജ് , മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പായി തിരിഞ്ഞ് പരസ്പരം തമ്മിലടിക്കുന്നത്. പിജെ ജോസഫും പിസി തോമസും കഴിഞ്ഞാൽ മൂന്നാമനായി എക്സിക്യൂട്ടീവ് ചെയർമാൻ എന്ന പദവിയിൽ മോൻസ് ജോസഫാണ്. ജോയി എബ്രഹാമും ടിയു കുരുവിളയും കഴിഞ്ഞാണ് ഫ്രാൻസിസ് ജോർജ്ജും മറ്റുള്ളവരും.

ന​ഗ്ന ഫോട്ടോകൾ വിറ്റ് കാശുണ്ടാക്കുന്നത് ജീസസ് പറഞ്ഞിട്ട്

ജൂനിയറായിരുന്നിട്ടും മോൻസിൻറെയും ജോയി എബ്രഹാമിൻറെയും പാർട്ടിയിലെ ഉന്നത പദവികൾക്കെതിരെ ഫ്രാൻസിസ് ജോർജ്ജും കൂട്ടരും കലാപക്കൊടി ഉയർത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പിജെ ജോസഫ് ഇവർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.

പക്ഷേ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് മോൻസ് ജോസഫിൻറെ മറുപടി. തെരഞ്ഞെടുപ്പിന് മുൻപ് മറ്റ് കേരളാ കോൺഗ്രസുകളിൽ നിന്ന് നിരവധി നേതാക്കളാണ് പിജെ ജോസഫ് പക്ഷത്ത് എത്തിയത്. തെരഞ്ഞെടുപ്പിൽ തിരിച്ചടി കനത്ത നേരിട്ടതോടെ നേതാക്കളിൽ പലർക്കും വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാനങ്ങൾ ലഭിക്കാതെപോയി. അതോടെയാണ് പാർട്ടിയിലെ സ്ഥാനങ്ങൾക്കായുള്ള ഈ അടിപിടി തുടങ്ങിയത്.

ഫ്രാൻസിസ് ജോർജിനെ കൂടാതെ ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവരും അതൃപ്തി വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു. ജോസഫ് ​ഗ്രൂപ്പിലെ വലിയൊരു വിഭാ​ഗം നേതാക്കൾ അസംതൃപ്തരാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. തങ്ങൾക്ക് പാർട്ടിക്കുള്ളിൽ അർഹമായ പരി​ഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് ഫ്രാൻസിസ് ജോർജ്ജിൻറെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. ഇവർ പാർട്ടി ചെയർമാൻ പിജെ ജോസഫിനെ കണ്ട് അതൃപ്തി അറിയിച്ചു. മറ്റൊരു പിളർപ്പിലേക്കാണ് കേരള കോൺ​ഗ്രസ് പോകുന്നത് എന്ന നില എത്തിയതോടെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താം എന്ന നിലപാടിലേക്ക് ജോസഫ് എത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close