Breaking NewsKERALANEWSTop News

പി ജെ ജോസഫിന് ഇന്ന് നിർണായകം; ജില്ലാ പ്രസിഡന്റുമാർ യോ​ഗം ചേരും; നിർണായക പ്രഖ്യാപനത്തിന് കാതോർത്ത് രാഷ്ട്രീയ കേരളം

കോട്ടയം: കേരള കോണ്‍ഗ്രസിൽ ഇന്ന് നിർണായക യോ​ഗം. കോട്ടയത്ത് ചേരുന്ന ജില്ലാ പ്രസിഡന്റുമാരുടെ യോ​ഗത്തിൽ വിഭാ​ഗീയത മറനീക്കി പുറത്തുവരും എന്നാണ് സൂചനകൾ. ഇതോടെ കേരള കോൺ​ഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാൻ കേരള കോൺ​ഗ്രസ് എമ്മും തയ്യാറെടുത്ത് കഴിഞ്ഞു. മാതൃസംഘടനയിലേക്ക്​ വരുന്നവരെ കയ്യൊഴിയില്ലെന്ന്​ ജോസ് കെ. മാണിയും പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതോടെയാണ് കേരള കോൺ​ഗ്രസിൽ അസംതൃപ്തരായി നിൽക്കുന്നവർക്ക് കേരള കോൺ​ഗ്രസ് എമ്മിലേക്ക് വരാൻ വഴിയൊരുങ്ങുന്നത്.

ഇടഞ്ഞുനിൽക്കുന്ന നേതാക്കളിൽ പലരും ജോസ് ​കെ മാണിയുമായി കൂടിക്കാഴ്​ച നടത്തിയതോടെയാണ്​ കേരള കോൺ​ഗ്രസ് വിട്ടുവരുന്നവരെ അർഹമായ പരി​ഗണന നൽകി ഉൾക്കൊള്ളാം എന്ന തീരുമാനത്തിൽ കേരള കോൺ​ഗ്രസ് എം എത്തിയത്. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തിൽ ഇനിയും ജോസഫിനൊപ്പം നിന്നിട്ട്​ കാര്യമില്ലെന്ന്​ വിലയിരുത്തുന്ന വലിയൊരു വിഭാഗമാണ്​ ജോസ്​ വിഭാഗവുമായി നീക്കുപോക്കിന്​ ശ്രമിക്കുന്നത്​.

മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജും ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും അറയ്​ക്കൽ ബാലകൃഷ്​ണപിള്ളയുമാണ്​ ജോസഫിനെക്കണ്ട്​ അതൃപ്തി പ്രകടിപ്പിച്ചത്​. അതൃപ്​തരായവരെ പൂർണമായും അംഗീകരിക്കാൻ മോൻസും ജോയ്​ എബ്രഹാമും തയാറല്ലെന്നാണ്​ വിവരം. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായേക്കും. 15ന് ജില്ല പ്രസിഡൻറുമാരുടെ യോഗം കോട്ടയത്ത് ചേരുന്നുണ്ട്​. അതിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു.

പി ജെ ജോസഫിനൊപ്പം നിൽക്കുന്ന കേരള കോൺ​ഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ കേരള കോൺ​ഗ്രസ് എമ്മിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പി ജെ ജോസഫിനൊപ്പം നിൽക്കുന്ന പല നേതാക്കളും ജോസ് കെ മാണിയുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ ഈ നേതാക്കളും പ്രവർത്തകരും കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. യുഡിഎഫിനെ കൂടുതൽ ദുർബലമാക്കാനുള്ള ശ്രമങ്ങൾ സിപിഎമ്മിന്റെ പിന്തുണയോടെയാണ് ജോസ് കെ മാണി ആരംഭിച്ചത്.

സംസ്ഥാന ഭരണം പിടിക്കാൻ യുഡിഎഫിന് കഴിയാതെ വന്നതും, തെരഞ്ഞെടുപ്പിന് ശേഷവും മുന്നണിയിലെ പ്രധാന കക്ഷിയായ കോൺ​ഗ്രസിൽ നടക്കുന്ന തർക്കങ്ങളുമാണ് ജോസഫിനൊപ്പം നിൽക്കുന്ന നേതാക്കളെ പാർട്ടി മാറാൻ പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തിലെ ഇടത് മുന്നണിയെ എതിർത്ത് പരാജയപ്പെടുത്താനുള്ള ശക്തി യുഡിഎഫിനില്ലെന്നും ഉടനൊന്നും ആ ശക്തി ആർജ്ജിക്കാൻ മുന്നണിക്ക് കഴിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരള കോൺ​ഗ്രസ് നേതാക്കൾ ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. എന്നാൽ, തിരികെ എത്തുന്ന നേതാക്കൾക്ക് അർ​ഹമായ പരി​ഗണന നൽകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. തനിച്ച് വന്നാൽ പോരാ, ഒപ്പം പ്രവർത്തകരെയും കൂട്ടണം എന്നാണ് ജോസ് കെ മാണി തന്നെ സമീപിച്ച നേതാക്കളോട് വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close