KERALANEWS

കനയ്യയെ കണ്ടാൽ കമ്മ്യൂണിസ്റ്റ് ആകുക രാഹുൽ ഗാന്ധി; മുങ്ങുന്ന കൊതുമ്പു വള്ളത്തിലേക്ക് ബുദ്ധിയുള്ളവർ ചാടിക്കേറുമോ എന്നും പരിഹാസം; ഇന്ത്യൻ ചെഗുവേരയെ സ്വീകരിക്കാൻ കാത്തിരുന്ന കോൺഗ്രസുകാരെ കണ്ടംവഴി ഓടിച്ച് സൈബർ സഖാക്കൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നു എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. കനയ്യ കുമാർ സിപിഐ ദേശീയ എക്സിക്യൂട്ടീവിൽ പങ്കെടുക്കുന്ന സമയത്താണ് അദ്ദേഹം കോൺ​ഗ്രസിലേക്ക് എന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഉടൻ തന്നെ അദ്ദേഹം അത്തരം റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തിയിരുന്നു. കൂടാതെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇത്തരം വാർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നു. എന്നിട്ടും കനയ്യയുടെ രാഷ്ട്രീയ മാറ്റം വീണ്ടും വീണ്ടും പ്രചരിക്കുന്ന സാഹചര്യത്തിലാണ് സിപിഐ സൈബർ സഖാക്കൾ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ട്രോളി രംഗത്തെത്തിയത്.

രാഹുൽ ഗാന്ധി കോൺഗ്രസിൽ എത്തിയതോടെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ വലിയ കൊഴിഞ്ഞു പോക്ക് തന്നെ പാർട്ടിയിൽ സംഭവിച്ചു. അതെ സമയം കനയ്യകുമാർ സിപിഐ യുടെ മുഖമായി മാറിയതിനു ശേഷം പല ഭാഗത്ത് നിന്നും സിപിഐയിലേക്ക് കൂടുതൽ ആളുകളെത്തി. അതുകൊണ്ട് തന്നെ കനയ്യ രാഹുൽ ഗാന്ധിയെക്കണ്ടാൽ രാഹുൽഗാന്ധി സിപിഐയിൽ എത്താൻ അല്ലെ സാധ്യത എന്ന് ചോദിച്ചുകൊണ്ട് കളിയാക്കുകയാണ് സിപിഐ സൈബർ കമ്മ്യൂൺ സഖാക്കൾ. മുങ്ങുന്ന കൊതുമ്പു വള്ളത്തിലേക്ക് ആരെങ്കിലും പോകുമോ എന്നും ട്രോളുകയാണ് അവർ.

താൻ കോൺ​ഗ്രസിലേക്ക് ഇല്ലെന്ന് കനയ്യകുമാർ വീണ്ടും വീണ്ടും ആവർത്തിച്ചിട്ടും ദേശീയ മാധ്യമങ്ങൾ പോലും ഇത്തരം വാർത്തകളാണ് റിപ്പോർട്ട് ചെയ്തത്. കനയ്യ കുമാറിന്റെ കോൺ​ഗ്രസ് പ്രവേശനത്തിനായി രാഷ്ട്രതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ മാത്രമാണ് വാസ്തവം എന്നതാണ് ഏറെ രസകരം. കനയ്യ കുമാർ സിപിഐ ദേശീയ കൗൺസിൽ യോ​ഗത്തിൽ പങ്കെടുക്കുന്ന സമയത്ത് പോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അദ്ദേഹം കോൺ​ഗ്രസിലേക്ക് പോകുന്നു എന്നാണ്.

കനയ്യകുമാർ കോൺ​ഗ്രസിലേക്കെന്നുള്ള വാർത്തകൾ വ്യാജമെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എംപി പ്രതികരിച്ചു. കഴിഞ്ഞ ദിവസം അജോയ് ഭവനിൽ നിന്നും കനയ്യ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അം​ഗമായ കനയ്യകുമാർ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ ഓഫീസായ അജോയ് ഭവനിൽ കഴിഞ്ഞ ദിവസം കനയ്യ കുമാർ എത്തിയെന്ന് എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി തിരുമല രാമനും വ്യക്തമാക്കി.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചാരണങ്ങൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാധ്യമങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഇതിനുമുമ്പും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത് എന്നും ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് എന്നുമാണ് കാനം രാജേന്ദ്രൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കനയ്യ കുമാറിനെ കോൺ​ഗ്രസിൽ എത്തിക്കാൻ ചരടുവലിക്കുന്നത് രാഷ്ട്രതന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെ അധികാരത്തിലേറ്റാനാണ് പ്രശാന്ത് കിഷോർ ശ്രമിക്കുന്നത്. ഇതിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനർജിയുമായും എൻസിപി നേതാവ് ശരത് പവാറുമായും കോൺ​ഗ്രസ് നേതാക്കളായ സോണിയാ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവരുമായും അദ്ദേഹം ചർച്ചകളും നടത്തിയിരുന്നു.

കനയ്യകുമാറിനെ ഒപ്പം കൂട്ടാനായാൽ കോൺ​ഗ്രസിന് രാജ്യമൊട്ടാകെ സ്വീകാര്യനായ ഒരു നേതാവായി മാറ്റിയെടുക്കാം എന്ന് പ്രശാന്ത് കിഷോറും തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ പത്താണ്ടിനിടയിൽ രാജ്യമൊട്ടാകെ സംഘപരിവാറിനെതിരായ പോരാട്ടത്തിൽ ഇത്രയധികം ജനകീയത നേടിയ മറ്റൊരു നേതാവില്ല. ബീഹാറിലെ സിപിഐ നേതാക്കളുമായി കനയ്യ കുമാറിനും എഐഎസ്എഫ് നേതാക്കൾക്കുമുള്ള ചില അഭിപ്രായ ഭിന്നതകളെ പർവ്വതീകരിച്ച് കനയ്യയെ അടർത്തിയെടുക്കാനാകുമോ എന്നതായിരുന്നു പ്രശാന്ത കിഷോറിന്റെ ശ്രമം. അതിനായി അദ്ദേഹം ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close