INDIANEWS

ജാ​ഗ്രത വേണം; രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൽ പെരുകുന്നു; രണ്ടു വര്‍ഷത്തിനിടെ വർദ്ധിച്ചത് രണ്ടിരട്ടി

ന്യൂഡല്‍ഹി: രാജത്ത് സൈബർ കുറ്റങ്ങൾ പെരുകുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ നിലവിൽവരികയും
എല്ലാം ഓൺലൈനാകുകയും ചെയ്തതോടെ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നു. പഠനത്തിന്റെ പേരിലും മറ്റും മൊബൈൽ ഫോണും കമ്പ്യൂട്ടറും ആളുകൾ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബർ കുറ്റവാളികൾ ഇവരെ ചതിക്കുഴിയിലാൻ വലകൾ വിരിക്കുന്നത്.

രണ്ടു വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഇരട്ടിയോളം വര്‍ധിച്ചിരിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ 50,035 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ 27,248 കേസും 2019ല്‍ 44,735ഉം കേസുമായിരുന്നു. സൈബര്‍ കുറ്റകൃത്യനിരക്ക് 3.7 ആയി. 2019ല്‍ 3.3 ആയിരുന്നു. 18,420 പേരെ അറസ്റ്റുചെയ്തതില്‍ 18,420ഉം പുരുഷന്മാരാണ്. കോടതി ശിക്ഷിച്ച 1369 പേരും പുരുഷന്മാരാണ്. കുറ്റം ചുമത്തപ്പെട്ട 600 പേരില്‍ 13 പേര്‍ മാത്രമാണ് സ്ത്രീകള്‍. കര്‍ണാടകയില്‍ കുറ്റകൃത്യനിരക്ക് 16.2 ശതമാനമാണ്. കേരളത്തില്‍ 1.2 ശതമാനം മാത്രം. തെലങ്കാന– 13.4, അസം– 10.1, യുപി–4.8, മഹാരാഷ്ട്ര, മേഘാലയ–4.4, ഒഡിഷ–4.2 എന്നീ സംസ്ഥാനങ്ങളിലെ നിരക്ക് ദേശീയ ശരാശരിക്ക് മുകളിലാണ്. 19 മെട്രോപോളിറ്റന്‍ നഗരങ്ങളിലാണ് 18,657 കേസ്. നഗരങ്ങളിലെ കുറ്റകൃത്യനിരക്ക് 16.4 ആണ്. വന്‍നഗരങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇടമാക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. 2020ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 22.17 ശതമാനവും യുപിയിലാണ്–- 11,097 കേസ്. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതിന് 872 കേസെടുത്തു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ 60 ശതമാനവും തട്ടിപ്പുമായി ബന്ധപ്പെട്ടാണ്. ഇതില്‍ സാമ്പത്തികത്തട്ടിപ്പ്, ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകേസുകൾ, എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഒടിപി തട്ടിപ്പുകളും വ്യാപകമാണ്. ലൈംഗിക ചൂഷണക്കേസ് 6.6 ശതമാനമാണ്. സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

കേസ് കൂടുമ്പോള്‍ പല സംസ്ഥാനത്തും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. മുന്‍വര്‍ഷങ്ങളില്‍ അന്വേഷണം പുര്‍ത്തിയാക്കാത്ത 53,157 കേസുണ്ട്. ഈ വര്‍ഷത്തെയടക്കം 1,03,988 കേസ് അന്വേഷണത്തിലാണ്. കുറ്റപത്രം നല്‍കിയത് 47.5ശതമാനത്തില്‍ മാത്രം. തെളിവ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 13,384 കേസിന്റെ അന്വേഷണം നിലച്ചു. അതേസമയം, കേരളത്തില്‍ 70.6 ശതമാനം കേസിലും കുറ്റപത്രം നല്‍കി. രാജ്യത്ത് 36,236 കേസ് വിചാരണ കാത്ത് കോടതികളിലുണ്ട്. കേരളത്തിലത് 1026 മാത്രമാണ് ഉള്ളത്.

വിദ്യാർത്ഥികളാണ് കൂടുതലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്നത്. ഓൺലൈൻ പഠനത്തിലേർപ്പെട്ടിരിക്കുന്ന അഞ്ചാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികളിൽ 80 ശതമാനവും സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുള്ളവരാണ്. പഠനത്തിന്റെ പേരിൽ മൊബൈൽ ഫോണും കമ്പ്യൂട്ടറും കുട്ടികൾ കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബർ കുറ്റവാളികൾ ഇവരെ ചതിക്കുഴിയിലേക്ക് വീഴ്ത്തിയിടുന്നത്.


പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സൈബർ ചതിക്കുഴികളിൽ വീഴുന്നവരിൽ അധികവും. ഇത്തരം കേസുകളിൽ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാർഗങ്ങളുമെല്ലാം പൊലീസ് സാമൂഹമാദ്ധ്യമങ്ങളിലൂടെ പല തവണ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് കുട്ടികളുടെ ഓൺലൈൻ ഉപയോഗം രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്ന് പൊലീസ് വീണ്ടും നിർദ്ദേശിക്കുന്നത്.

രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കണം

  • കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളുടെ മുറിയിൽ വയ്ക്കാതിരിക്കുക.
  • പേര്, അഡ്രസ്, ഫോൺ നമ്പർ, ഫോട്ടോ, ഇ മെയിൽ അഡ്രസ് തുടങ്ങിയവ ഇന്റർനെറ്റിൽ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം.
  • ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക.
  • പഠനം കഴിഞ്ഞാൽ കുട്ടികളെ ഒരുപാടുസമയം ഇന്റർനെറ്റിൽ ചെലവഴിക്കാൻ അനുവദിക്കരുത്.
  • കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമുകൾ, സിനിമകൾ, വെബ്സൈറ്റുകൾ,​ അവർ ഇന്റർനെറ്റിൽ തെരയുന്നത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം.
  • പൊതുവായുള്ള ഇന്റർനെറ്റ് കണക്ഷൻ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.
  • മുതിർന്നവർ ഉപയോഗിക്കുന്ന നെറ്റ് ഷെയ‌ർ ചെയ്താൽ കുട്ടികൾ അനാവശ്യമായ സൈറ്റുകൾ സന്ദർശിക്കാൻ ഇടയാക്കും.കഴിവതും കുട്ടികൾക്ക് മാത്രമായി ഡിവൈസും ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കാൻ ശ്രദ്ധിക്കുക.
  • എല്ലാവർക്കും കാണാൻ കഴിയുന്ന സ്ഥലത്തിരുന്ന് മാത്രം ഇന്റർനെറ്റ് സർവീസ് ഉപയോഗിക്കാൻ അനുവദിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close