Breaking NewsNEWSTop NewsWORLD

ഷഹീൻ ചുഴലിക്കാറ്റിൽ മരണം ഒമ്പതായി; ഒമാനിലെ പല ഭാ​ഗങ്ങളും വെള്ളത്തിനടിയിൽ; ദൃശ്യങ്ങൾ കാണാം..

സപ്ന അനു ബി ജോർ‌ജ്ജ്

മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന ഒമാനിലും ഇറാനിലുമായി ഇതുവരെ മരണം ഒമ്പതായി. ഒമാനിൽ, ഒരു വ്യവസായ മേഖലയിലെ ഭവന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് ഏഷ്യൻ തൊഴിലാളികൾ മരിച്ചു. കൊടുങ്കാറ്റിൽ പെട്ടുപോയ ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു വ്യക്തിയെ കാണാനില്ലെന്ന് സംസ്ഥാന വാർത്താ ഏജൻസി അറിയിച്ചു. “ചുഴലിക്കാറ്റ് നിലവിൽ മൂസാന, സുവൈക്ക് വിലായത്തുകൾക്കിടയിലാണ്, അതിശക്തമായ മഴയും ശക്തമായ കാറ്റും അതിന്റെ ഭാ​ഗമായി ഉണ്ടാകും. കാറ്റിന്റെ വേഗത മണിക്കൂറിൽ 120-150 കിലോമീറ്റർ [75-93 മൈൽ] ആണ്, ”ഒമാനിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഷഹീൻ ചുഴലിക്കാറ്റ് മൂലം അനുഭവപ്പെടുന്ന മഴയും കാറ്റും മൂലം താമസ സ്ഥലത്തു വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ മസ്കറ്റ് ഗവര്ണറേറ്റിലെ അഭയകേന്ദ്രങ്ങങ്ങളിലേക്കു മാറ്റി പാർപ്പിച്ചതായി പറയുന്നു. മുസന്നയിൽ അതിശക്തമായ കാറ്റും, മഴയും ആണ് അനുഭവപ്പെടുന്നത്. സർക്കാർ സംവിധാനം ശക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഷഹീൻ ചുഴലിക്കാറ്റ് ഒമാനിൽ തീരം തൊട്ടത് മൂലം തലസ്ഥാനമായ മസ്കറ്റിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. തീരപ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ തലസ്ഥാനത്തിന് കിഴക്കുള്ള അൽ-ഖുറാമിൽ വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് ദേശീയ അടിയന്തര സമിതി അറിയിച്ചു. 2,700 -ലധികം ആളുകളെ അടിയന്തര അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചു.

കൊടുങ്കാറ്റ് നിലയ്ക്കുന്നത് വരെ തലസ്ഥാനത്തെ റോഡുകൾ അടിയന്തര യാത്രകൾക്ക് മാത്രം തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ, മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴ പ്രതീക്ഷിക്കുന്ന ബീച്ചുകൾക്കും താഴ്വരകൾക്കും സമീപം സുരക്ഷാ പട്രോളിംഗ് നടത്തി സുരക്ഷ ഉറപ്പാക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള ശക്തമായ കാറ്റ് പ്രതീക്ഷിച്ച് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് അധികൃതർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close