
ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹെബ് ഫാല്കെ അവാർഡ്. തന്റെ ‘പഴയ കൂട്ടുകാരൻ ഡ്രൈവറിന്’ പുരസ്കാരം സമർപ്പിച്ചിരിക്കുകയാണ് രജനീകാന്ത്. ബസ് കണ്ടക്ടറായി ജോലി നോക്കുന്ന സമയത്ത് സഹപ്രവർത്തകനും ട്രാൻസ്പോർട്ട് ബസ് ഡ്രൈവറുമായിരുന്ന രാജ് ബഹദൂറിനാണ് രജനികാന്ത് അവാർഡ് സമർപ്പിച്ചത്.
ഫാൽകെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം രജനി നടത്തിയ പ്രസംഗം ഇങ്ങനെ:
ഈ അവാർഡ് എന്റെ ഗുരുനാഥനായ കെ. ബാലചന്ദർ സാറിന് സമർപ്പിക്കുന്നു. ഈ നിമിഷം ഞാൻ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു, അതോടൊപ്പം തന്നെ എന്നെ മഹത്തായ മൂല്യങ്ങൾ പഠിപ്പിച്ച് വളർത്തിയ പിതാവിനു തുല്യനായ എന്റെ ജ്യേഷ്ഠസഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാദിനും കർണാടകയിലെ എന്റെ സുഹൃത്തും ട്രാൻസ്പോർട്ട് ബസ് ഡ്രൈവറും സഹപ്രവർത്തകനുമായ രാജ് ബഹദൂറിനും ഈ അവാർഡ് സമർപ്പിക്കുന്നു. ഞാൻ ഒരു ബസ് കണ്ടക്ടറായിരുന്നപ്പോൾ എന്നിലെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞ് എന്നെ സിനിമയിലേക്ക് കാലെടുത്തു വയ്ക്കാൻ പ്രോത്സാഹിപ്പിച്ചത് രാജ് ബഹദൂറാണ്.
‘എന്റെ സിനിമകൾ നിർമിച്ച എല്ലാ നിർമ്മാതാക്കൾക്കും സംവിധായകർക്കും എന്നോടൊപ്പം പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർക്കും എന്നോടൊപ്പം അഭിനയിച്ച നടീനടന്മാർക്കും, വിതരണക്കാരും, മാധ്യമപ്രവർത്തകർക്കും എന്റെ എല്ലാ ആരാധകർക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കുകയാണ്. എന്നെ വളർത്തിയ എന്റെ ദൈവങ്ങളായ തമിഴ് മക്കൾക്ക് നന്ദി, അവരില്ലാതെ ഞാൻ ആരുമല്ല. എല്ലാ തമിഴ് മക്കൾക്കും ഈ അവാർഡ് സമർപ്പിക്കുന്നു, ജയ് ഹിന്ദ്.’