
ന്യൂഡല്‍ഹി: ദളിത് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ബുലന്ദ്ശെഹറില്ആണ് സംഭവം.
പെണ്‍കുട്ടിയുടെ തലയ്ക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കുട്ടി പീഡനത്തിന് ഇരയായിട്ടുമില്ലെന്ന് പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.
ജാതിആക്രമണമാണോ ഇതെന്നും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെക്കുറിച്ച് നാട്ടുകാരാണ് വിവരം നല്‍കിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ രക്ഷപ്പെടാനും ശ്രമിച്ചു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം ട്യൂഷന് ക്ലാസിനായാണ് പെണ്‍കുട്ടി പോയത്. വഴിയില്‍ വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതാകാമെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ആറ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ കൊലപാതക വാര്‍ത്ത പരന്നതോടെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ സ്ഥലത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചു. എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.