Breaking NewsKERALANEWSTop News

ഡാമുകൾ എല്ലാം തുറക്കുന്നത് വീണ്ടും വേലിയേറ്റ സമയത്ത് തന്നെ; പൊതുവെ വെള്ളം പൊങ്ങുന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ; നദികളുടെയും കായലുകളുടെയും തീരത്തുള്ളവർ അതീവ ജാ​ഗ്രത പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ദുരന്തം

കോട്ടയം: വേലിയേറ്റ സമയത്ത് ഡാമുകൾ തുറക്കുന്നതോടെ തീരദേശവും ആറുകളുടെ തീരപ്രദേശവും കൂടുതൽ ദുരിതത്തിലാകും. കായലിനും നദികൾക്കും സമീപം വേലിയേറ്റ സമയത്ത് സാധാരണ ​ഗതിയിൽ 40 സെന്റീമീറ്റർ ജലനിരപ്പ് ഉയരും എന്നാണ് കണക്കെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ കെ വി തോമസ് പറഞ്ഞു. അതിനൊപ്പം മഴവെള്ളവും ഡാമുകളിൽ നിന്നും തുറന്നുവിടുന്ന വെള്ളവും കൂടിയാകുമ്പോൾ ജനജീവിതം കൂടുതൽ ദുസഹമാകും. വേലിയേറ്റ സമയത്ത് ഡാം തുറക്കരുതെന്നാണ് പണ്ടേയുള്ള നിലപാട്. എന്നാൽ, കഴിഞ്ഞ പ്രളയ സമയത്തും വേലിയേറ്റ സമയത്താണ് ഡാമുകൾ തുറന്നിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു.

തൃശൂർ ഷോളയാർ അണക്കെട്ടിലെ മൂന്നാം സ്പിൽവേയുടെ ഗേറ്റ് ആണ് തുറന്നത്. 24 .47 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഡാം തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീർത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. നാല് മണിക്ക് മുൻപായി ചാലക്കുടിയിൽ വെള്ളം എത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചിരുന്നു.

അതേസമയം ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ്​ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ്​ രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലർട്ടും റെഡ്​ അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

കാലവർഷം ശക്​തി പ്രാപിച്ചതിനാലും വൃഷ്​ടി പ്രദേശത്ത്​ തുടർച്ചയായി മഴ ലഭിക്കുന്നതിനാലുമാണ്​ അണക്കെട്ടിൽ ജലനിരപ്പ്​ ഉയരുന്നത്​. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്​. ജലനിരപ്പ് 133 അടി പിന്നിട്ടു. എറണാകുളം ഇടമലയാർ അണക്കെട്ടിൽ ബ്ലുഅലർട്ട്​ പ്രഖ്യാപിച്ചു.പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിൽ ജലനിരപ്പ് 983.50 മീറ്റർ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിൻറെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയിൽ മഴക്ക്​ ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്​ ജില്ല ഭരണകൂടം നിർദ്ദേശം നൽകി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. കൊല്ലം തെൻമല ഡാമിൻറെ ഷട്ടറുകളും രാവിലെ തുറന്നിരുന്നു.

കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിൽ വേലിയേറ്റ സമയത്ത് വീടുകളിൽ പോലും വെള്ളം കയറുന്നത് സാധാരണയാണ്. അതിനൊപ്പം കല്ലട ഡാം തുറക്കുക കൂടി ചെയ്യുമ്പോൾ ഇവിടെ വലിയതോതിൽ വെള്ളക്കെട്ട് ഉണ്ടാകാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ പറയുന്നു. കല്ലടയാറും തോടുകളും കരകവിഞ്ഞതോടെ മൺറോത്തുരുത്തിൽ നിരവധി വീടുകളിൽ വെള്ളംകയറി. കാരൂത്രക്കടവ്, കിടപ്രം, നെന്മേനി തെക്ക്, പൂപ്പാണി, കൺട്രാംകാണി, പെരുങ്ങാലം വടക്ക്, പട്ടംതുരുത്ത് പടിഞ്ഞാറ് ഭാഗങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വേലിയേറ്റത്തിൽ ബലക്ഷയം വന്ന ഇരുനൂറോളം വീടുകൾ, മഴ നീണ്ടുനിന്നാൽ തകർന്നുവീഴുമെന്ന അവസ്ഥയിലാണ്. ഗ്രാമപ്പഞ്ചായത്ത് അഞ്ച് ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നെങ്കിലും ക്യാമ്പുകളിലേക്ക് മാറാൻ കുടുംബങ്ങൾ വിമുഖത കാട്ടുന്നു. കൊറോണ വ്യാപനം ഭയന്നാണ് പ്രളയഭീതിയിലും നാട്ടുകാർ ക്യാമ്പുകളിലേക്ക് മാറാൻ മടിക്കുന്നത്. പ്രളയം മൺറോത്തുരുത്തിലെ വിളകൾക്കും മത്സ്യക്കൃഷിക്കും വ്യാപകനാശമുണ്ടാക്കി. ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നിട്ടുണ്ട്.

കനത്ത മഴയും കായലിലെ വേലിയേറ്റവും മൂലം പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ കഴിഞ്ഞ ദിവസം തന്നെ വെള്ളക്കെട്ടിലായിരുന്നു. കായലിലെ വെള്ളം ഉയർന്നു നിന്നതു മൂലം മഴ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായി. ഇതാണ് വെള്ളക്കെട്ടിന് കാരണമായത്. കൂടാതെ, വിവിധ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതും ഇടതോടുകൾ കര കവിഞ്ഞതും വെള്ളക്കെട്ടിന് കാരണമാക്കി. ചെല്ലാനം പഞ്ചായത്തിലെ പൊഴിച്ചിറ, പുത്തൻകരി, വെണ്ണത്തറ കോളനികൾ വെള്ളത്തിൽ മുങ്ങി.

മുതുകുപുറം, വാടച്ചിറ, കണ്ടക്കടവ്, വാൽമുതുക്, മറുവാക്കാട് എന്നിവിടങ്ങളിലും കുമ്പളങ്ങി കിഴക്കൻ പ്രദേശങ്ങൾ, ആഞ്ഞിലിത്തറ, തെക്കൻ മേഖലയിലെ താഴ്ന്ന പ്രദേശം എന്നിവിടങ്ങളിലും വെള്ളം നിറഞ്ഞു. ഇടക്കൊച്ചി ജ്ഞാനോദയം ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗം, ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം, കൃഷ്ണപിള്ള റോഡ്, ഇത്തിത്തറ കോളനി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇടക്കൊച്ചി ബസ് സ്റ്റാൻഡിനു സമീപം മരം കടപുഴകി വീണു. കനത്ത മഴയെ തുടർന്നു ഇടവഴികളെല്ലാം വെള്ളത്തിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close