
മൂവാറ്റുപുഴ: അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മകളുടെ ക്രൂരത. അമ്മയ്ക്ക് വീട് മകളിൽ നിന്നും തിരികെ വാങ്ങിനൽകി മെയ്ന്റനൻസ് ട്രൈബ്യൂണൽ സംരക്ഷണം ഉറപ്പാക്കി . മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രൈബ്യൂണലിനു ലഭിച്ച പരാതിയിലാണ് നടപടി എടുത്തത്. പട്ടിമറ്റം സ്വദേശിനിക്കാണ് ട്രൈബ്യൂണലിന്റെ ഇടപെടലിൽ സ്വന്തം ഭവനം തിരികെ ലഭിച്ചത്.
സ്വന്തമായി മറ്റൊരു വീടുള്ള മകൾ അമ്മയുടെ വീട്ടിലായിരുന്നു താമസം. അമ്മയെ സ്ഥിരമായി മകൾ ഉപദ്രവിച്ചിരുന്നു എന്നാണു പരാതി. വിശദമായ വാദം കേട്ട ട്രിബ്യൂണൽ ഇന്നലെ വൈകിട്ട് 5നു മുൻപ് അമ്മയുടെ വീട്ടിൽ നിന്നു മകളോട് മാറാൻ നിർദേശിച്ചു. തുടർന്ന് കുന്നത്തുനാട് പൊലീസ് അമ്മയ്ക്ക് സ്വന്തം വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കി. സ്വന്തം പേരിൽ വീടും വസ്തുവും ഉള്ള 89 വയസ്സുള്ള അമ്മയ്ക്ക് വിദേശത്തു ജോലിയുള്ള മക്കൾ സംരക്ഷണം നൽകുന്നില്ലെന്ന പരാതിയും ട്രിബ്യൂണൽ പരിഗണിച്ചു.
വീടും വസ്തുവും പരാതിക്കാരിക്കു അക്കൗണ്ടുള്ള ബാങ്കിനെ ഏൽപിച്ച് റിവേഴ്സ് മോർട്ഗേജ് വഴി ജീവിത ചെലവിനുള്ള തുക ലഭ്യമാക്കണം എന്നായിരുന്നു വിധി. സാമൂഹിക നീതി വകുപ്പിന്റെയും മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെയും നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ താലൂക്കിലെ 50 പരാതികൾ പരിഗണിച്ചതിൽ 34 എണ്ണം പരിഹരിച്ചു. മൂവാറ്റുപുഴ ആർഡിഒ പി.എൻ.അനി, സെക്ഷൻ ക്ലാർക്ക് കെ.ആർ. ബിബിഷ്, ടെക്നിക്കൽ അസിസ്റ്റന്റ് എസ്.അനു എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്