KERALANEWS

വിശന്നിട്ട് ചോറ് എടുത്ത് കഴിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്തിറക്കി നിർത്തി; ആരും കാണാതെ ഉപദ്രവിക്കണമെന്ന് അമ്മായിയമ്മയുടെ നിർദ്ദേശം… അച്ഛന് കിട്ടിയത് എനിക്ക് കിട്ടേണ്ട തല്ല്’ ഭർതൃ വീട്ടിലെ പീഡനം തുറന്നുപറഞ്ഞ് യുവതി

സ്ത്രീധനം ആവശ്യപ്പെട്ടു ഭാര്യയെ ക്രൂരമായി മർദിക്കുകയും ഭാര്യ പിതാവിന്‍റെ കാൽ ഒടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ തനിക്ക് നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങൾ തുറന്നുപറഞ്ഞ് യുവതി രംഗത്ത്. സ്ത്രീധനത്തെ ചൊല്ലി വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം പീഡനം തുടങ്ങിയതായി യുവതി പറഞ്ഞു. അൻപത് പവൻ സ്വർണമായിരുന്നു പിതാവ് നൽകിയത്. ബാക്കി പിന്നീട് നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം സ്വർണം നൽകാൻ ഭർത്താവ് ജിക്‌സണും ഭർതൃമാതാവും ആവശ്യപ്പെട്ടു. നൽകില്ലെന്ന് ഉറച്ചു പറഞ്ഞു. ഇത് പറഞ്ഞായിരുന്നു പീഡനമെന്ന് യുവതി വ്യക്തമാക്കുന്നു.

ഏപ്രിൽ പന്ത്രണ്ടിനായിരുന്നു വിവാഹം നടന്നത്. തുടർന്ന് സ്വർണം ആവശ്യപ്പെട്ടു. തന്നെയും കുടുംബാംഗങ്ങളേയും ചീത്തപറഞ്ഞു. അതിന് ശേഷമായിരുന്നു ശാരീരികമായ പീഡനം. ആരും കാണാതെ ഉപദ്രവിക്കണമെന്നാണ് ജിക്‌സണിന്റെ അമ്മ പറഞ്ഞത്. വാ പൊത്തി പിടിച്ച് അടി വയറ്റിൽ ഇടിച്ചു. ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത അവസ്ഥ. ഭർതൃവീട്ടുകാർ മര്യാദയ്ക്ക് ഭക്ഷണമൊന്നും നൽകിയിരുന്നില്ല. ഒരു ദിവസം രാത്രി വിശന്നിട്ട് ചോറ് എടുത്ത് കഴിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്തിറക്കി നിർത്തി. വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

തേവര പള്ളി വികാരി നിബിൻ കുര്യാകോസാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. തന്റെ രണ്ടാം വിവാഹമായിരുന്നു. ഇക്കാര്യം പറഞ്ഞും ജിക്‌സണിന്റെ പിതാവ് മാനസികമായി തളർത്തി. തന്റെ രണ്ടാം വിവാഹമാണെന്നും സഹിക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് അയാൾ പറഞ്ഞത്. പൊലീസിൽ പരാതിപ്പെട്ടാൽ തന്നെ സംശയിക്കുമെന്ന് പറഞ്ഞു. ജിക്‌സണും ഇതേ കാര്യം പറഞ്ഞ് മാനസികമായി തളർത്തി. അമ്മയുടെ സഹോദരനായ എസ്‌ഐയുടെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുമെന്നും പറഞ്ഞതായി യുവതി കൂട്ടിച്ചേർത്തു.

സ്വർണത്തിന് പുറമേ തന്റെ പേരിലുള്ള ഷെയറും എഴുതി വാങ്ങാൻ ഭർതൃവീട്ടുകാർ ശ്രമിച്ചെന്നും യുവതി പറഞ്ഞു. സമാധാനത്തോടെ ജീവിക്കണമെങ്കിൽ സ്വർണം നൽകണമെന്നാണ് പറഞ്ഞത്. എടിഎം കാർഡ് അടക്കം ഭർത്താവിന്റെ കൈവശമായിരുന്നു. എടിഎമ്മിൽ നിന്ന് ഒരു പത്ത് രൂപ പോലും എടുക്കാൻ പറ്റാത്ത അവസ്ഥ. തന്റെ വിഷയത്തിൽ ഇടപെട്ടതോടെയാണ് പിതാവിനെ ക്രൂരമായി മർദിച്ചത്. പിതാവിന്റെ കാല് തല്ലിയൊടിച്ചു. അദ്ദേഹത്തിന് എഴുപത് വയസുണ്ട് തനിക്ക് കിട്ടേണ്ട തല്ലാണ് അദ്ദേഹത്തിന് കിട്ടിയത്. സ്വർണം എടുത്തുമാറ്റിയതും പരാതി നൽകിയതുമാണ് പ്രകോപനത്തിന് കാരണമെന്നും യുവതി പറഞ്ഞു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് ജിപ്സണും അയാളുടെ മാതാപിതാക്കള്‍ക്കും വേണ്ടത് പണം മാത്രമായിരുന്നുവെന്ന് യുവതി പറയുന്നു. മരുമകന്‍റെയും കുടുംബത്തിന്‍റെയും ആക്രമണത്തില്‍ കാലൊടിഞ്ഞ്, വാരിയെല്ല് തകര്‍ന്നു ദിവങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. തന്‍റെ മകളുടെ കഷ്ടപ്പാടുകള്‍ കണ്ട് നോവുന്ന മനസ്സുമായാണ് പിതാവ് ഇതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് എത്തിയത്. അതിനു മുന്‍പേ തന്നെ അമ്മയ്ക്കൊപ്പം മകള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. ബലമായി പിടിച്ചെടുക്കാന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങളും എടുത്തിരുന്നു. ഇതില്‍ അരിശം പൂണ്ട നിന്നിരുന്ന ജിപ്സന്റെയും അയാളുടെ കുടുംബത്തിന്‍്റെയും മുന്നിലേക്കാണ് പിതാവ് എത്തിയത്. ക്രൂരമായ മര്‍ദ്ദനം ആയിരുന്നു ഇയാളുടെ നേര്‍ക്ക് അവര്‍ അഴിച്ചുവിട്ടത്. വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ രീതിയില്‍ പോലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ആദ്യ പരാതി കാര്യമാക്കാതിരുന്നത് പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. അന്വേഷണം നടത്തി വകുപ്പുകള്‍ തീരുമാനിക്കാനായിരുന്നു നീക്കം. എന്നാല്‍ ആരുടെയോ സ്വാധീനത്താല്‍ വലിയ അന്വേഷണം നടത്താതെ നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്നും ആരോപണമുണ്ട്. ഒടുവില്‍ പരാതിയില്‍ കമ്മീഷണര്‍ നേരിട്ട് ഇടപെടുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close