KERALANEWSTop News

പോടാ പോത്തൻകോടുകാരാ.. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട; കെപിസിസി പ്രസിഡന്റ് കസേര കിട്ടാതെ വന്നതോടെ കൊടിക്കുന്നിൽ സുരേഷിന് കഷ്ടകാലം; കോൺ​ഗ്രസിനുള്ളിൽ ഒറ്റപ്പെട്ട് മാവേലിക്കര എംപി

കൊല്ലം: കെ പി സിസി പ്രസിഡന്റ് പദം മോഹിച്ച് നടന്ന കൊടിക്കുന്നിൽ സുരേഷിന് സ്വന്തം തട്ടകമായ കൊല്ലത്ത് നിന്ന് തന്നെ എതിർപ്പ് ശക്തമാകുന്നു. കെപിസിസി പ്രസിഡന്റ് പദം നഷ്ടമായതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ പാർട്ടിക്കാർ തന്നെ പരസ്യമായി എതിർത്ത് രം​ഗത്തെത്തിയത്. കോൺ​ഗ്രസ് ദേശീയ നേതൃത്വവുമായി ഉണ്ടായിരുന്ന അടുപ്പമാണ് ഇതുവരെ കൊടിക്കുന്നിലിന് തുണയായിരുന്നതെങ്കിൽ, പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങൾ മാറിയതാണ് കൊടിക്കുന്നിലിന് വിനയാകുന്നത്. കെപിസിസി പ്രസിഡന്റാകാൻ കഴിയാതെ വന്നതോടെ പാർട്ടിക്കെതിരെ പരസ്യമായി രം​ഗത്തെത്തിയതും കൊടിക്കുന്നിലിന് കോൺ​ഗ്രസിൽ തന്നെ ശത്രുക്കളുടെ എണ്ണം കൂട്ടി.

പുതിയ ഡിസിസി പ്രസിഡൻ്റായി കെപിസിസി സെക്രട്ടറി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ചതിൽ പ്രതിഷേധിച്ചാണ്‌ കൊടിക്കുന്നിലിനെതിരെ കൊല്ലം ജില്ലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിന്റെ പേരിൽ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന്‌ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ എന്ത്‌കാര്യം?. പോടാ പോത്തൻകോടുകാരാ.. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട – എന്നിങ്ങനെയാണ്‌ പോസ്‌റ്ററുകൾ. രാജേന്ദ്രപ്രസാദിനെതിരെയും രൂക്ഷ വിമർശം ഉയരുന്നുണ്ട്. ‘ഡിസിസി പ്രസിഡന്റ് സ്ഥാനം ചലനാത്മകമായ കരങ്ങളിൽ ഏൽപ്പിക്കുക. രാജേന്ദ്രപ്രസാദ് കിഴവൻ അനാരോഗ്യൻ’. “78 വയസ്സ് രാജേന്ദ്ര പ്രസാദ് എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വ്യക്തിക്ക് എന്തിനാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം?’ തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിൽ ഉണ്ട്.

കോൺഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഇന്നലെ അതൃപ്‌തി അറിയിച്ചിരുന്നു. പട്ടികയിലെ പേരുകളോടല്ല തനിക് അതൃപ്തിയെന്നും ഒത്തൊരുമയോട് കൂടി ചർച്ച ചെയ്തിരുന്നെങ്കിൽ കൂടുതൽ മികച്ച പട്ടിക ഉണ്ടാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നൽകിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. ഡിസിസി പ്രസിഡന്റുമാരെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം പിൻതള്ളിയത് താൻ ദളിതനായതുകൊണ്ടാണന്ന് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പരസ്യമായി പ്രതികരിച്ചിരുന്നു. കോൺഗ്രസിൽ കടുത്ത ജാതിവിവേചനമുണ്ടെന്നും അധ്യക്ഷനാകാൻ താൽപ്പര്യം അറിയിച്ചതിന്റെ പേരിൽ ചില നേതാക്കളുടെ സൈബർ ഗുണ്ടകളിൽ നിന്ന് അതിരൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നുവെന്നും കൊടിക്കുന്നിൽ വെളിപ്പെടുത്തിയിരുന്നു. പ്രായം കുറവായതിനാൽ ഇനിയും അവസരമുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. യഥാർഥത്തിൽ താൻ ദളിതനായതാണ് കാരണം. കടുത്ത ജാതീ ആക്രമണമുണ്ടായി. മ്ലേച്ഛമായ രീതിയിൽ കുടുംബത്തെയും ആക്രമിച്ചു. സംവരണം ഇല്ലായിരുന്നെങ്കിൽ ദളിതരുടെ അവസ്ഥ എന്താകുമായിരുന്നു. പക്ഷേ, കെപിസിസി അധ്യക്ഷസ്ഥാനത്തിന് സംവരണമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന് സൈബർ ഇടത്തിൽ ഒരു ടീമുണ്ട്. തനിക്ക് അങ്ങനെയില്ല. ഒരു ഏജൻസിയെ സമീപിച്ചപ്പോൾ വലിയ ചെലവുള്ള കാര്യമാണന്ന് മനസിലായി, അതിനാൽ സൈബർ പ്രചാരണത്തിന് ശ്രമിക്കാറില്ല. സുധാകരനെപ്പോലെ ഒരാൾ വരണമെന്ന അജൻഡ സെറ്റ് ചെയ്തു മറ്റു നേതാക്കളൾക്ക് എതിരായി പ്രചാരണം നടത്തുന്ന സൈബർ ടീമിന്റെ പ്രവർത്തനം ഹൈക്കമാൻഡിനെ സ്വാധീനിച്ചിട്ടുണ്ടന്നും കൊടിക്കുന്നിൽ ആരോപിച്ചു. താനോ മറ്റ് കോൺഗ്രസ് നേതാക്കളോ സ്വീകരിക്കുന്ന ശൈലിയല്ല സുധാകരന്റേത്. ഞങ്ങൾ കെഎസ് യൂവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നവരാണ്. സുധാകരന് മറ്റൊരു ശൈലിയാണ്. എതിരാളിയെ ചാട്ടുളികൊണ്ട് നേരിടുന്ന ശൈലിയെന്നും കൊടിക്കുന്നിൽ സുരേഷ് അന്ന് വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close