INDIANEWSSPORTS

ഡൽഹി വായുമലിനീകരണം രൂക്ഷമായി തുടരുന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തന്നെ തുടരുന്നു. അടുത്ത മൂന്ന് ദിവസവും ഇതേ അവസ്ഥ തുടരുമെന്നും വായുവിന്റെ ഗുണ നിലവാരത്തിൽ മാറ്റം ഉണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ ഡൽഹിയിൽ നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങളൊക്കെ നടക്കുന്നത് ഡൽഹിയിലാണ്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും പാലം സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. 66 താരങ്ങളാണ് പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ കളത്തിലൊറങ്ങുക. ഇവരൊക്കെ കളിക്കേണ്ടത് ഈ സാഹചര്യത്തിലാണെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്. നാളെ മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. നാളെ നടക്കുന്ന പ്രീക്വാർട്ടറിൽ കേരളം ഹിമാചൽ പ്രദേശിനെ നേരിടും. പാലം സ്റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 12 മണിക്ക് മത്സരം ആരംഭിക്കും.

നവംബർ 18നാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. നവംബർ 20, 22 തീയതികളിൽ സെമിഫൈനലുകളും ഫൈനലും നടക്കും.

അവസാന ഗ്രൂപ്പ് മത്സരത്തിൽ മധ്യപ്രദേശിനെ 8 വിക്കറ്റിന് തകർത്താണ് കേരളം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. മധ്യപ്രദേശ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം വെറും 18 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. കേരളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും ഫിഫ്റ്റിയടിച്ചു. 33 പന്തിൽ 56 റൺസടിച്ച സഞ്ജു ടോപ്പ് സ്കോററായപ്പോൾ സച്ചിൻ 27 പന്തിൽ 51 റൺസ് നേടി. ഇരുവരും നോട്ടൗട്ടാണ്.

ഐപിഎലിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ ശ്രദ്ധ നേടിയ അവേഷ് ഖാനും വെങ്കിടേഷ് അയ്യരും ഉൾപ്പെടുന്ന ആക്രമണ നിരയെ നിസ്സാരമായാണ് സഖ്യം നേരിട്ടത്. സഞ്ജു 27 പന്തിലും സച്ചിൻ 26 പന്തിലും ഫിഫ്റ്റി നേടി. 4 ബൗണ്ടറികളും 3 സിക്സറും വീതമായിരുന്നു ഇരുവരുടെയും ഇന്നിംഗ്സ്.

എലീറ്റ് ഗ്രൂപ്പ് ഡിയിൽ കേരളത്തിനും മധ്യപ്രദേശിനും 12 പോയിൻ്റ് വീതമുണ്ടെങ്കിലും ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയിച്ചതിനാൽ കേരളം പ്രീക്വാർട്ടർ യോഗ്യത നേടുകയായിരുന്നു. 16 പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ ഒന്നാമതാണ്.

അതേസമയം ഡൽഹിയിലെ വായു മലിനീകരണം കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. വായു മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രിം കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. നാളത്തെ യോഗത്തിൽ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കണം. വൈക്കോൽ കത്തിക്കുന്നത് താല്‍ക്കാലികമായി നിർത്തണമെന്നും സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം നൽകി.

നഗരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണം. ഇത്തരത്തിൽ മലിനീകരണത്തിന് ഇതുവരെ ഒരു തീരുമാനവും ഉണ്ടാവാത്തത് നിരാശജനകമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രൂക്ഷ വിമർശനമാണ് ഡൽഹി സർക്കാരിനെതിരെ സുപ്രീം കോടതി ഉന്നയിച്ചത്. ഡൽഹി സർക്കാർ പിരിക്കുന്ന നികുതി പണത്തിൽ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വായു മലിനീകരണം തടയാൻ ലോക് ഡൗണിന് തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരും സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകി. ഡൽഹിയിൽ പാർക്കിംഗ് ചാർജ് ഇരട്ടിയാക്കാമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചു. ഇതിലൂടെ അനാവാശ്യ യാത്രകൾ ഒഴിവാക്കാനാകുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close